കൊച്ചി ∙ കേരളതീരത്തു ബോട്ടിൽനിന്നു കടലിൽ വീണു 36 മണിക്കൂറോളം ഒഴുകിനടന്ന മത്സ്യത്തൊഴിലാളിയെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള ‘സിയോൺ’ എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനായ അസം സ്വദേശി രഞ്ജുമോനി സോനോവാളാണു (40) കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ അത്ഭുതകരമായി ജീവൻ തിരിച്ചുപിടിച്ചത്.
തിങ്കളാഴ്ച രാത്രി മീൻപിടിത്തം കഴിഞ്ഞു മടങ്ങുന്നതിനിടെയാണു രഞ്ജുമോനിയെ ബോട്ടിൽനിന്നു കാണാതായത്.
തിരയിളക്കത്തിൽ ബോട്ടിൽനിന്നു കടലിലേക്കു തെറിച്ചു വീണതാണെന്നാണു വിവരം. രഞ്ജു ബോട്ടിൽ ഇല്ലെന്നു വ്യക്തമായതോടെ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതോടെ മുംബൈയിലെ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെന്ററിലും (എംആർസിസി) കൊച്ചിയിലെ മാരിടൈം റെസ്ക്യൂ സബ് സെന്ററിലും (എംആർഎസ്സി) വിവരം അറിയിച്ചു. ഇവിടെനിന്ന് അപായസന്ദേശം ലഭിച്ച കോസ്റ്റ് ഗാർഡ് ഉടൻ മേഖലയിൽ തിരച്ചിലിനിറങ്ങുകയായിരുന്നു.
പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന അതിവേഗ പട്രോളിങ് യാനമായ ഐസിജിഎസ് അർണവേഷിനെയാണു തീരസംരക്ഷണ സേന തിരച്ചിലിനായി നിയോഗിച്ചത്.
കോസ്റ്റ്ഗാർഡിന്റെ ഡോണിയർ വിമാനവും ആകാശ നിരീക്ഷണത്തിനെത്തി. കൊച്ചിയിൽനിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ ഓളപ്പരപ്പിൽ ഒഴുകിനടക്കുകയായിരുന്ന രഞ്ജുമോനിയെ ഇന്നലെ രാവിലെ 11.45നു കണ്ടെത്തി.
36 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ കടലിൽ കിടന്നതിനാൽ കടുത്ത നിർജലീകരണവും ശരീരതാപം കുറയുന്ന അവസ്ഥയും നേരിട്ട രഞ്ജുവിനെ കപ്പലിലെ മെഡിക്കൽ റൂമിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകി.
തുടർന്നു കൊച്ചിയിലെത്തിച്ചു തീരദേശ പൊലീസിനു കൈമാറി. കോസ്റ്റൽ പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

