വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി ഭരണകൂടത്തിലെ ഏറ്റവും ഉന്നതനായ ഒരു വ്യക്തിയുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഈ ചർച്ചകൾ ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുമായല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇറാനിലെ ഒരു പ്രമുഖ നേതാവ് ചർച്ചകളിൽ പങ്കാളിയാണെന്ന വിവരം ട്രംപ് പുറത്തുവിട്ടത്. ഇറാന്റെ നേതൃനിരയിലെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഏതാണ്ട് പൂർണ്ണമായും തങ്ങൾ തുടച്ചുനീക്കിയെന്നും, എന്നാൽ ഇപ്പോൾ ചർച്ച നടത്തുന്ന വ്യക്തി അവിടുത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും ട്രംപ് അവകാശപ്പെട്ടു.
തന്റെ വിശ്വസ്തരായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരാണ് ഈ നിർണ്ണായക ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ ഇറാൻ പക്ഷത്തുനിന്നും ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല.
മുജ്തബ ഖമേനിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന സിഎൻഎൻ പ്രതിനിധി കൈറ്റ്ലൻ കോളിൻസിന്റെ ചോദ്യത്തിന്, ‘ഇല്ല, പരമോന്നത നേതാവുമായിട്ടല്ല ചർച്ച’ എന്നായിരുന്നു ട്രംപിന്റെ മറുപടി. മുജ്തബ ഖമേനി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നും ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റേത് പേരിൽ ചില പ്രസ്താവനകൾ വരുന്നുണ്ടെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഭരണകൂടത്തിലെ അധികാരശ്രേണിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്. പരമോന്നത നേതാവിനെ മറികടന്ന് മറ്റൊരു പ്രമുഖനുമായി ചർച്ച നടത്തുന്നത് ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം.
അഞ്ച് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഈ ‘രഹസ്യ നേതാവുമായുള്ള’ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ എത്രത്തോളം വിജയിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

