യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മണിക്കൂറുകൾക്കിടെയുള്ള നിലപാട് മാറ്റവും അടിച്ചാൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന ഇറാന്റെ മറുപടിയും ആഗോള സമ്പദ്മേഖലയെ വീണ്ടും പിടിച്ചുലയ്ക്കുന്നു. ഓഹരി വിപണികൾ ഇന്നും തകർച്ചയുടെ ട്രാക്ക് പിടിച്ചുകഴിഞ്ഞു.
യുദ്ധപശ്ചാത്തലത്തിലും സ്വർണവില കൂടുതൽ കൂപ്പുകുത്തി. എണ്ണവില ‘സെഞ്ചറി’ കടന്ന് കൂടുതൽ മുന്നേറാനുള്ള ആവേശത്തിൽ.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സൃഷ്ടിച്ച ‘ബ്ലോക്ക്’ മാറ്റാൻ യുഎസ് നേരിട്ട് ഇടപെടില്ലെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.
മുട്ടുമടക്കാതെ ഇറാൻ; അടിച്ചാൽ തിരിച്ചടി
ഹോർമുസിലെ പ്രശ്നം പരിഹരിക്കേണ്ടത് ആ പാത ഉപയോഗിക്കുന്ന രാജ്യങ്ങളാണെന്നും അവർ ആവശ്യപ്പെട്ടാൽ മാത്രം പിന്തുണയ്ക്കാമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ, ഇന്നലെ ട്രംപ് നിലപാട് മാറ്റി.
ഹോർമുസ് തുറക്കാൻ തയാറായില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
അവയിലെങ്ങാനും തൊട്ടാൽ ഗൾഫ് മേഖലയിൽ യുഎസിനുള്ള ഊർജം, കുടിവെള്ള ശുദ്ധീകരണം എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളെല്ലാം തകർക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.
ഇറാനും ട്രംപും പരസ്പരം പോർവിളി കടുപ്പിച്ചതോടെ യുദ്ധം അടുത്തെങ്ങും തീരില്ലെന്ന് ഏറക്കുറെ ഉറപ്പായി. മറുവശത്ത് ഇറാനെ സമ്മർദത്തിലാക്കാൻ ഇസ്രയേലും ആക്രമണം കടുപ്പിക്കുന്നു; ഇറാൻ തിരിച്ചും.
കത്തിക്കയറി എണ്ണ, നിലംപൊത്തി ഓഹരി
∙ ട്രംപിന്റെ ഭീഷണിക്കും ഇറാന്റെ മറുപടിക്കും പിന്നാലെ രാജ്യാന്തര എണ്ണവില വീണ്ടും കുതിപ്പു തുടങ്ങി.
യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) ബാരലിന് 0.5% ഉയർന്ന് 98.73 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.5% വർധിച്ച് 112.76 ഡോളറുമായി. ∙ യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺ ഫ്യൂച്ചേഴ്സ് ‘നിർജീവ’മായിരുന്നു.
എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.1%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.2% എന്നിങ്ങനെ ഇടിഞ്ഞു. യുഎസും ഇസ്രയേലും ശക്തമായി ആക്രമിച്ചിട്ടും ഇറാൻ ‘വീഴാത്തത്’ പലരെയും ആശ്ചര്യപ്പെടുത്തുകയും ട്രംപിനെ അലോസരപ്പെടുത്തുകയുമാണ്.
ഇറാനെതിരെ വെടിനിർത്തലിനില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഎസ് ഫ്യൂച്ചേഴ്സിന്റെ വീഴ്ച, എണ്ണവില വർധന, ഹോർമുസ് പ്രതിസന്ധി, നീളുന്ന യുദ്ധം തുടങ്ങിയ പ്രതികൂല ഘടകങ്ങൾ ഏഷ്യൻ വിപണികളെയും ഉലച്ചു. ∙ ജാപ്പനീസ് നിക്കേയ് ഇന്നൊരുവേള 5% തകർന്നടിഞ്ഞു.
ദക്ഷിണ കൊറിയയുടെ കോസ്പി ഇടിഞ്ഞത് 6%. കോസ്ഡാക് 5 ശതമാനവും വീണു.
∙ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 2.4%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക, ചൈനയുടെ ഷാങ്ഹായ് എന്നിവ 2 ശതമാനം വീതം എന്നിങ്ങനെയും ഇടിഞ്ഞു.
ഇന്ത്യയ്ക്കും കനത്ത ആശങ്ക
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ വിദേശത്തുനിന്നുള്ള നെഗറ്റീവ് കാറ്റിലുലഞ്ഞ് 340 പോയിന്റ് ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ വലിയ നഷ്ടത്തിലേക്ക് പതിച്ചേക്കാമെന്ന ആശങ്കയാണ് ഇതുവിതയ്ക്കുന്നത്.
യുദ്ധം ഉടൻ തീർന്നേക്കുമെന്ന വിലയിരുത്തൽ കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സിനും നിഫ്റ്റിക്കും നേരിയ ആശ്വാസം നൽകിയിരുന്നു.
ഇരു സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിൽ വ്യാപാരവും പൂർത്തിയാക്കി. ∙ സെൻസെക്സ് ഇപ്പോഴുള്ളത് 74,532ലും നിഫ്റ്റിയുള്ളത് 23,114ലുമാണ്.
നിഫ്റ്റി 23,000നും താഴേക്ക് വീഴുമോ? വീണാൽ ആ വീഴ്ച എവിടെവരെ ചെല്ലും? നിക്ഷേപകർക്കിടയിൽ ആശങ്ക പെരുക്കുന്നു. ∙ എണ്ണവില വർധനയും ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപനഷ്ടവും രൂപയ്ക്കും ആഘാതമാകുന്നു.
∙ എണ്ണവില വർധന പണപ്പെരുപ്പവും പലിശഭാരവും കൂടാനിടയാക്കുമെന്നതാണ് ആഗോളതലത്തിൽ ഓഹരി വിപണികളെ തളർത്തുന്നത്. സാഹചര്യം മുതലെടുത്ത് ഡോളർ മുന്നേറുകയാണ്.
∙ ഡോളറിനെതിരെ കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 93നും താഴെയെത്തി. വെള്ളിയാഴ്ച ഓഹരി വിപണിയിൽ നിന്ന് 5,518 കോടിയുടെ വിദേശ നിക്ഷേപം കൊഴിഞ്ഞു.
മാർച്ചിലെ ആകെ നഷ്ടം 90,000 കോടി രൂപയ്ക്ക് അടുത്തെത്തി.
സ്വർണം വീഴുന്നു, കേരളത്തിൽ ഒരുലക്ഷത്തിനും താഴേക്ക്?
എണ്ണവില വർധന, പണപ്പെരുപ്പവും പലിശഭാരവും കൂടിയേക്കുമെന്ന പേടി, ഡോളറിന്റെയും കടപ്പത്ര ആദായനിരക്കിന്റെയും (ട്രഷറി യീൽഡ്) മുന്നേറ്റം, ഇതുമൂലം ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപപദ്ധകളിലെ വിൽപനസമ്മർദം എന്നിവ സ്വർണത്തെ വീഴ്ത്തുകയാണ്.
രാജ്യാന്തര സ്വർണവില ഇന്നു രാവിലെ ഔൺസിന് 180 ഡോളറോളം ഇടിഞ്ഞ് 4,325 ഡോളറിലെത്തി. കേരളത്തിൽ ഇന്നും വില കുത്തനെ ഇടിഞ്ഞേക്കും.
ഇതാണ് ട്രെൻഡ് എങ്കിൽ പവൻ വില വൈകാതെ ഒരുലക്ഷം രൂപയ്ക്ക് താഴെയുമെത്തും. ∙ കഴിഞ്ഞയാഴ്ച മാത്രം സ്വർണം 11 ശതമാനത്തോളം വിലത്തകർച്ച രാജ്യാന്തര തലത്തിൽ നേരിട്ടു. 1983നുശേഷം സ്വർണവില ഒരാഴ്ച നേരിടുന്ന ഏറ്റവും വലിയ തകർച്ച.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

