തൃത്താല ∙ ഒമാനിലെ മിന്നൽപ്രളയം സൃഷ്ടിച്ച ആഘാതത്തിലാണു തൃത്താല. പ്രിയപ്പെട്ട
രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല. ഒമാനിൽ തൃത്താല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം കനത്ത മഴയിൽ ഒഴുക്കിൽപെട്ട് 2 പേരാണു മരിച്ചത്, ഒരാളെ കാണാതായി.
നാലു കുട്ടികൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 6 പേരെ രക്ഷപ്പെടുത്തി.
തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല ലുബിഷാദ് (32), തൃത്താല തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (37) എന്നിവരാണു മരിച്ചത്. യൂസഫിന്റെ മാതാവ് റംലത്തിനെയാണു (58) കാണാതായത്.
യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷംല ലുബിഷാദിന്റെ വിയോഗം നാടിനു കൂടുതൽ നൊമ്പരമായി. പുതിയ സ്ഥലങ്ങൾ കാണാനും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഏറെ ഇഷ്ടമായിരുന്നു ഷംലയ്ക്ക്.
ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്. തൃത്താല പട്ടിത്തറ കൊട്ടപ്പാടം സ്വദേശിയായ ഷംല, എപ്പോഴും ചിരിക്കുന്ന മുഖവുമായി കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രിയങ്കരിയായിരുന്നു.
11 വർഷമായി വിദേശത്തു ബിസിനസ് നടത്തുകയാണു ഭർത്താവ് ലുബിഷാദും ഷംലയും.
ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള യാത്രകളിലെ മുഹൂർത്തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമായിരുന്നു. ഒമാനിലെ ബർകയിൽ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ, ഒരു നിമിഷംകൊണ്ട് യാത്ര ദുരന്തമായി മാറി.
കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വാഹനം കുത്തൊഴുക്കിൽ കുടുങ്ങി.ഷംലയുടെ ജീവൻ നഷ്ടമായി. ലുബിഷാദും മക്കളും അടക്കം ആറു പേർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
മക്കളായ അഞ്ചു വയസ്സുകാരി ഫെബയയെയും 9 വയസ്സുകാരി ഫാദുലിയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ ലുബിഷാദ് വിതുമ്പുന്നു. അപകടത്തിൽ മരിച്ച ഫഹദ് യൂസഫ് ലുബിഷാദിന്റെ കുടുംബ സുഹൃത്താണ്.
ഫഹദിന്റെ മാതാവാണു കാണാതായ റംലത്ത്.
ഇടപെട്ട് പ്രതിപക്ഷ നേതാവ്, മന്ത്രി
∙ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. മരണത്തിൽ മന്ത്രി എം.ബി.
രാജേഷ് അനുശോചിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസുമായും നോർക്കയുമായും ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
നോർക്ക ഒമാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം അനുശോചിച്ചു.
വാഹനം ഒഴുക്കിൽപെട്ട് തൃത്താല സ്വദേശികളായ 2 പേർ മരിച്ചു, ഒരാളെ കാണാതായി
മസ്കത്ത് / പാലക്കാട് ∙ ഒമാനിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം കനത്ത മഴയിൽ ഒഴുക്കിൽപെട്ട് 2 പേർ മരിച്ചു, ഒരാളെ കാണാതായി.
വാഹനത്തിലുണ്ടായിരുന്ന 6 പേരെ രക്ഷപ്പെടുത്തി. പാലക്കാട് തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല ലുബിഷാദ് (32), തൃത്താല തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (37) എന്നിവരാണു മരിച്ചത്.
യൂസഫിന്റെ മാതാവ് റംലത്തിനെയാണ് (58) കാണാതായത്. കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഒമാൻ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണു ഷംല.
യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. വലിയ നീർച്ചാൽ കുറുകെക്കടക്കുന്നതിനിടെ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ കാർ ഒഴുകിപ്പോവുകയായിരുന്നു.
നാലു കുട്ടികൾ ഉൾപ്പെടെ 9 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
അപകടം നടന്ന സ്ഥലത്തു നിന്ന് 2 കിലോമീറ്ററോളം വാഹനം ഒഴുകിപ്പോയി. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം.
മലവെള്ളപ്പാച്ചിലിൽ ഇവരുടേത് അടക്കം 3 വാഹനങ്ങളാണ് ഒഴുകിപ്പോയത്. മറ്റൊരപകടത്തിൽ 2 പേർ മരിച്ചു.
ഇവർ സ്വദേശികളാണെന്നാണ് ആദ്യ വിവരം. കോൺഗ്രസ് നേതാവും തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മാളിയേക്കൽ ബാവയുടെ മരുമകളാണു മരിച്ച ഷംല.
മക്കൾ: ഫാദുലി, ഫെബ. ഭർത്താവ് ലുബിഷാദിന് മസ്കത്തിലെ സീബിൽ ബിസിനസാണ്.
ഫഹദ് യൂസഫിന്റെ ഭാര്യ ഫർസു. മക്കൾ: ഹാനി, നാസിം.
മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു നാട്ടിലെത്തിക്കും. ഒമാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
വിവിധ അപകടങ്ങളിലായി 40ൽ അധികം ആളുകളെ രക്ഷപ്പെടുത്തി. മസ്കത്ത്, ബാത്തിന തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതു ഗതാഗതത്തെ ബാധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

