മട്ടന്നൂർ ∙ നഴ്സറി ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് നിത്യവും ഓഡിയോ മെസേജുകൾ അയയ്ക്കാൻ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക റീഷ ഇനി ഓർമകളിൽ.
ഇന്നലെ രാവിലെ സ്കൂളിലേക്കുള്ള സ്കൂട്ടർ യാത്രയിലാണ് മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിലെ യുകെജി ക്ലാസ് ടീച്ചർ കെ.റീഷ ബസ് അപകടത്തിൽ മരിച്ചത്. അധ്യാപികയുടെ ഇരട്ടകളായ രണ്ടു പെൺമക്കളും ഇതേ സ്കൂളിൽ വിദ്യാർഥികളാണ്.
കുട്ടികൾ സ്കൂൾ ബസിലും റീഷ ഭർത്താവ് സുധീഷിനൊപ്പം സ്കൂട്ടറിലുമാണ് ഇന്നലെ സ്കൂളിലേക്കു പുറപ്പെട്ടത്. മട്ടന്നൂർ ടൗണിൽ ശിവപുരം റോഡിലേക്കു തിരിയുന്നിടത്താണ് അമിതവേഗത്തിൽ വന്ന ബസ് സ്കൂട്ടറിൽ ഇടിച്ചത്.
റീഷ ബസിനടിയിലേക്കും സുധീഷ് എതിർവശത്തേക്കും തെറിച്ചുവീണു. ബസിന്റെ പിൻചക്രം റീഷയുടെ ദേഹത്തു കയറി.
ടീച്ചറുടെ വേർപാട് ഉൾക്കൊള്ളാനാകാതെ സ്കൂളിൽ ഇന്നലെ തേങ്ങലുയർന്നു.
മരണ വിവരം അറിഞ്ഞ് സ്കൂളിന് അവധി നൽകിയപ്പോൾ അമ്മ എവിടെയെന്നു ചോദിച്ചു കരയുന്ന ഇരട്ടക്കുട്ടികളെ സാന്ത്വനിപ്പിക്കാൻ മറ്റു ടീച്ചർമാർ ഏറെ പ്രയാസപ്പെട്ടു. ഇക്കഴിഞ്ഞ ജൂണിലാണ് കെ.റീഷ അധ്യാപികയായി ജോലിക്കു ചേർന്നത്.
കുട്ടികൾക്കെല്ലാം ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു.
സ്കൂൾ കലോത്സവത്തിൽ കുട്ടികളെ അണിയിച്ചൊരുക്കാൻ ടീച്ചർ കാണിച്ച താൽപര്യവും മിടുക്കും അധ്യാപകരും രക്ഷിതാക്കളും സ്മരിക്കുന്നു.
ഇന്നലെ അപകടമുണ്ടാക്കിയ ബസ് ഇതിനു മുൻപും ഒട്ടേറെ അപകട മരണങ്ങൾക്ക് ഇടയാക്കിയതായി കേസുണ്ട്.
അപകടമുണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധയോടെയും അമിത വേഗത്തിലും പായുന്ന ബസുകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. രാവിലെയാണ് ബസുകളുടെ മരണപ്പാച്ചിൽ ഉണ്ടാകുന്നത്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കാരണം അവർക്ക് നൽകിയിരിക്കുന്ന സമയക്രമം കൂടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഓടിയെത്തണമെന്ന സമ്മർദം ഡ്രൈവർമാരെ അമിത വേഗത്തിന് പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിലും മാറ്റം വരേണ്ടതുണ്ട്.
പോസ്റ്റ്മോർട്ടത്തിനുശേഷം റീഷയുടെ മൃതദേഹം ഇന്നു രാവിലെ 9ന് ജന്മനാടായ ഇടുമ്പയിൽ കൊണ്ടുവരും. പൊതുദർശനത്തിനു ശേഷം 10.30ന് മുണ്ടോറപ്പൊയിലിലെ വീട്ടിലെത്തിക്കും.
തുടർന്നാണ് സംസ്കാരം.
ഭർത്താവ് ഓടിച്ച സ്കൂട്ടറിൽ ബസിടിച്ച് അധ്യാപിക മരിച്ചു
മട്ടന്നൂർ ∙ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്, മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂൾ പ്രീപ്രൈമറി അധ്യാപിക മുണ്ടോറപ്പൊയിലെ ലക്ഷ്മിനിവാസിൽ കെ.റീഷ (36) മരിച്ചു. സ്കൂട്ടർ ഓടിച്ച ഭർത്താവ് സുധീഷിനു (41) പരുക്കേറ്റു.
മട്ടന്നൂർ – തലശ്ശേരി റോഡിൽ ലിങ്ക്സ് മാളിനു മുന്നിൽ രാവിലെ 9ന് ആണ് അപകടം. സ്കൂളിലേക്ക് പോകാനായി ശിവപുരം റോഡിലേക്ക് കയറുന്നതിനിടെയാണ്, തലശ്ശേരിയിൽ നിന്നു മട്ടന്നൂരിലേക്കു വരികയായിരുന്ന ജ്യോതിർമയി ബസ് സ്കൂട്ടറിൽ ഇടിച്ചത്.
ബസിന്റെ ടയറിനടിയിൽ കുടുങ്ങിയ യുവതിയെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂണിലാണ് റീഷ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.
ഇടുമ്പയിലെ പള്ളിപ്രവൻ വിജയൻ – കെ.ശാന്ത ദമ്പതികളുടെ മകളാണ്. ഭർത്താവ്: സുധീഷ് വിമുക്ത ഭടനും ആലുവ കിറ്റെക്സ് ജീവനക്കാരനുമാണ്.
മക്കൾ: ദിയ, ദേവിക (ഇരട്ടക്കുട്ടികൾ). സഹോദരങ്ങൾ: രാഹുൽ, രമ്യ.
മൃതദേഹം ഇന്നു രാവിലെ 9ന് ഇടുമ്പയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 11ന് മുണ്ടോറപ്പൊയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

