പൊതുവേ കേരളത്തിന്റെ പൈനാപ്പിൾ വിപണിക്ക് മാർച്ചുമാസത്തെ പേടിയാണ്. എങ്കിലും ഇക്കുറി റമസാൻ പ്രമാണിച്ച് വലിയ വില കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്കൂൾ പരീക്ഷകളും എൽപിജി പ്രതിസന്ധിയെ തുടർന്ന് ഒട്ടേറെ ഹോട്ടലുകൾ അടച്ചുപോയതും തിരിച്ചടിയായി.
പൈനാപ്പിൾ ‘പച്ച’ ഇനത്തിന് കഴിഞ്ഞവർഷം മാർച്ചിൽ കിലോയ്ക്ക് 48-50 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ വില 32 രൂപ മാത്രം.
പച്ച സ്പെഷൽ ഗ്രേഡ് വില ശരാശരി 50 രൂപയിൽ നിന്ന് 34 രൂപയിലേക്ക് താഴ്ന്നു. പൈനാപ്പിൾ പഴത്തിനു 53 രൂപയായിരുന്നത് 48 രൂപയിലേക്കും കുറഞ്ഞു.
കനത്ത ചൂട് ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉൽപാദനം വലിയതോതിൽ കുറഞ്ഞിട്ടും വില കൂടിയില്ല.
പരീക്ഷാക്കാലമായതിനാൽ കുടുംബാധിഷ്ഠിത യാത്രകൾ കുറഞ്ഞതും എൽപിജി ക്ഷാമത്തെ തുടർന്ന് ഹോട്ടലുകൾ പലതും അടച്ചതും തിരിച്ചടിയായെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേരളം പ്രസിഡന്റ് ബേബി ജോൺ മനോരമ ഓൺലൈനിനോട് പറഞ്ഞു. മാർച്ച് 25നുശേഷം, പ്രത്യേകിച്ച് ഏപ്രിലിൽ സ്ഥിതി മാറുമെന്നും മികച്ച വിലകിട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വിപണിയായ ഉത്തരേന്ത്യയിൽ ഏപ്രിലോടെ വിവാഹ സീസൺ സജീവമാകും.
ഇത് ഡിമാൻഡ് കൂടാൻ സഹായിക്കും. സ്കൂൾ അവധിക്കാലമാകുന്നതും നേട്ടമാകും.
വില 40 രൂപയ്ക്ക് മുകളിൽ എത്തിയാലേ കർഷകന് നഷ്ടമില്ലാതെ മുന്നോട്ടുപോകാനാകൂ. വില 50 രൂപ കടന്നാൽ ആശ്വാസകരമായ ലാഭവും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായിലേക്ക് അടുത്തിടെ ഏതാനും പൈനാപ്പിൾ കർഷകർ കപ്പൽവഴി പൈനാപ്പിൾ കയറ്റുമതി ചെയ്തിരുന്നു.
20 ദിവസംവരെ കേടാകാത്ത പ്രത്യേകയിനം പൈനാപ്പിൾ വഴക്കുളത്തെ പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തായിരുന്നു കയറ്റുമതി. ഇതു വിജയിച്ചത് പൈനാപ്പിൾ കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് വിപണി തുറന്നുകിട്ടുന്നത് കേരളത്തിന്റെ പൈനാപ്പിൾ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താകും. കിലോയ്ക്ക് ശരാശരി 300 രൂപയാണ് ഗൾഫിൽ വില.
അതേസമയം, ചൂടുകാലമായതിനാൽ ഏപ്രിലിലും ഉൽപാദനം കുറയുമെന്നാണ് വിലയിരുത്തൽ.
കാലാവസ്ഥാ വ്യതിയാനം മൂലം വിളവുപഴുക്കുന്നതിലും കാലതാമസമുണ്ട്. മികച്ച ഡിമാൻഡും കിട്ടിയാൽ വില പ്രതീക്ഷകളെ കടത്തിവെട്ടും.
എൽപിജി പ്രതിസന്ധിക്ക് അയവുവരികയും ഹോട്ടലുകൾ തുറക്കുകയും ചെയ്താൽ വിപണിക്കത് കൂടുതൽ മധുരമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

