പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചാണ് ഇറാൻ ലോകത്തെ ഞെട്ടിച്ചത്. കനത്ത തിരിച്ചടി നേരിടുന്നുണ്ടെങ്കിലും ഇതുവഴിയുള്ള കപ്പൽ ഗതാഗതം തടയാൻ ഇറാന് കഴിയുന്നുണ്ട്.
ഇറാനൊപ്പം ലബനനിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഒരു കാലത്ത് ഇറാന്റെ പിന്നിൽ അണിനിരന്ന യെമനിലെ ഹൂതികളുടെ അസാനിധ്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഹൂതികൾ യുദ്ധത്തിൽ നേരിട്ട് പ്രവേശിച്ചിട്ടില്ല.
ഹൂതികളുടെ അസാന്നിധ്യം അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹൂതികളും യുദ്ധത്തിൽ പ്രവേശിച്ചേക്കുമെന്നാണ് വിവരം.
അങ്ങനെയാണെങ്കിൽ ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകവ്യാപാരത്തിൽ നിർണായകമായ മറ്റൊരു കടലിടുക്ക് കൂടി സംഘർഷത്തിന് വേദിയാകും.
യെമനിലെ ഷിയാ ന്യൂനപക്ഷമായ സെയ്ദി വിഭാഗത്തിലെ സായുധ ഗ്രൂപ്പാണ് ഹൂതികൾ. ഇറാൻ നേതൃത്വം നൽകുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ ഭാഗം.
1990കളിലാണ് ഇവരുടെ ഉദയം. യെമനിലെ ഔദ്യോഗിക ഭരണത്തിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന ഇവർ ഇതുവരെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രംഗത്തിറങ്ങിയിട്ടില്ല.
കഴിഞ്ഞ വർഷങ്ങളിൽ യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾ ഹൂതികളുടെ ശക്തി ക്ഷയിപ്പിച്ചെന്നാണ് കരുതുന്നത്. ഇറാനുമായി വിശ്വാസപരമായി ഏറെ അടുത്തു നിൽക്കുന്നവരല്ല ഹൂതികൾ.
അതുകൊണ്ട് തന്നെ സൗദി അടക്കമുള്ള ഏതെങ്കിലും ഗൾഫ് രാജ്യങ്ങളുമായി സമാധാന ശ്രമങ്ങൾക്ക് ഹൂതികൾ തയാറായേക്കുമെന്നും ഒരു വിഭാഗം അനലിസ്റ്റുകൾ പറയുന്നു. എന്നാൽ എന്തിനും തയാറാണെന്ന് അടുത്തിടെ ഹൂതികളുടെ നേതാവ് അബ്ദുള്ള അൽഹൂതി പ്രതികരിച്ചിരുന്നു.
ഇത് അപകട മുന്നറിയിപ്പായി കാണുന്നവരുമുണ്ട്.
ഇറാന്റെ തന്ത്രം
മറ്റ് ചില അനലിസ്റ്റുകൾ പറയുന്നത് ഇപ്പോഴത്തേത് ഇറാന്റെ യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്നാണ്.
ഹൂതികളെ തൽകാലം യുദ്ധത്തിന്റെ ഭാഗമാക്കേണ്ടെന്നും സമയമാകുമ്പോൾ രംഗത്തിറക്കാമെന്നുമാണ് ഇറാന്റെ തന്ത്രം. യുഎസ് – ഇസ്രയേൽ സേനയുടെ ശ്രദ്ധതിരിക്കാൻ കൂടിയാണ് ഈ നീക്കമെന്നും ചിലർ കരുതുന്നു.
ഇറാനുമായി ചേർന്നുള്ള തന്ത്രപരമായ നീക്കമാണ് ഹൂതികൾ നടത്തുന്നത്. ചെങ്കടലിന് സമീപം ഹൂതികൾ യുദ്ധത്തിന് തയാറെടുക്കുന്നതിന്റെ തെളിവുകൾ ലഭിച്ചതായി ഇന്റലിജൻസ് ഏജൻസികളും പറയുന്നുണ്ട്.
ഹൂതികൾ കൂടി രംഗത്തിറങ്ങിയാൽ അത് ലോക വ്യാപാരത്തിന് കൂടുതൽ തിരിച്ചടിയാകും. യുഎസ് – ഇസ്രയേൽ സഖ്യം ആക്രമണം കടുപ്പിക്കാനും ഇതിലേക്ക് കൂടുതൽ രാജ്യങ്ങൾ ചേരാനും സാധ്യതയുണ്ടെന്നും അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
ഇത് യുദ്ധം കൂടുതല്‍ നീണ്ടുപോകാനും ഇടയാക്കിയേക്കും.
കപ്പലുകൾക്ക് വൻ ഭീഷണി
ലോകവ്യാപാരത്തിൽ നിർണായകമായ ഇടമാണ് ചെങ്കടലിലൂടെയുള്ള കടല്പാത. ഗാസ – ഇസ്രയേൽ യുദ്ധമുണ്ടായ സമയത്ത് രണ്ടു വർഷത്തോളം ഇതുവഴിയുള്ള കപ്പൽ ഗതാഗതത്തിന് ഹൂതികൾ ഭീഷണിയായിരുന്നു.
നിരവധി കപ്പലുകളെ തകർക്കുകയും പത്തിലധികം നാവികരെ കൊലപ്പെടുത്തുകയും ചെയ്തു. ഇസ്രയേൽ ബന്ധമുള്ള കപ്പലുകളായിരുന്നു ഇവരുടെ ലക്ഷ്യം.ഹോർമുസിൽ കപ്പലുകൾക്ക് അകമ്പടി നൽകാൻ യുഎസും സഖ്യകക്ഷികളും തീരുമാനിച്ചാൽ ഹൂതികൾ ചെങ്കടലിൽ ആക്രമണം ശക്തമാക്കുമെന്നാണ് കരുതുന്നത്.
ഗൾഫ് ഓഫ് ഏദനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബൽ മൻദബായിരിക്കും നിർണായകം. ഗൾഫ് രാജ്യങ്ങളിലെ എണ്ണ സംഭരണ, നിർമാണ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താനും ഹൂതികൾക്ക് കഴിഞ്ഞേക്കും.
വ്യാപാരത്തിന് തിരിച്ചടി
ബാബൽ മൻദബ് അഥവാ കണ്ണീരിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട
സമുദ്ര പാതകളിലൊന്നാണ്. 32 കിലോമീറ്റർ വീതിയുള്ള ഈ പ്രദേശം കടക്കാതെ ഏഷ്യയിൽ നിന്ന് യൂറോപിലേക്കുള്ള കപ്പലുകൾക്ക് സൂയസ് കനാലിലേക്ക് പ്രവേശിക്കാൻ ആകില്ല.
പ്രതിവര്‍ഷം 17,000 കപ്പലുകൾ വരെ ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. സൂയസ് കാനൽ വഴിയുള്ള ഗതാഗതം തടസപ്പെട്ടാൽ ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള വ്യാപാരവും വൈകും.
ഏഷ്യയിൽ നിന്ന് യൂറോപിലേക്കുള്ള കപ്പലുകൾക്ക് സൂയസ് വഴി പോകാൻ 20–25 ദിവസങ്ങൾ മതി. എന്നാൽ സൂയസ് ഒഴിവാക്കി ആഫ്രിക്കൻ മുനമ്പ് ചുറ്റിപ്പോകാൻ 10–15 ദിവസങ്ങൾ അധികം വേണ്ടി വരും.
ലോക വ്യാപാരത്തിന്റെ 12 ശതമാനവും കടൽമാര്‍ഗമുള്ള ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ 12 ശതമാനവും ഇതുവഴിയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

