കണ്ണൂർ ∙ തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി രണ്ട് കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്തുവിവരങ്ങളുള്ളത്.
പി.കെ.ശ്യാമളയുടെ കയ്യിൽ പണമായി 8000 രൂപയുണ്ട്. ബാങ്കുകളിൽ സ്ഥിരനിക്ഷേപവും മറ്റുമായി 32.61 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.
പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷം, മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷം, തളിപ്പറമ്പ് സബ് ട്രഷറിയിലെ പെൻഷൻ എസ്ബി അക്കൗണ്ടിൽ 38,910 രൂപ, മലയാളം കമ്യൂണിക്കേഷനിൽ ഓഹരിയായി ഒരു ലക്ഷം രൂപ, ഇൻഷുറൻസ് പോളിസിയിൽ 14,808 രൂപ എന്നിവ ഉൾപ്പെടെയാണിത്.
16 ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വിലമതിക്കുന്ന കാറും പി.കെ.ശ്യാമളയ്ക്കുണ്ട്. ശ്യാമളയുടെ പേരിൽ ചാവശ്ശേരി, കൊളാരി വില്ലേജുകളിലായി പരമ്പരാഗത സ്വത്തായി ലഭിച്ചതും കുറുമാത്തൂർ വില്ലേജിൽ സ്വന്തമായി വാങ്ങിയതും ഉൾപ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ സ്ഥലവുമുണ്ട്.
ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്റെ പക്കൽ പണമായി 5000 രൂപയാണുള്ളത്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷത്തിന്റെ എഫ്ഡി നിക്ഷേപവും ഇവിടെ തന്നെ പെൻഷൻ അക്കൗണ്ടിൽ 3.32 ലക്ഷം രൂപയും മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാംപസ് എസ്ബിഐയിൽ 1.17 ലക്ഷം രൂപയും പാപ്പിനിശേരി സഹകരണ ബാങ്കിൽ 2.5 ലക്ഷം സ്ഥിര നിക്ഷേപവും കല്യാശേരി– മോറാഴ ബാങ്കിൽ 3 എഫ്ഡികളിലായി 20.33 ലക്ഷം രൂപയും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരിയും ഉൾപ്പെടെ 55.48 ലക്ഷം രൂപയുടെ സമ്പാദ്യമാണ് എം.വി.ഗോവിന്ദന് ഉള്ളത്. കൂടാതെ ആന്തൂർ വില്ലേജിൽ പരമ്പരാഗതമായി ലഭിച്ച 46 സെന്റ് സ്ഥലവും സ്വന്തമായി വാങ്ങിയ 36 സെന്റ് സ്ഥലവും അതിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന വീടും ഉൾപ്പെടെ 42 ലക്ഷം രൂപയുടെ സ്വത്തും ഉണ്ട്.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി പൊതുമുതൽ നശിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു എന്ന പേരിൽ പി.കെ.ശ്യാമളയുടെ പേരിൽ ക്രിമിനൽ കേസ് പയ്യന്നൂർ സബ് കോടതിയിൽ ഉണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ തളിപ്പറമ്പിൽ ധർണ നടത്തിയതിന് കേസിൽ പ്രതിയായി ശിക്ഷിക്കുകയും 600 രൂപ ഇതിൽ പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
രാമചന്ദ്രൻ കടന്നപ്പള്ളി
∙ കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കൈവശവും ബാങ്കിലുമായി ആകെ 2,03,315 രൂപ.
തോട്ടടയിൽ കടന്നപ്പള്ളി താമസിക്കുന്ന വീടിനും സ്ഥലത്തിനുമായി 63.75 ലക്ഷം രൂപ വില മതിക്കുന്നു. ഒരു കാർ ഉണ്ട്.
9.86 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ട്.
കെ.വി.സുമേഷ്
∙ അഴീക്കോട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷിനും ഭാര്യ രേണുക ബി.നായർക്കുമായി 1.39 കോടിയുടെ ആസ്തി. ഇരുവർക്കുമായി 33.42 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്.
ചിറയ്ക്കലിൽ വീടും സ്ഥലവും ചെങ്ങളായി, ചുഴലി വില്ലേജുകളിലായി കുടുംബസ്വത്തുമുണ്ട്. ചെങ്ങളായി സഹകരണ ബാങ്ക്, കെഎസ്എഫ്ഇ കണ്ണൂർ സായാഹ്ന ശാഖ, കേരള നിയമസഭ എംഎൽഎ ഹൗസിങ് ലോൺ എന്നിവിടങ്ങളിലായി 43.68 ലക്ഷത്തിന്റെ വായ്പയുണ്ട്.
എം.വിജിൻ
∙ കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിനും ഭാര്യ അശ്വതിക്കും 30.34 ലക്ഷത്തിന്റെ നിക്ഷേപം.
എം.വിജിന് 14.59 ലക്ഷത്തിന്റെ സമ്പാദ്യവും ഭാര്യയ്ക്ക് 15.74 ലക്ഷത്തിന്റെ സമ്പാദ്യവുമാണുള്ളത്. വിജിന് 44.17 ലക്ഷത്തിന്റെ ബാധ്യതയും ഭാര്യയ്ക്ക് 14.5 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്.
കുഞ്ഞിമംഗലം വില്ലേജിൽ സ്ഥലവും വീടും വിജിന്റെ പേരിലുണ്ട്. വിജിന്റെ കൈവശം 5000 ഭാര്യയുടെ കൈവശം 10,000 രൂപയുമാണ് ഉളളത്.
വിജിന് കാർ, ബൈക്ക്, ഭാര്യയ്ക്ക് 12 പവൻ സ്വർണാഭരണം, സ്കൂട്ടർ എന്നിവയുണ്ട്.
വി.പി.അബ്ദുൽ റഷീദ്
∙ ധർമടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിനും ഭാര്യ ഷഹലജബിനും കൂടി 19.45 ലക്ഷം രൂപയുടെ നിക്ഷേപം. അബ്ദുൽ റഷീദിന്റെ ബൈക്കും ഭാര്യയുടെ കാറും ഏഴു പവൻ സ്വർണാഭരണവുമുൾപ്പെടെയാണിത്.
മാവിലായിൽ 23 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വീടിനായി വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ, കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ അബ്ദുൽ റഷീദിനെതിരെ കേസുണ്ട്.
സമരം നടത്തിയതിനു കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി കോഴിക്കോട്, പയ്യന്നൂർ, തിരുവനന്തപുരം കോടതികളിൽ കേസുണ്ട്.
കെ.പി.സാജു
∙ തലശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.പി.സാജുവിനും ഭാര്യയ്ക്കും കൂടി 1.16 കോടിയുടെ നിക്ഷേപം. ബാങ്കുകളിലും തപാൽ സേവിങ്സിലുമുള്ള നിക്ഷേപവും കമ്പനി ഓഹരിയും സാജുവിന്റെ പേരിലുള്ള കാറും ഭാര്യയ്ക്കുള്ള ഇരുചക്ര വാഹനവും ഭാര്യയുടെ 80 പവൻ സ്വർണവും സാജുവിന്റെ മുക്കാൽ പവൻ സ്വർണമോതിരവുമുൾപ്പെടെയാണിത്.
തൃപ്രങ്ങോട്ടൂരിൽ സാജുവിന് 48.5 ലക്ഷം വിലമതിക്കുന്ന ഭൂസ്വത്തും 2500 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള 30 ലക്ഷം രൂപ വില കണക്കാക്കുന്ന വീടുമുണ്ട്. പ്രകടനം നടത്തിയതിന് കണ്ണൂർ കോടതിയിൽ കേസുണ്ട്.
കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

