സ്വർണവില പ്രതീക്ഷിച്ചതുപോലെ കേരളത്തിലും ഇന്ന് രാവിലെ നേരിട്ടത് വൻ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 255 രൂപ താഴ്ന്നിറങ്ങി വില 14,175 രൂപയായി.
2,040 രൂപ കുറഞ്ഞ് 1,13,400 രൂപയാണ് പവൻ വില. ഇതോടെ ജനുവരി 29ന് കുറിച്ച 1,31,160 രൂപയെന്ന റെക്കോർഡിൽ നിന്ന് പവൻവില ഇടിഞ്ഞത് 17,760 രൂപ.
ഗ്രാമിന് ഇക്കാലയളലിൽ 16,395 രൂപയിൽ നിന്ന് 2,220 രൂപയും കുറഞ്ഞു.
സ്വർണവില ഇടിയുന്നത് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസമാണ്. ഇതു വിവാഹ സീസൺ കൂടിയാണെന്നത് വിപണിക്കും ഗുണം ചെയ്യും.
എന്നാൽ, വലിയ പ്രതീക്ഷയോടെ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിറക്കം തിരിച്ചടിയുമാണ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലത്തകർച്ച.
ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യം യുദ്ധം തുടങ്ങുന്ന വേളയിൽ ഔൺസിന് 5,400 ഡോളർ നിലവാരത്തിലായിരുന്നു രാജ്യാന്തരവില.
ഇന്നൊരുവേള വില 4,808 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്. ഇപ്പോൾ അൽപം മെച്ചപ്പെട്ട് 4,851 ഡോളറിൽ എത്തി.
അല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ വില ഇതിലുമധികം ഇടിയുമായിരുന്നു.
പൊതുവേ യുദ്ധകാലത്ത് സ്വർണവില കൂടാറാണ് പതിവെങ്കിലും ഇത്തവണ പതിവുതെറ്റിച്ച് ഇടിയുകയാണ്. അതിനു ചില കാരണങ്ങളുണ്ട്:
1)
എണ്ണവില കൂടുന്നു:
ഇറാനെതിരായ യുദ്ധവും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുനേരെ ഇറാൻ നടത്തുന്ന ആക്രമണവും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ തീരുമാനവും മൂലം രാജ്യാന്തര ക്രൂഡ് ഓയിൽ വില വൻ കുതിപ്പാരംഭിച്ചു.
എണ്ണവില കൂടുന്നത് ലോക രാജ്യങ്ങളിലാകെ പണപ്പെരുപ്പം കൂടാനിടയാക്കും. ഇത് പലിശഭാരം ഉയർന്നതലത്തിൽ തുടരാനോ കൂട്ടാനോ വഴിയൊരുക്കും.
പലിശ കൂടുന്നത് ഡോളറിനും ബോണ്ടിനും ശക്തിപകരും. ഇതു സ്വർണ നിക്ഷേപങ്ങളുടെ ശോഭ കെടുത്തും.
ഡോളർ കരുത്താർജിക്കുമ്പോൾ സ്വർണം വാങ്ങുന്നത് പ്രയാസമാകും. ഡിമാൻഡ് താഴും, വിലയിടിയും.
2)
പലിശ കുറയ്ക്കാതെ യുഎസ്
: അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി പലിശനിരക്ക് കുറയ്ക്കാതെ പണനയം പ്രഖ്യാപിച്ചു.
ഇത് ഡോളറിന് കരുത്തായി. മാത്രമല്ല, യുദ്ധപശ്ചാത്തലത്തിൽ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് ഫെഡറൽ റിസർവ് പറയുന്നത്.
ഇതും ഊർജമായത് ഡോളറിന്, ക്ഷീണമായത് സ്വർണത്തിന്.
ട്രെൻഡ് ഇതാണെങ്കിൽ വില രാജ്യാന്തര വില വീണ്ടും 4,801 ഡോളർ നിലവാരത്തിലേക്ക് എത്താമെന്ന് നിരീക്ഷകർ പറയുന്നു. അഥവാ വില 4,800നും താഴേക്കുപോയാൽ അതു ചെന്നുനിൽക്കുക 4,630 ഡോളർ നിലവാരത്തിലായിരിക്കുമെന്നും ചിലർ പറയുന്നു.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയ്ക്കും താഴെയെത്താം. യുദ്ധം ശമനമില്ലാതെ നീളുകയാണെങ്കിൽ സ്വർണത്തെ ഇതിലേറെ ഇടിവായേക്കാം കാത്തിരിക്കുന്നതെന്നും അവർ പറയുന്നു.
മറിച്ച്, സ്വർണവില 4,900 ഡോളർ നിലവാരം വീണ്ടെടുത്താൽ കയറ്റം തുടരുമെന്നും 5,000 ഡോളർ ഭേദിക്കുമെന്നും നിരീക്ഷകർ പറയുന്നു.
വില കുറയുന്നത് മുതലെടുത്തുള്ള വാങ്ങൽതാൽപ്പര്യം (ഡിപ് ബയിങ്) ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ സ്വർണവിലയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടമായിരിക്കും.
അതായത്, വൻ ഇടിവോ വീഴ്ചയോ ഇല്ലാതെ 4,800-5,000 നിലവാരത്തിൽ തുടരും.
കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 210 രൂപ താഴ്ന്ന് 11,705 രൂപയായി. വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് 260 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണം ഗ്രാമിന് നൽകിയ വില 205 രൂപ കുറച്ച് 11,650 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 260 രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

