ട്രാഫിക്ക് ഇഴഞ്ഞു നീങ്ങുന്ന റോഡിൽ ടാക്സി കാറിന്റെ പിൻസീറ്റിൽ എത്ര നേരം നിങ്ങൾ ഫോണിൽ കുത്തികളിച്ചു കൊണ്ടിരിക്കും? വിമാനത്തിന്റെ പിൻസീറ്റിൽ കാണുന്നത് പോലെയുള്ള സ്ക്രീൻ നിങ്ങളുടെ ടാക്സി കാറിന്റെ പിന്നിലുണ്ടായിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകില്ലേ? വിരസതയകറ്റാൻ റോഡരികിലെ പരസ്യ ഹോർഡിങുകളിൽ കണ്ണുനട്ടിരിക്കാറുണ്ടോ? ഇങ്ങനെയൊരു ചിന്തയാണ് കണ്ടന്റ് ക്രിയേറ്ററായ കല്യാണി മേനോനെ ‘വൈറ്റ് സ്ലേറ്റ്’ എന്ന സ്റ്റാർട്ടപ്പ് തുടങ്ങാൻ പ്രേരിപ്പിച്ചത്. കണ്ടു പരിചരിച്ചതിൽ നിന്ന് വ്യത്യസ്തമായി ഊബർ, ഓല എന്നീ ടാക്സി വാഹനങ്ങളുടെ ഉള്ളിൽ പരസ്യം പ്രദർശിപ്പിക്കുക എന്ന ആശയത്തിന് ഭർത്താവ് മിഥുനും കൂട്ടുനിന്നു. പിന്നീട് സഹോദരിയായ മീനാക്ഷി മേനോൻ സഹോദരി ഭർത്താവ് മാധവ് രാമകൃഷ്ണൻ എന്നിവർ ചേർന്നതോടെ വൈറ്റ് സ്ലേറ്റ് ഇൻ–കാബ് അഡ്വർട്ടൈസിങ് സ്റ്റാർട്ടപ്പിന് തുടക്കമായി.
‘പരസ്യബോർഡുകളിൽ എത്ര പേർ നിങ്ങളുടെ പരസ്യം കാണുന്നുണ്ടെന്ന് പരസ്യദാതാക്കൾ ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ കഴിയുമോ? ഇത്ര പേർ കാണുമെന്ന ഉറപ്പ് നൽകാൻ ആർക്കും പറ്റില്ലല്ലോ.
എന്നാൽ വൈറ്റ് സ്ലേറ്റിന്റെ പരസ്യഡിസ്പ്ലേ സ്ക്രീനിലൂടെ കാബിൽ കയറുന്ന ഒരാൾ പരസ്യം ഒരുവട്ടമെങ്കിലും കണ്ടിരിക്കും. 20 മിനിറ്റിനുള്ളിൽ ഒരു പരസ്യം തന്നെ ആവർത്തിച്ച് കാണിക്കാൻ സാധിക്കും’ – കല്ല്യാണി മേനോൻ പറയുന്നു.
എന്താണ് വൈറ്റ് സ്ലേറ്റ്?
സാധാരണയായി ആളുകൾ പുറത്ത് പോകുമ്പോൾ പരസ്യങ്ങൾ കാണുന്നത് ഹോർഡിങ്ങ്, പോസ്റ്റർ അല്ലെങ്കിൽ മെട്രോ പില്ലറുകളിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകളിലൂടെയാണ്.
തിരക്കേറിയ നിരത്തുകളിൽ യാത്ര ചെയ്യുമ്പോൾ ഇത്തരം പരസ്യ ബോർഡുകൾ കാണാതെ പോകാനുളള സാധ്യതയും ഇരട്ടിയാണ്. കൊച്ചി പോലുള്ള നഗരങ്ങളിൽ ഊബർ കാബുകൾ ഉപയോഗിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ നമ്മൾ യാത്ര ചെയ്യുമ്പോൾ പരസ്യവും നമ്മുടെ കൂടെ യാത്ര ചെയ്യുന്ന തത്വമാണ് വൈറ്റ് സ്ലേറ്റ് ഇൻ–ക്യാബ് അഡ്വർട്ടൈസിങ് സ്റ്റാർട്ടപ്പ് പരീക്ഷിച്ചത്. യാത്രക്കാർ സീറ്റിൽ ഇരുന്നാൽ അനായാസമായി കാണാൻ കഴിയുന്ന തരത്തിലാണ് സ്ക്രീനുകൾ ക്രമീകരിച്ചിരിക്കുന്നത്.
കാബിനുള്ളിലെ മുൻ സീറ്റിനു പിന്നിലായി സ്ഥാപിച്ച സ്ക്രീനുകളിൽ കാണിക്കുന്ന പരസ്യങ്ങൾ യാത്രക്കാരുടെ പൂർണ ശ്രദ്ധ നേടുമെന്ന് കല്യാണി അവകാശപ്പെടുന്നു. അത്യാധുനിക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഒരു ദിവസം എത്ര പരസ്യങ്ങൾ കാണിച്ചുവെന്നും എത്ര പേർ കണ്ടുവെന്നും ആവർത്തിച്ചു വന്ന പരസ്യങ്ങൾ ഏതെന്നും തുടങ്ങി പരസ്യദാതാക്കൾക്ക് വേണ്ട ഡേറ്റയും വിരത്തുമ്പിൽ ലഭ്യമാണ്.
പരസ്യം മാത്രമല്ല ഓഫറുകളും
കൊച്ചിയിൽ നിലവിൽ ഏകദേശം 5,000 ഓൺലൈൻ കാബുകളാണുള്ളത്.
ഇതിന്റെ 10 ശതമാനം അതായത് 500 കാബുകളിലാണ് ഈ ഡിസ്പ്ലേ വച്ചുകൊണ്ട് സംരംഭം തുടങ്ങിയിരിക്കുന്നത്. ഡിസ്പ്ലേ ഓൺ ആകുന്നത് വണ്ടി ഓൺ ആകുമ്പോൾ മാത്രമാണ്.
വണ്ടി ഓഫ് ആയി കഴിയുമ്പോൾ ഡിസ്പ്ലേ ഓഫ് ആകുകയും ചെയ്യും. ഇപ്പോൾ ഒരു യാത്രയിൽ രണ്ട് പേരുണ്ടെങ്കിൽ 500 സ്ക്രീൻസ് ഉള്ളതുകൊണ്ട് തന്നെ ഒരു പ്രാവശ്യം ഒരു പരസ്യം സ്ക്രീനിൽ കാണിക്കുമ്പോൾ കുറഞ്ഞത് ആയിരം പേരെങ്കിലും അത് കാണും.
15 മുതൽ 20 യാത്രകളാണ് ദിവസവും ഒരു കാബിനു ശരാശരി കിട്ടുന്നതെങ്കിൽ കാഴ്ച്ചക്കാരും അതിനനുസരിച്ച് വർധിക്കും.
കൊച്ചിയിൽ നടക്കുന്ന പരിപാടികളും മാളുകളിലെ ഷോപ്പിങ് ഓഫറുകളും കൂടാതെ കാലാവസ്ഥ റിപ്പോർട്ടുകളും വാർത്തകളും സ്ക്രീനുകളിൽ കാണിക്കുന്നത് കൊണ്ട് യാത്രക്കാർക്ക് വിരസത അനുഭവപ്പെടില്ല.
അടുത്ത ലക്ഷ്യം തിരുവനന്തപുരം
ആദ്യ ഘട്ടത്തിൽ 500 സ്ക്രീനുകളാണ് വൈറ്റ് സ്ലേറ്റ് കൊച്ചിയിൽ ലക്ഷ്യമിട്ടത്. മൂന്നു മാസം കൊണ്ടു തന്നെ ആദ്യ ലക്ഷ്യം പൂർത്തിയാക്കി.
ഈ വർഷം അവസാനത്തോടെ 2500 സ്ക്രീനുകളാണ് കൊച്ചിയിൽ അധികമായി ലക്ഷ്യമിടുന്നത്. സോഫ്റ്റ്വയർ അപ്ഡേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സ്ക്രീൻ കൂടുതൽ ഇന്ററാക്ടീവ് ആകുന്നതോടെ യാത്രക്കാർക്ക് ഇഷ്ടാനുസരണം പരസ്യങ്ങൾ കാണാനും ഓഫറുകൾ തൽസമയം പരിശേധിക്കാനും സാധിക്കും. നവംബറോടെ തിരുവനന്തപുരത്തേക്ക് പ്രവർത്തനം വ്യാപിക്കും – സംരഭകരിലൊരാളായ മിഥുൻ മുരളി പറഞ്ഞു.
വിശദവിവരങ്ങൾക്ക് : 9048090485 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

