കോട്ടയം ∙ ചാരം മൂടിയ കനൽ പോലെയാണു ഡോ. വന്ദന ദാസിന്റെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്.
പുറമേ നരച്ച് നിറം മങ്ങിയ വീടിനുള്ളിൽ, പക്ഷേ ഓർമകളുടെ കനൽവെട്ടവും ചൂടുമാണ്. മാതാപിതാക്കളായ കെ.ജി.മോഹൻദാസിന്റെയും ടി.വസന്തകുമാരിയുടെയും ഉള്ളിൽ നീറിക്കിടക്കുന്ന വേദന ഇടയ്ക്കിടെ കണ്ണുകൾ കവിഞ്ഞ് ലാവപോലെ പുറത്തേക്ക് ഒഴുകും.
അടുത്തുനിൽക്കുന്നവരെയെല്ലാം അതു പൊള്ളിക്കും.
ഈ വീടിന്റെ സന്തോഷത്തിരി അണഞ്ഞിട്ട് രണ്ടു വർഷവും രണ്ടുമാസവും 11 ദിവസവും ആകുന്നു. എന്നാൽ, മകൾ ഇവിടെ തങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസത്തിൽ അവൾക്കുള്ള ആഹാരം വരെ മകളുടെ ചിത്രത്തിനു മുന്നിൽ ഈ ദമ്പതികൾ വിളമ്പി വയ്ക്കുന്നു.
അവളുടെ ചിത്രത്തിൽ ദിനവും മാല ചാർത്തും. അവൾക്കിഷ്ടപ്പെട്ട
ചോക്ലേറ്റും വാച്ചുകളും പാവക്കുട്ടിയും ഉടുപ്പുകളുമെല്ലാം മുറിയിൽ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.
അവൾ ഇവിടിരുന്നു രോഗികളെ ചികിത്സിക്കുന്നതു സ്വപ്നം കണ്ടാണു പത്തുവർഷം മുൻപു വീടിനൊപ്പം ഈ മുറി നിർമിച്ചത്. അതിനു തൊട്ടുവെളിയിൽ രോഗികൾക്കു കാത്തിരിക്കാൻ അരമതിലും പോർച്ചിൽനിന്നു കയറാൻ വാതിലും പണിതിട്ടുണ്ട്.
കുത്തേറ്റു മരിക്കുന്നതിന്റെ തലേന്നു രാത്രിയിൽ മകൾ വിളിച്ച ഫോൺ സന്ദേശവും മോഹൻദാസ് സൂക്ഷിച്ചിട്ടുണ്ട്. വിളിച്ചാൽ ഫോണെടുക്കണം എന്നു പരിഭവിക്കുകയും കോവിഡ് ഡ്യൂട്ടി ഉള്ളതിനാൽ രാത്രി എട്ടിനു ശേഷം തന്നെ വിളിച്ചാൽ കിട്ടില്ലെന്നു പറയുകയും ചെയ്യുന്ന മകളുടെ ശബ്ദം മോഹൻദാസിന്റെ തുടിപ്പാണ്.
ഞങ്ങളുടെ ഏക മകളാണ്; അവളുടെ വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ഈ അത്യാഹിതം.
വിവാഹവസ്ത്രത്തിന്റെ നിറം വരെ മകൾ തീരുമാനിച്ചിരുന്നപ്പോഴാണു ഞങ്ങളെ തീരാദുഃഖത്തിലാക്കി അവൾ കടന്നുപോയത്.
വസന്തകുമാരി
കണ്ണീരോടെ മാതാപിതാക്കൾ; പതർച്ചയോടെ പ്രതി
കൊല്ലം ∙ഡോ.വന്ദന ദാസ് വധക്കേസിലെ ശിക്ഷാവിധി കേൾക്കാൻ കണ്ണീരോടെയാണു പിതാവ് കെ.ജി.മോഹൻദാസും മാതാവ് വസന്തകുമാരിയും കോടതിയിലെത്തിയത്. വിധിക്കുശേഷം മാധ്യമങ്ങളോടു പ്രതികരിച്ചപ്പോഴും അവർ വിതുമ്പി.
വിചാരണയ്ക്കെത്തുന്ന ദിവസങ്ങളിലെല്ലാം കൂസലില്ലാതെ നിന്നിരുന്ന പ്രതി സന്ദീപിന്റെ മുഖത്ത് ഇന്നലെ പതർച്ചയുണ്ടായിരുന്നു. കൈകൂപ്പി വിനയത്തോടെ നിന്നെങ്കിലും കോടതിയുടെ കാരുണ്യം അയാളെത്തേടി എത്തിയില്ല.
മറ്റു വകുപ്പുകളിലെ തടവുശിക്ഷകൾക്കു ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നു കേട്ടപ്പോൾ മുഖം മ്ലാനമായി.
കുത്തേറ്റപ്പോൾ മകൾ സഹിച്ച അതേ വേദന അനുഭവിച്ചേ ഞാനും മരിക്കാവൂ എന്നാണു പ്രാർഥന. ഹൃദയസ്തംഭനമൊന്നും വന്നു പെട്ടെന്നു മരിക്കരുതേ എന്നാണു ദൈവത്തോടുള്ള അപേക്ഷ.
അവളുടെ വേദന ഞങ്ങളുടെയും വേദനയാണ്. പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.
മോളുടെ ഓർമ നിലനിർത്താൻ ആരംഭിച്ച ഡോ. വന്ദന ദാസ് ചാരിറ്റബിൾ ട്രസ്റ്റ് വിപുലീകരിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം.
അതിനുള്ള വഴികൾ തേടും.
കെ.ജി.മോഹൻദാസ്
പാവപ്പെട്ടവർക്കായി ആശുപത്രി: വന്ദനയുടെ മോഹം സഫലമാക്കി മാതാപിതാക്കൾ
കടുത്തുരുത്തി ∙ ഡോ.വന്ദന ദാസിന്റെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ആശുപത്രിയും പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സയും.
ഈ ആഗ്രഹം മകളുടെ മരണശേഷം യാഥാർഥ്യമാക്കിയിരിക്കുകയാണ് മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും. കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുന്ന രണ്ട് ആശുപത്രികൾ ഡോ.
വന്ദന ദാസിന്റെ പേരിൽ ആരംഭിച്ചിട്ടുണ്ട്. ആദ്യ ആശുപത്രി തുടങ്ങിയത് അമ്മ വസന്തകുമാരിയുടെ ജന്മനാടായ ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ്.
രണ്ടാമത്തെ ആശുപത്രി വന്ദന ദാസിന്റെ പേരിൽ ജന്മനാടായ കടുത്തുരുത്തി മധുരവേലിയിലും ആരംഭിച്ചു.
ഡോ. വന്ദനയുടെ സ്മരണ എക്കാലവും നിലനിർത്തുന്നതിനായി ചാരിറ്റബിൾ ട്രസ്റ്റും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഡോ. വന്ദനയുടെ വീടിന്റെ ഒരു ഭാഗം തന്നെ ട്രസ്റ്റിന്റെ ഓഫിസാക്കി മാറ്റി.
തങ്ങളുടെ സ്വത്തുക്കൾ ട്രസ്റ്റിനു കൈമാറാനാണ് മാതാപിതാക്കളുടെ തീരുമാനം. കുറഞ്ഞനിരക്കിൽ ചികിത്സയും വിദ്യാർഥികൾക്ക് പഠന സഹായമടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങളും ട്രസ്റ്റ് നടപ്പാക്കും.
വീടിരിക്കുന്ന സ്ഥലത്ത് പിന്നീട് ആശുപത്രി നിർമിക്കാനും ട്രസ്റ്റിനു പദ്ധതിയുണ്ട്. ഏകമകളുടെ വേർപാട് തീർത്ത ശൂന്യതയിൽനിന്ന് ഇപ്പോഴും മോചിതരായിട്ടില്ല മോഹൻദാസും വസന്തകുമാരിയും.
ഡോ.
വന്ദന ദാസ് വധക്കേസ്: നാൾവഴി 2023 മേയ് 10
∙ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു മരിച്ചു.
2023 ജൂൺ 23
∙ ഡോ.
വന്ദന ദാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി.
2025 ഫെബ്രുവരി 2
∙ 19 തവണ മാറ്റിവയ്ക്കുകയും 6 തവണ ബെഞ്ച് മാറ്റുകയും ചെയ്ത ശേഷം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ∙ മെഡിക്കൽ ബോർഡ് പരിശോധന നടത്തി, സന്ദീപിന്റെ മാനസികനിലയിൽ തകരാറില്ല എന്ന് കോടതിക്കു റിപ്പോർട്ട് നൽകുന്നു.
തുടർന്ന് പ്രതിക്ക് ജാമ്യം നിഷേധിക്കുന്നു. ∙ കേസിന്റെ വിചാരണ നടപടികൾ കൊല്ലം അഡിഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു.
2026 മാർച്ച് 7
∙ കേസിൽ ആകെയുള്ള 131 സാക്ഷികളിൽ 70 പേരുടെ വിസ്താരം പൂർത്തിയാക്കി കേസ് വിധി പറയാനായി മാർച്ച് 17 ലേക്ക് മാറ്റുന്നു.
2026 മാർച്ച് 17
∙ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നു.
ശിക്ഷ വിധിക്കാനായി 19 ലേക്ക് മാറ്റുന്നു. പിന്നീട് ഇത് 21ലേക്കു മാറ്റുന്നു.
അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷണം
കൊല്ലം ∙ ഡോ.വന്ദന ദാസ് കൊലക്കേസ് അപൂർവങ്ങളിൽ അപൂർവം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് അഡിഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് വിധിന്യായത്തിൽ നിരീക്ഷിച്ചു. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ല, ആക്രമണ സ്വഭാവമുണ്ടെന്നല്ലാതെ അയാൾക്കെതിരെ കേസുകളുണ്ടെന്നു പ്രോസിക്യൂഷൻ പറഞ്ഞിട്ടില്ല, കുറ്റകൃത്യം ചെയ്യുന്നതിനു മുൻപു സാധാരണ ജീവിതം നയിച്ചിരുന്ന വ്യക്തിയാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോടതി കണക്കിലെടുത്തു.
ഭാവിയിൽ പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
കുറ്റകൃത്യത്തിൽ പശ്ചാത്താപമുണ്ടെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രായവും കുറ്റകൃത്യം നടത്തിയ സ്ഥലവും മാത്രം കണക്കിലെടുത്ത് അപൂർവങ്ങളിൽ അപൂർവം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല.
എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കണമെന്നു പ്രോസിക്യൂഷൻ വാദിച്ചതു പരിഗണിക്കുന്നു.
പ്രതിക്കു മാനസിക വിഭ്രാന്തിയുണ്ടെന്നും അതിന്റെ ഭാഗമായാണു കുറ്റം ചെയ്തതെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണം കോടതി തള്ളി. വിഭ്രാന്തിയില്ലെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടുകളുണ്ട്.
കുറ്റകൃത്യം ചെയ്യുമ്പോൾ പൂർണബോധവാനായിരുന്നു. ഒന്നാം സാക്ഷിയും വന്ദനയുടെ സഹപ്രവർത്തകനുമായിരുന്ന ഡോ.മുഹമ്മദ് ഷിബിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കുന്നതായും കോടതി നിരീക്ഷിച്ചു.
സ്പെഷൽ പ്രോസിക്യൂഷൻ ടീമിന്റെ വിജയം
കൊല്ലം ∙ ഡോ.
വന്ദന ദാസ് കേസിലെ ശിക്ഷാ വിധി, സ്പെഷൽ പ്രോസിക്യൂഷൻ ടീമിന്റെ വിജയമെന്ന് വിലയിരുത്തൽ. 2024 ഏപ്രിൽ 21 ന് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് പ്രതാപ് ജി.
പടിക്കൽ കേസ് ഏറ്റെടുത്തത്. നിയമവശങ്ങളോടൊപ്പം മെഡിക്കൽ ഗ്രന്ഥങ്ങളും മാനസിക രോഗ സംബന്ധമായ പഠനങ്ങളും ചർച്ച വിഷയമായ കേസിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പ്രധാന മന്ത്രിയായായിരുന്ന റോബർട്ട് പീലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ വിധി ന്യായം വരെ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ അവതരിപ്പിച്ചു.
കേരള പൊലീസിന്റെയും സിബിഐയുടെയും പല കേസുകളിലും സ്പെഷൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചുവരുന്ന പ്രതാപ് ജി.
പടിക്കലിനോടൊപ്പമുള്ള ഈ സംഘം തിരുവനന്തപുരം മണ്ണന്തല രഞ്ജിത്ത് വധക്കേസ്, പാലക്കാട് സഞ്ജിത്ത് കൊലക്കേസ്, കണ്ണൂർ കതിരൂർ മനോജ് കൊലക്കേസ് എന്നിവയുടെ പ്രോസിക്യൂഷനും ഇപ്പോൾ നടത്തുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ച ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലും ഈ സംഘം തന്നെയായിരുന്നു പ്രോസിക്യൂഷൻ നടത്തിയിരുന്നത്.
പ്രതാപ് ജി. പടിക്കലിന്റെ പ്രോസിക്യൂഷൻ സംഘത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി പ്രതാപ്, മകൻ മഹേശ്വർ പടിക്കൽ, ഹരീഷ് കാട്ടൂർ, ശിൽപ ശിവൻ, നീരജ ഷാജി എന്നീ അഭിഭാഷകരുമുണ്ട്.
കുറ്റപത്രം 90 ദിവസത്തിനു മുൻപ്
∙ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് മൂന്നാംദിവസം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.
ഡിവൈഎസ്പി എം.എം.ജോസ് നേതൃത്വം നൽകിയ സംഘം 90 ദിവസത്തിനു മുൻപു കുറ്റപത്രം സമർപ്പിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചിരുന്നു.
അക്രമം നടക്കുമ്പോൾ ഡോ.വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു.
ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 207 രേഖകളും 21 തൊണ്ടികളും ഹാജരാക്കി.
പൊലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ചതിനും ശിക്ഷ
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റിരുന്നു. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് അലക്സ് കുട്ടി, എസ്ഐ ബേബി മോഹൻ, താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലെ എഎസ്ഐ മണിലാൽ, ആംബുലൻസ് ഡ്രൈവർ രാജേഷ്, പൊതു പ്രവർത്തകൻ ബിനു എന്നിവർക്കാണു പരുക്കേറ്റത്.
ഇതും കണക്കിലെടുത്താണു കൊല്ലം അഡിഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ഹോം ഗാർഡ് അലക്സ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും കഠിന ദേഹോപദ്രവത്തിനു വീണ്ടും 10 വർഷം തടവും 25000 രൂപയും പിഴയും കോടതി വിധിച്ചു. മണിലാൽ, രാജേഷ് എന്നിവരെ ദേഹോപദ്രവം ഏൽപിച്ചതിന് ആറു മാസം വീതം തടവും ബേബി മോഹനെ ശാരീരിക ഉപദ്രവം ഏൽപിച്ചതിന് മൂന്നു മാസം തടവും രണ്ടാം സാക്ഷിയും പൊതുപ്രവർത്തകനുമായ ബിനുവിനെ മുറിവേൽപ്പിച്ചതിന് 6 മാസം കഠിന തടവും വിധിച്ചു.
അലക്സ് കുട്ടിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിച്ചതിനു രണ്ടു വർഷം തടവു ശിക്ഷയും മണിലാൽ, രാജേഷ്, ബേബി മോഹൻ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിച്ചതിന് 3 മാസം വീതം തടവും വന്ദനയെ തടഞ്ഞുനിർത്തിയതിന് ഒരു മാസം തടവും തെളിവു നശിപ്പിച്ച കുറ്റത്തിന് 2 വർഷം തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു.
ആശുപത്രിയിൽ അതിക്രമം കാണിച്ചതിന് 5 വർഷം തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. കൊലപാതകക്കുറ്റത്തിനു പിഴയായ ഒരു ലക്ഷം രൂപ വന്ദനയുടെ മാതാപിതാക്കൾക്കും മറ്റു പിഴത്തുക പരുക്കേറ്റവർക്കും നൽകണമെന്നും വിധിയിൽ പറയുന്നു.
കുറ്റവും ശിക്ഷയും
∙ സന്ദീപിനെതിരെ ഐപിസി 302, 307, 326, 323, 324, 506 (2), 332, 333, 341, 353, 201 എന്നിവയും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമത്തിലെ 3,4 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഇതിൽ വധഭീഷണി മുഴക്കുക എന്നതിനുള്ള ഐപിസി 506(2), പൊതുസേവകനെ കൃത്യനിർവഹണത്തിൽനിന്നു തടസ്സപ്പെടുത്തുക എന്നതിനുള്ള 353 എന്നീ വകുപ്പുകൾ ഒഴിവാക്കിയാണു ശിക്ഷ പ്രഖ്യാപിച്ചത്.
ഐപിസി 302: കൊലപാതകം – ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ഐപിസി 307: വധശ്രമം – 10 വർഷം കഠിന തടവും 50000 രൂപ പിഴയും.
ഐപിസി 326: ആയുധം ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപിക്കൽ – 10 വർഷം കഠിന തടവും 25000 രൂപ പിഴയും. ഐപിസി 324: ദേഹോപദ്രവം ഏൽപിക്കൽ – 6 മാസം വീതം കഠിന തടവ്.
ഐപിസി 323: ശാരീരികമായി മുറിവേൽപിക്കൽ – 3 മാസം കഠിന തടവ് ഐപിസി 333: പൊതു സേവകനെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി മുറിവേൽപിക്കൽ – 2 വർഷം കഠിന തടവ് ഐപിസി 332: കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ – 3 മാസം വീതം കഠിന തടവ്. ഐപിസി 341: ഡോ.വന്ദന ദാസിനെ അന്യായമായി തടങ്കലിൽ വച്ചതിന് – ഒരു മാസം സാധാരണ തടവ്.
ഐപിസി 201: തെളിവ് നശിപ്പിക്കൽ – 2 വർഷം കഠിന തടവും 10000 രൂപ പിഴയും. ആരോഗ്യ പ്രവർത്തക സുരക്ഷാ നിയമം 3, 4 – 5 വർഷം തടവ്, 50000 രൂപ പിഴ.
ആശുപത്രികളിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം: കെജിഎംഒഎ
തിരുവനന്തപുരം ∙ ഡോ.വന്ദന ദാസ് കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കമെന്നു സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് എത്രത്തോളം നടപ്പായെന്നു പരിശോധിക്കണമെന്നു കെജിഎംഒഎ ആവശ്യപ്പെട്ടു.
വന്ദന ദാസ് കേസിലെ വിധിയിലൂടെ ഒരു പരിധി വരെ നീതി ഉറപ്പാക്കപ്പെട്ടുവെന്നാണു സംഘടന വിലയിരുത്തുന്നത്. കേസിന്റെ തുടക്കം മുതൽ ശാസ്ത്രീയമായ രീതിയിലും വേഗത്തിലും അന്വേഷണം പൂർത്തിയാക്കിയ കേരള പൊലീസ് അഭിനന്ദനം അർഹിക്കുന്നു.
പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപിക്കുക, പ്രധാന ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, 6 മാസം കൂടുമ്പോൾ സുരക്ഷാ ഓഡിറ്റ് നടത്തുക തുടങ്ങിയ നിർദേശങ്ങൾ ഇതുവരെ പ്രായോഗികമായിട്ടില്ലെന്നു കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

