കൊല്ലം∙ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കൊല്ലത്ത്. കന്റോൺമെന്റ് മൈതാനത്ത് സമ്മേളനത്തിൽ പ്രസംഗിക്കും.
ചാത്തന്നൂർ, കൊല്ലം, ഇരവിപുരം, കുണ്ടറ, ചവറ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചരണാർഥം ഉച്ചയ്ക്ക് കന്റോൺമെന്റ് മൈതാനത്തു നടത്തുന്ന സമ്മേളനത്തിൽ പ്രിയങ്ക പ്രസംഗിക്കും. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 1.25ന് ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന പ്രിയങ്ക ഗാന്ധി അവിടെ നിന്ന് ചിന്നക്കട
വഴി പൊതുസമ്മേളന വേദിയിലെത്തും 2.25ന് മടങ്ങും. പ്രിയങ്ക ഗാന്ധി ആശ്രാമം മൈതാനത്തു നിന്നു കന്റോൺമെന്റ് മൈതാനത്തേക്കു യാത്ര ചെയ്യുന്ന വഴിയിൽ 30 മിനിറ്റു മുൻപ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ വഴിതിരിച്ചു വിടും.
തിരുവനന്തപുരത്ത് ചിറയിൻകീഴ് മണ്ഡലത്തിലെ പുത്തൻതോപ്പിൽ രാവിലെ 11ന് നടക്കുന്ന സമ്മേളനത്തിൽ പ്രിയങ്ക പ്രസംഗിക്കും.
കൊല്ലത്തെ പരിപാടിക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രിയങ്ക കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം പങ്കെടുക്കും.
ഇന്നു വൈകിട്ട് മടങ്ങുന്ന പ്രിയങ്ക വരും ദിവസങ്ങളിൽ പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുന്നുണ്ട്.
എ.എൻ.ഷംസീറും ഷാഫി പറമ്പിലും റോഡ് ഷോയുമായി ഇന്ന് ജില്ലയിൽ
ചവറ∙ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിളളയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.എൻ.ഷംസീർ നയിക്കുന്ന റോഡ്ഷോ ഇന്ന് നടക്കും. രാവിലെ 8ന് കൊട്ടുകാട് നിന്നും ആരംഭിച്ചു മുഖംമൂടിമുക്ക്, ആറുമുറിക്കട, വലിയത്തുമുക്ക്, പറമ്പിമുക്ക്, പണിക്കത്തുമുക്ക്, മൂക്കനാട്ട്മുക്ക്, തേവലക്കര, ചേനങ്കരമുക്ക്, പടപ്പനാൽ, കോയിവിള ഭരണിക്കാവ്, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൂഴംകുളം ജംക്ഷനിൽ സമാപിക്കും.
കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംപി ഇന്ന് ജില്ലയിൽ 5 ഇടങ്ങളിൽ റോഡ് ഷോ നടത്തും.
പത്തനാപുരത്ത് വൈകിട്ട് 3ന്, കുണ്ടറയിൽ 4.30ന്, കുന്നത്തൂരിൽ 5.30ന്, ചവറയിൽ 6.30ന്, ഇരവിപുരത്ത് രാത്രി 8.00നുമാണ് റോഡ് ഷോകൾ. ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഷാഫി പറമ്പിൽ എംപി നയിക്കുന്ന റോഡ് ഷോ വൈകിട്ട് വടക്കുംതല പനയന്നാർകാവിൽ നിന്ന് ആരംഭിച്ച് ചേനങ്കര ജംക്ഷൻ, പുത്തൻസങ്കേതം വഴി കൊട്ടുകാട്ടിൽ സമാപിക്കും.
കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിവൈഎഫ് നിയോജകമണ്ഡലം കമ്മിറ്റി ഇന്നു വൈകിട്ട് 5.30നു കാരാളിമുക്കിൽ നടത്തുന്ന യൂത്ത് കോൺക്ലേവിലും ഷാഫി പറമ്പിൽ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

