ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില ഉയർത്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് കഴിഞ്ഞദിവസം പ്രീമിയം പെട്രോൾ വില 2 രൂപയിലേറെ കൂട്ടിയതിലൂടെ ഇന്ത്യയും ഇടംപിടിച്ചു. എൽപിജിക്ക് സമാനമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ ‘വിതരണഞെരുക്കം’ വന്നേക്കുമെന്ന സൂചനയാണോ ഇത്? അതോ രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധിച്ചതിന്റെ പ്രതിഫലനം മാത്രമോ? പരിശോധിക്കാം.
ബിപിസിഎല്ലിന്റെ ‘സ്പീഡ്’, എച്ച്പിസിഎല്ലിന്റെ ‘പവർ’, ഇന്ത്യൻ ഓയിലിന്റെ ‘എക്സ്പി95’ എന്നിവയ്ക്കാണ് ഇന്നലെ ലീറ്ററിന് 2.09 രൂപ മുതൽ 2.35 രൂപവരെ കൂട്ടിയത്.
സാധാരണ പെട്രോളിനോ ഡീസലിനോ വില കൂട്ടിയിട്ടില്ല. ഇവയ്ക്ക് കേരളത്തിൽ വില പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് (തിരുവനന്തപുരം).
പ്രീമിയം പെട്രോളിന് വില കൂട്ടിയാൽ സാധാരണക്കാരെ ബാധിക്കില്ലെന്നും രാജ്യത്ത് മൊത്തം വിൽക്കുന്ന പെട്രോളിന്റെ 3-4% മാത്രമാണ് പ്രീമിയമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞിരുന്നു.
കൂട്ടിയതിന് ‘പ്രീമിയത്തിന്’ മാത്രമല്ല
∙ പ്രീമിയം പെട്രോളിന് മാത്രമല്ല എണ്ണക്കമ്പനികൾ യുദ്ധപശ്ചാത്തലത്തിൽ വില കൂട്ടിയത്. ∙ വ്യാവസായിക ഉപഭോക്താക്കൾക്ക് ‘ബൾക്ക്’ ആയി വിതരണം ചെയ്യാറുള്ള ഡീസലിന്റെ വില കൂട്ടിയത് ലീറ്ററിന് 22 രൂപയാണ്.
ഡൽഹിയിലെ കണക്കുപ്രകാരം ഇത് ലീറ്ററിന് 87.67 രൂപയിൽ നിന്ന് 109.59 രൂപയിലെത്തി.
∙ ബാരലിന് ശരാശരി 65-70 ഡോളർ നിലവാരത്തിലായിരുന്ന ക്രൂഡ് ഓയിൽ വില യുദ്ധസാഹചര്യത്തിൽ 100-110 ഡോളറിലേക്ക് ഉയർന്നതാണ് പ്രീമിയം പെട്രോൾ, ബൾക്ക് ഡീസൽ എന്നിവയുടെ വിലകൂട്ടുന്നതിന് ഇടയാക്കിയത്. സാധാരണ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും കൂട്ടുമോ? തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണോ ഇപ്പോൾ വില കൂട്ടാത്തത്? തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂട്ടുമോ? രാജ്യത്ത് ഇന്ധന ക്ഷാമത്തിന് സാധ്യതയുണ്ടോ?
എൽപിജിക്ക് ക്ഷാമം!
പെട്രോളിനോ?
25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളും ഇന്ത്യൻ എണ്ണവിതരണക്കമ്പനികളുടെ സ്റ്റോറേജുകളിൽ ഉണ്ടെന്നാണ് കണക്ക്. മാത്രമല്ല പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 20ലേറെ എണ്ണ റിഫൈനറികൾ രാജ്യത്തുണ്ട്.
ഇവയുടെ ശേഷി ഏതാണ്ട് 250 മില്യൻ ടണ്ണാണ്. രാജ്യത്തിനാവശ്യമായ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവ ഇവ മുഖേന ലഭ്യമാക്കാൻ കഴിയും.
∙ മറ്റൊന്ന്, എൽപിജിയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ ക്രൂഡ് ഓയിലിന് വൈവിധ്യമായ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്.
പശ്ചിമേഷ്യയ്ക്ക് പുറമേ റഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക തുടങ്ങി 40ഓളം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ഇറക്കുമതിയുണ്ട്.
∙ ക്രൂഡ് ഓയിൽ വിലക്കയറ്റം പ്രവർത്തനച്ചെലവിനെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ, ബൾക്ക് ഡീസൽ എന്നിവയുടെ വില ഉയർത്തിയത്.
∙ എൽപിജിക്കായി ഇന്ത്യ 60-65 ശതമാനത്തിനും ആശ്രയിച്ചിരുന്നത് പശ്ചിമേഷ്യയെ ആയിരുന്നു. ഇതിന്റെ 90 ശതമാനവും എത്തിയിരുന്നത് ഹോർമുസ് വഴിയും.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് കപ്പലുകളുടെ സഞ്ചാരത്തെ ബാധിച്ചതാണ് എൽപിജി പ്രതിസന്ധിക്ക് ഇടയാക്കിയത്.
∙ നടപ്പുവർഷത്തെ ആദ്യ 6 മാസക്കാലം പരിശോധിച്ചാൽ 16,200 ടിഎംടി (തൗസൻഡ് മെട്രിക് ടൺ) ആയിരുന്നു ഇന്ത്യയുടെ എൽപിജി ഉപഭോഗം. എന്നാൽ ആഭ്യന്തര ഉൽപാദനം 6,200ഓളം ടിഎംടി മാത്രമായിരുന്നു എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
∙ ഇന്ത്യയിൽ എൽപിജി സംഭരണശേഷി 1.34 മില്യൻ ടണ്ണാണ്.
ഇതാകട്ടെ രണ്ടാഴ്ചത്തെ ഉപഭോഗത്തിന് മാത്രമേ തികയൂ. അതായത്, ഇറക്കുമതി തടസ്സമില്ലാതെ നിന്നാൽ മാത്രമേ വിതരണം കാര്യക്ഷമമായി നിലനിർത്താനാകൂ.
ക്രെഡിറ്റ് നിർത്തിയത് എന്തിന്റെ സൂചന?
പൊതുമേഖലാ എണ്ണക്കമ്പനികൾ പമ്പുകൾക്ക് നൽകുന്ന ക്രെഡിറ്റ് സൗകര്യം നിർത്തലാക്കുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞദിവസങ്ങളിൽ വന്നിരുന്നു.
ഇന്ധനവിൽപന നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് സൂചനകളുണ്ട്. അതായത്, പ്രതിസന്ധി ഉണ്ടായേക്കാമെന്ന സൂചനയാണ് ഇതു നൽകുന്നത്.
∙ മുഴുവൻ തുകയും അടച്ച് ലോഡ് എടുക്കുന്നതിന് പകരം ക്രെഡിറ്റ് അടിസ്ഥാനത്തിലാണ് പമ്പുകൾ എണ്ണക്കമ്പനികളിൽ നിന്ന് ഇന്ധനം വാങ്ങിയിരുന്നത്.
∙ വാങ്ങുന്ന ഇന്ധനത്തിന്റെ തുക 5 ദിവസത്തിനകം പലിശസഹിതം അടയ്ക്കുന്നതാണ് പതിവ്.
∙ എന്നാൽ, ഇനി മുതൽ മുഴുവൻ തുകയും അടച്ചശേഷമേ ലോഡ് നൽകൂ. അതായത്, പണം മുൻകൂർ അടയ്ക്കാത്ത പമ്പുകൾ സ്റ്റോക്ക് തീർന്നാൽ അടച്ചിടേണ്ട
സ്ഥിതിവരും.
സാധാരണ പെട്രോളിനും വില കൂട്ടുമോ?
കൂടാനാണ് സാധ്യത. പക്ഷേ, ഉടനില്ല.
രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 130-140 ഡോളർ നിലവാരത്തിലെത്തിയാൽ പെട്രോൾ, ഡീസൽ വില ലീറ്ററിന് 2-3 രൂപ ഉയർന്നേക്കാമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് ശബരിനാഥ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ക്രൂഡ് ലഭ്യതയിൽ തടസ്സമുണ്ടാവുകയും നിലവിലെ സ്റ്റോറേജ് ശേഷിയുടെ ഒരുമാസത്തെ തലത്തിലേക്ക് ഉപഭോഗം എത്തിയാലും വില കൂട്ടാം.
കേരളത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് പെട്രോൾ, ഡീസൽ വില കൂട്ടാതിരിക്കുന്നതിനുള്ള ഒരു കാരണം മാത്രമാണ്.
പ്രീമിയം പെട്രോൾ, ബൾക്ക് ഡീസൽ എന്നിവയുടെ വില നിർണയം എണ്ണക്കമ്പനികൾക്ക് തന്നെ നടത്താം. എന്നാൽ പെട്രോൾ, ഡീസൽ വില എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതാണ്.
അവയുടെ വില പരിഷ്കരിക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം.
∙ എണ്ണക്കമ്പനികൾ പെട്രോളും ഡീസലും ശരാശരി 2.6 രൂപ നഷ്ടത്തിലാണ് ഇപ്പോൾ വിൽക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് വില കൂട്ടുന്നില്ല? ഇതിനു കാരണം, നേരത്തേ ക്രൂഡ് വില കുറഞ്ഞുനിന്നപ്പോൾ വലിയതോതിൽ വാങ്ങി സംഭരിച്ചുവച്ചിട്ടുണ്ട് എന്നതാണ്.
മറ്റൊന്ന് റഷ്യയുമായുള്ള ദീർഘകാല കരാറാണ്. നിലവിലെ വിലയ്ക്കല്ല, മറിച്ച് നേരത്തേയുണ്ടായിരുന്ന ‘വിലക്കുറവിലാണ്’ റഷ്യയുമായി ദീർഘകാല എണ്ണവാങ്ങൽ കരാറെന്നും ശബരിനാഥ് പറഞ്ഞു.
∙ കേരളത്തിലെ പമ്പുകളിലും ആശങ്ക പ്രകടമാണ്. വാഹനത്തിൽ ഫുൾടാങ്ക് പെട്രോളും ഡീസലും അടിക്കുന്നവരുടെ എണ്ണം ഉയർന്നു.
∙ ഇതിനു പുറമേ ക്യാനിലും കുപ്പികളിലും മറ്റും ഇന്ധനം വാങ്ങാൻ വരുന്നവരുടെ എണ്ണവും കൂടിയെന്ന് പമ്പുടമകൾ പറയുന്നു. സുരക്ഷാപ്രശ്നവും നിയമങ്ങളും ചൂണ്ടിക്കാട്ടി ഇത്തരക്കാരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്.
യുദ്ധപശ്ചാത്തലത്തിൽ വില പ്രമുഖ രാജ്യങ്ങൾ
(രാജ്യങ്ങളും വില വർധനയും)
∙ കാനഡ : 28%
∙ യുഎസ് : 16%
∙ ജർമനി : 13%
∙ ഫ്രാൻസ് : 6%
പാക്കിസ്ഥാൻ പെട്രോളിന് ഒറ്റയടിക്ക് ലീറ്ററന് 55 രൂപയായിരുന്നു കൂട്ടിയത്.
പ്രീമിയം പെട്രോളിന് വില കൂട്ടിയെങ്കിലും സാധാരണ പെട്രോളിന് ഇന്ത്യ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കുകയാണ്. തൽക്കാലം ഇന്ത്യയിൽ ക്ഷാമവും വിലവർധനയുമില്ല.
എന്നാൽ, അതെത്രനാളേക്ക് എന്ന ചോദ്യമാണ് ഉപഭോക്താക്കൾ ഉയർത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

