ഹോർമുസ് സുരക്ഷിതമാക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങളുടെ ഉൾപ്പെടെ സഹായം ലഭിക്കാതെ വന്നതോടെ സ്വന്തം നിലയിൽ നീങ്ങാൻ യുഎസ്. ആരുടെയും സഹായമില്ലാതെ ഹോർമുസ് തുറക്കാൻ യുഎസിനാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
പിന്നാലെ ഹോർമുസിലെ ഇറാന്റെ മിസൈൽ കേന്ദ്രത്തിൽ ബങ്കർ ബസ്റ്റർ ബോംബുകൾ പ്രഹരിച്ചു. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ ആന്റിഷിപ് ക്രൂസ് മിസൈല്‍ കേന്ദ്രത്തിലാണ് ആക്രമണമെന്ന് യുഎസ് സെന്‍ട്രൽ കമാൻഡ് പറഞ്ഞു.
ഇതാദ്യമായാണ് ഹോർമുസിൽ യുഎസിന്റെ ആക്രമണമുണ്ടാകുന്നത്. ഹോർമുസ് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
അതിനിടെ ദേശീയ സുരക്ഷാ മേധാവി അരി ലാരീജാനി ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ പ്രതികരണം.
ഹോർമുസ് ഇനി ഒരിക്കലും പഴയതു പോലെ ആകില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രണമുണ്ടാകാൻ സാധ്യതയുണ്ട്.
ഗൾഫ് രാജ്യങ്ങളും ജാഗ്രതയിലാണ്. അതേസമയം, മുതിർന്ന നേതാക്കൾ ഉൾപ്പെടെ കൊല്ലപ്പെട്ടത് ഇറാന്റെ പ്രതിരോധ ശേഷി കുറച്ചിട്ടുണ്ട്.
നാവിക, വ്യോമസേനകളെ പൂര്‍ണമായും തകർത്തെന്നാണ് യുഎസ് പറയുന്നത്. മിസൈൽ ശേഷിയും കുറഞ്ഞു.
എന്നാൽ യുദ്ധത്തെ തുടർന്ന് വിപണിയിലുണ്ടായ ഇടിവ് മുതലെടുത്ത് നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് നിക്ഷേപകർ.
വിപണിയിൽ ഡിപ് ബയിങ്, വാല്യു ബയിങ് എന്നീ പ്രവണതകൾ പ്രകടമാണ്. ഇന്നലെ യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തിലായിരുന്നു.
രാവിലെ ഏഷ്യൻ വിപണികളും ആവേശത്തിലാണ്. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗ തീരുമാനങ്ങളിലും അടിസ്ഥാന പലിശ നിരക്കിലുമാകും ഇനി നിക്ഷേപകരുടെ ശ്രദ്ധ.
രണ്ടു ദിവസത്തെ ഫെഡ് യോഗം ചൊവ്വാഴ്ച തുടങ്ങി. യോഗ തീരുമാനം ചെയർമാൻ ജെറോം പവൽ ഇന്ന് പ്രഖ്യാപിക്കും.
നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലം രണ്ടു വട്ടം നിരക്കു മാറ്റമുണ്ടാകുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നു.
ഇറാൻ യുദ്ധത്തോടെ ഇത് ഒന്നായി കുറഞ്ഞു. 2026ന്റെ അവസാനമായിരിക്കും നിരക്കു മാറ്റം.
ആശ്വാസ റാലി
ഇന്നലെ തുടർച്ചയായ രണ്ടാം സെഷനിലും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്.
കഴിഞ്ഞ ആഴ്ചയിലെ കനത്ത വിൽപന സമ്മർദത്തിൽ നിന്ന് വിപണിയെ രക്ഷിച്ചത് രാജ്യാന്തര തലത്തിലെ പുതിയ പ്രതീക്ഷകളാണ്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ നിന്ന് താഴെ ഇറങ്ങാത്തതും ഭീഷണിയാണ്.
ഇന്നലെ 568 പോയിന്റുകൾ കയറിയ സെൻസെക്സ് 76,701ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 172 പോയിന്റ് നേട്ടത്തോടെ 23,581ലുമെത്തി. ഏതാണ്ടെല്ലാ മേഖലകളും നേട്ടത്തിലായെങ്കിലും എഫ്എംസിജി, ഐടി സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു.
എന്നാൽ നിഫ്റ്റി മെറ്റൽ, റിയൽറ്റി സെക്ടറുകളിൽ വലിയ വാങ്ങൽ പ്രകടകമായിരുന്നു. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി.
ഇന്ത്യൻ വിപണിയുടെ ആശങ്ക സൂചികയായ വിക്സ് (വിഐഎക്സ്) 8.4 ശതമാനം ഇടിഞ്ഞ് 19.8ലെത്തിയത് ആശ്വാസമാണ്.
എന്നാൽ ക്രൂഡ് ഓയിൽ വില നിലവിലെ സാഹചര്യത്തിൽ തുടർന്നാൽ വിപണി ഒരു 10 ശതമാനമെങ്കിലും തിരുത്തലിലേക്ക് മാറാനുള്ള സാഹചര്യമുണ്ടെന്നും ബ്രോക്കറേജുകള്‍ പറയുന്നു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരമായാലും ഷിപിങ് മേഖല സാധാരണ നിലയിലെത്താൻ മൂന്നു മാസമെങ്കിലും എടുക്കും.
ഇത് പണപ്പെരുപ്പം കൂട്ടാനും നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കാനും ഇടയാക്കും. കുറഞ്ഞത് രണ്ട് ത്രൈമാസങ്ങളിലെങ്കിലും യുദ്ധത്തിന്റെ അലയൊലികൾ കാണപ്പെടുമെന്നും ബ്രോക്കറേജ് സ്ഥാപനമായ എംകേയുടെ റിപ്പോർട്ടിൽ പറയുന്നു.
മടി തുടർന്ന് സ്വർണം
യുദ്ധസാഹചര്യത്തിൽ കുറച്ചു ദിവസങ്ങളായി രാജ്യാന്തര വിപണിയിലെ സ്വർണം ഔൺസിന് 5,000 ഡോളറിൽ ചുറ്റിക്കറങ്ങുകയാണ്.
ഇന്നലെ 5,007 ഡോളറിലാണ് സ്വർണം ക്ലോസ് ചെയ്തത്. ഇന്ന് 4,993 ലേക്ക് ഇറങ്ങുകയും 5,015ലേക്ക് കയറുകയും ചെയ്തെങ്കിലും നിലവിൽ 5,000 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ കേരളത്തിൽ രാവിലെ വില കൂടുകയും പിന്നീട് കുറയുകയും ചെയ്തിരുന്നു. വെള്ളി വില ഔൺസിന് ഒരു ശതമാനത്തോളം കുറഞ്ഞ് 79 ഡോളറിലാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

