ഇറാൻ യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണികളിൽ വലിയ തോതിലുള്ള അസ്ഥിരതയാണ് പ്രകടമാകുന്നത്. എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
സാധാരണയായി ഇത്തരം യുദ്ധ സാഹചര്യങ്ങളിൽ നിക്ഷേപകർ അഭയം പ്രാപിക്കുന്നത് സ്വർണത്തിലോ യുഎസ് ഡോളറിലോ ആണ്. എന്നാൽ, 2026ലെ ഈ യുദ്ധകാലം നിക്ഷേപ ചരിത്രത്തിൽ മറ്റൊരു വഴിത്തിരിവാകുകയാണ്.
ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ ബിറ്റ്കോയിൻ അപ്രതീക്ഷിത കുതിപ്പാണ് നടത്തുന്നത്.
ഇറാൻ യുദ്ധം അവസാനിക്കാറായി എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളും ബിറ്റ്കോയിന്റെ വിലയിൽ പ്രതിഫലിച്ചിരിക്കാം. ക്രിപ്റ്റോയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്ന ആളാണ് ട്രംപ്.
എന്നാൽ ഇറാൻ സംഘർഷത്തിന് ബിറ്റ്കോയിന്റെ വളർച്ചയുമായി വലിയ ബന്ധമില്ലെന്ന മറുവാദവുമുണ്ട്. എന്താണ് ബിറ്റ്കോയിന് സംഭവിച്ചത്? പരിശോധിക്കാം.
ബിറ്റ്കോയിന്റേത് അമ്പരപ്പിക്കും മുന്നേറ്റം
2025 ഒക്ടോബറിൽ ഏകദേശം 1,26,200 ഡോളർ (1.17 കോടി രൂപ) എന്ന ഉയർന്ന നിരക്കിലെത്തിയ ബിറ്റ്കോയിൻ പിന്നീട് മാസങ്ങളോളം മോശം പ്രകടനമാണ് കാഴ്ചവച്ചത്.
ഇറാൻ യുദ്ധം തുടങ്ങുന്നതിന് മുൻപ് ഏകദേശം 63,000 ഡോളർ (58.23 ലക്ഷം രൂപ) നിലവാരത്തിലായിരുന്ന ബിറ്റ്കോയിൻ സംഘർഷം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 15 ശതമാനത്തോളം വർധിച്ച് 74,000 ഡോളർ (68.40 ലക്ഷം രൂപ) എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ കാലയളവിൽ മറ്റ് പ്രധാന നിക്ഷേപങ്ങളുടെ പ്രകടനം താഴെ പറയുന്ന രീതിയിലാണ്:
∙ ബിറ്റ്കോയിൻ: 15% നേട്ടം
∙ സ്വർണം: 3–4% ഇടിവ്
∙ എസ് ആൻഡ് പി 500 സൂചിക (യുഎസ്): 2–3% ഇടിവ്
∙ എഥറിയം : 10–13% നേട്ടം
എന്തുകൊണ്ട് ബിറ്റ്കോയിൻ സ്വർണത്തെ പിന്നിലാക്കി?
പരമ്പരാഗതമായി സ്വർണം യുദ്ധകാലത്തെ താരമാണെങ്കിലും ഇത്തവണ ചിത്രം മാറിയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.
സാമ്പത്തിക ലോകത്ത് ഇപ്പോൾ സ്വർണത്തേക്കാൾ വേഗത്തിൽ ലോകത്തെ ഏത് കോണിലേക്കും മാറ്റാൻ കഴിയുന്ന ഒന്നായി ബിറ്റ്കോയിൻ മാറിയിരിക്കുന്നു.
സ്വർണം പിടിച്ചെടുക്കപ്പെട്ടേക്കാം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടേക്കാം, എന്നാൽ സ്വന്തം കസ്റ്റഡിയിലുള്ള ബിറ്റ്കോയിൻ ഉടമയ്ക്ക് എവിടെയിരുന്നും ആക്സസ് ചെയ്യാമെന്നാണ് ഐഎൻആർ ഗ്രിഡ് സ്റ്റേബിൾ സ്ഥാപകൻ അനുജ് ചൗധരി പറയുന്നത്.
വിപണി സാന്നിധ്യം
ബാങ്കുകളും ഓഹരി വിപണികളും അവധി ദിവസങ്ങളിൽ അടഞ്ഞു കിടക്കുമ്പോൾ ബിറ്റ്കോയിൻ വിപണി ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും സജീവമാണ്. ഇറാൻ സംഘർഷം വാരാന്ത്യത്തിൽ രൂക്ഷമായപ്പോൾ നിക്ഷേപകർക്ക് ഉടനടി പ്രതികരിക്കാൻ കഴിഞ്ഞ ഒരേയൊരു വിപണി ക്രിപ്റ്റോ ആയിരുന്നു.
ഇടിഎഫ് ഇൻഫ്ലോ
സ്ഥാപന നിക്ഷേപകരുടെ (ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ്) വലിയ തോതിലുള്ള പങ്കാളിത്തമാണ് മറ്റൊരു ഘടകം.
ഐഷെയേഴ്സ് ബിറ്റ്കോയിൻ ട്രസ്റ്റ്, ഫിഡിലിറ്റി വൈസ് ഒറിജിൻ ബിറ്റ്കോയിൻ ഫണ്ട് എന്നിവയിലേക്ക് യുദ്ധം തുടങ്ങിയ ശേഷം 1.1 ബില്യൺ ഡോളറിന്റെ (10,167 കോടി രൂപ) നിക്ഷേപമാണ് ഒഴുകിയെത്തിയത്.
സ്വർണത്തിന് എന്തുപറ്റി?
യുദ്ധകാലത്ത് സാധാരണ ഉയരേണ്ട സ്വർണം ഇത്തവണ താഴേക്ക് പോയത് നിക്ഷേപകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
ഒന്ന്, യുഎസ് ഡോളർ ശക്തിപ്രാപിച്ചതോടെ മറ്റു കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതായി. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറച്ചു.
ഇതോടൊപ്പം എണ്ണവില വർധന പണപ്പെരുപ്പത്തിന് കാരണമായി. പണപ്പെരുപ്പം ഉയർന്നാൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ല.
ഉയർന്ന പലിശനിരക്ക് നിലനിൽക്കുമ്പോൾ പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വർണത്തോടുള്ള താൽപര്യം നിക്ഷേപകർക്ക് ഇല്ലാതായി.
ബിറ്റ്കോയിൻ സുരക്ഷിതമോ?
നിക്ഷേപ ലോകത്ത് ബിറ്റ്കോയിന്റെ സ്ഥാനത്തെക്കുറിച്ച് രണ്ട് തരം അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ‘പരമ്പരാഗത സുരക്ഷിത നിക്ഷേപങ്ങളുടെ പരിമിതികൾ ഈ യുദ്ധം തുറന്നുകാട്ടി.
സ്വർണം കൊണ്ടുനടക്കാൻ പ്രയാസമാണ്, എന്നാൽ ബിറ്റ്കോയിൻ ഡിജിറ്റൽ റിസർവ് ആയി പ്രവർത്തിക്കുന്നു.’ എന്നാണ് ഗോസാറ്റ്സ് സിഇഒ മുഹമ്മദ് റോഷൻ പറഞ്ഞത്.
അതേസമയം, യുഎസ് ബിസിനസുകാരനും ബ്രിജ് വാട്ടർ അസോസിയേറ്റ്സിന്റെ മുൻ സിഇഒയുമായ റേ ഡാലിയോയെപ്പോലുള്ള പ്രമുഖർ വിശ്വസിക്കുന്നത് സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുമെന്നും ബിറ്റ്കോയിനെ ഒരു റിസർവ് അസറ്റായി ഉടൻ സ്വീകരിക്കില്ലെന്നുമാണ്. ആറ്റം പ്രൈവ് സ്ഥാപകൻ ഹർഷ വർധന ബിറ്റ്കോയിനെ ഒരു ‘കണ്ടീഷണൽ ഹെഡ്ജ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
അതായത്, എല്ലാ പ്രതിസന്ധികളിലും ഇത് സുരക്ഷിതമല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
പ്രതിസന്ധി സമയങ്ങളിലൊക്കെ വില കൂടി
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-പലസ്തീൻ സംഘർഷം, കോവിഡ്19 തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ക്രിപ്റ്റോകറൻസി വില കൂടുന്ന പ്രവണത കണ്ടതാണ്. ഇതിനാൽ സാമ്പത്തിക വിപണികളിൽ ബിറ്റ്കോയിന് കാര്യമായ സ്ഥാനം ലഭിക്കുന്നുണ്ടെന്നാണ് പല നിക്ഷേപകരും പറയുന്നത്.
നിക്ഷേപകരുടെ വികാരം, പ്രതിസന്ധിയുടെ സ്വഭാവം, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് ബിറ്റ്കോയിൻ വിലയിൽ മാറ്റങ്ങൾ സംഭവിക്കാം.
അത്രയ്ക്ക് വിശ്വാസമില്ല
എന്നാൽ, ഒരുകൂട്ടം പരിചയസമ്പന്നരായ വ്യാപാരികളും നിക്ഷേപകരും പറയുന്നത് ബിറ്റ്കോയിനിനെ വിശ്വസനീയമായ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കരുതെന്നാണ്. കേന്ദ്ര ബാങ്കുകൾ ബിറ്റ്കോയിൻ വാങ്ങാൻ സാധ്യതയില്ലാത്തതിനാൽ ഒരു കരുതൽ ആസ്തി എന്ന നിലയിൽ അതിന്റെ പങ്ക് പരിമിതമാണ്.
അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ പ്രധാന കേന്ദ്ര ബാങ്കുകളും അവരുടെ സ്വർണ ശേഖരം വർധിപ്പിച്ചിട്ടുമുണ്ട്.
കടക്കുമോ ലക്ഷം ഡോളർ?
ബിറ്റ്കോയിൻ 74,000 ഡോളർ കടന്നതോടെ അടുത്ത ലക്ഷ്യം ലക്ഷം ഡോളറാണെന്ന പ്രവചനങ്ങളും സജീവമാണ്. എങ്കിലും ഇതിന്റെ കടുത്ത ഏറ്റക്കുറച്ചിലുകൾ വിസ്മരിക്കാനാവില്ല.
ഇറാൻ യുദ്ധം ആഗോള സാമ്പത്തിക ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ ദൂരവ്യാപകമായിരിക്കും. സ്വർണം ഇപ്പോഴും വിശ്വാസ്യതയുടെ പ്രതീകമായി തുടരുമ്പോഴും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പുതിയ തലമുറ ബിറ്റ്കോയിനെ അവരുടെ ‘ഡിജിറ്റൽ നിക്ഷേപമായി’ സ്വീകരിച്ചു കഴിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

