ഓച്ചിറ ∙ അലുവ അതുൽ വധവുമായി ബന്ധപ്പെട്ട്് പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നും സംഭവത്തിൽ കൊലയാളികളും പൊലീസും തമ്മിലുള്ള ബന്ധം തെളിക്കുന്ന വിവിധ രേഖകൾ ഉണ്ടെന്നുമുള്ള ആരോപണവുമായി അതുലിന്റെ കുടുംബം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അതുലിന്റെ ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ 7ന് ജാമ്യത്തിലിറങ്ങിയ അതുൽ സുഹൃത്ത് കുക്കു എന്നു വിളിക്കുന്ന മനുവുമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒപ്പ് ഇട്ടശേഷം തിരികെ വീട്ടിലേക്കു കാറിൽ വരുമ്പോൾ പൊലീസ് സ്റ്റേഷന് രണ്ട് കിലോമീറ്റർ അകലെ വച്ചാണു വെട്ടിക്കൊലപ്പെടുത്തിയത്.
കൊലയാളികൾക്ക് അതുൽ പൊലീസ് സ്റ്റേഷനിൽ എത്തുന്ന വിവരവും എത്തിയശേഷം തിരികെ പോകുന്ന വിവരവും വ്യക്തമായി ലഭിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മിക്കപ്പോഴും കാർ ഓടിച്ചിരുന്ന അതുൽ കാർ ഓടിക്കാതെ സമീപ സീറ്റിലാണു ഇരിക്കുന്നതെന്നും വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണു കൊലയാളികൾ കാർ ഇടിച്ചു തെറിപ്പിച്ച ശേഷം കാറിന്റെ ഇടതു ഭാഗത്ത് അതുൽ ഇരുന്ന സ്ഥാനത്ത് ആക്രമണം നടത്തിയതെന്നും ഇവർ പറയുന്നു.
ആക്രമണത്തിലെ മുഖ്യപ്രതി അനീർ മുൻപ് തന്നെ അതുലിന്റെ ബന്ധുവിനോട് അതുലിനെ കൊല്ലാൻ പൊലീസിന്റെ സഹായങ്ങൾ ലഭിക്കുമെന്നു പറഞ്ഞതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
കൊലയ്ക്ക് സഹായം ചെയ്തു എന്ന ആരോപിക്കുന്ന 4 പൊലീസ് ഉദ്യോഗസ്ഥരുടെ പേരും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസിന്റെയും പ്രതികളുടെയും ഫോൺ രേഖകളും പരിശോധിക്കണമെന്നും പ്രതികളെ പൊലീസ് പിടികൂടിയതല്ലന്നും മുൻ ധാരണപ്രകാരം കീഴടങ്ങിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വധഭീഷണി ഉണ്ടായിരുന്നിട്ടും അതുലിന് പൊലീസ് സംരക്ഷണം നൽകിയില്ലെന്നും അതുൽ കൊലക്കേസിൽ പൊലീസിന്റെ പങ്ക് തെളിക്കുന്നതിനു നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കൾ പറയുന്നു.
അതുൽ വധക്കേസിൽ അറസ്റ്റിലായത് 10 പ്രതികൾ
കരുനാഗപ്പള്ളി ∙ ഗുണ്ടാപ്പകയിൽ ഓച്ചിറ മഠത്തിൽക്കാരായ്മ കൃഷ്ണവിലാസം വീട്ടിൽ അതുലിനെ (അലുവ അതുൽ–31) പട്ടാപ്പകൽ ജനമധ്യത്തിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. നേരിട്ടു സംഭവത്തിൽ ഉൾപ്പെട്ടവരും, സഹായികളും ഉൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്.
8 പേരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. മുഴുവൻ പ്രതികളെയും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത പറഞ്ഞു.
സംഭവം നടന്ന ഉടൻ തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമചന്ദ്രനാഥിന്റെ നേതൃത്വത്തിൽ സൗത്ത് സോണിലെ മുഴുവൻ പൊലീസ് മേധാവികളും ഉദ്യോഗസ്ഥരും ഒരുമിച്ചു നടത്തിയ പ്രവർത്തനങ്ങളിലൂടെയാണു 10 പ്രതികളെയും വേഗത്തിൽ പിടികൂടാൻ കഴിഞ്ഞതെന്നു കമ്മിഷണർ പറഞ്ഞു.
കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ വീരപ്പൻ എന്നു വിളിക്കുന്ന എ.അനീർ (32), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ ബ്ലാക്ക് വിഷ്ണു എന്നു വിളിക്കുന്ന കെ.വിഷ്ണു (28), കടത്തൂർ വലിയത് പടിഞ്ഞാറ്റതിൽ മണ്ണെണ്ണ നൗഫൽ എന്നു വിളിക്കുന്ന എ.നൗഫൽ (30), കടത്തൂർ കുന്നേൽ വടക്കതിൽ എസ്.ഹുസൈൻ (31), കുലശേഖരപുരം പുന്നക്കുളം കുറവൻതറ കിഴക്കതിൽ തോമ എന്നു വിളിക്കുന്ന മുഹമ്മദ് ആഷിക് (27), കുലശേഖരപുരം കൊച്ചുവീട്ടിൽ ശങ്കരാടി എന്നു വിളിക്കുന്ന എസ്.ഷംനാദ് (30) എന്നിവരും, ഇവർക്ക് സഹായികളായി പ്രവർത്തിച്ച തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് റഹിം മൻസിലിൽ കഷണ്ടി ഫൈസൽ എന്നു വിളിക്കുന്ന മുഹമ്മദ് ഫൈസൽ ഖാൻ (29), കടത്തൂർ ഫാത്തിമ മൻസിൽ എൻ.അലി ഉമ്മർ (24), തേവലക്കര തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (31), കുലശേഖരപുരം കൊല്ലന്റയ്യത്തു വീട്ടിൽ ടി.ആദിൽ മുഹമ്മദ് (21) എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവരെ ഇന്നലെ തന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പകൽ 11.15 ന് ദേശീയപാതയുടെ നിർമാണം നടക്കുന്ന പുതിയകാവ് ഭാഗത്തു വച്ചാണ് കൊലപാതകം നടന്നത്. അതുൽ സഞ്ചരിച്ച വാഹനം കുഴിയിലേക്കു വീഴ്ത്തി, പിന്തുടർന്നെത്തിയെ കാറിലുണ്ടായിരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയതിനു പകരം വീട്ടിയതാണെന്നാണു നിഗമനം. ജിം സന്തോഷ് വധക്കേസിലെ മറ്റൊരു പ്രതിയായ മനുവിനും പരുക്കേറ്റിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് ആക്രമണം.
കൃത്യത്തിന് ഉപയോഗിച്ച ഹരിയാന റജിസ്ട്രഷനിലുള്ള കാർ തൊടിയൂർ ചെട്ടിയത്തുമുക്കിലുള്ള ഒരു വീട്ടിൽ ഉപേക്ഷിച്ച നിലയിൽ സംഭവ ദിവസം രാത്രി തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർ കടന്നുകളഞ്ഞ കാറും മാരകായുധങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

