എൽപിജി ക്ഷാമം വന്നതോടെ നാട്ടിലാകെ ഹോട്ടലുകൾ വ്യാപകമായി പൂട്ടുന്നത് പലരുടെയും ‘അന്നം’ മുട്ടിച്ചിട്ടുണ്ട്. എങ്കിലും, പിടിച്ചുനിൽക്കുന്ന ഹോട്ടലുകളും ധാരാളം.
കേരളത്തിൽ ഇപ്പോൾ ഏതൊക്കെ ഹോട്ടലുകളാണ് തുറന്നിരിക്കുന്നത് എന്ന് എങ്ങനെ അറിയും? ആ ഹോട്ടലുകളിൽ എന്തൊക്കെ ഭക്ഷണമുണ്ടാകും? ഇതൊക്കെ ഉടനടി അറിയാനുള്ള വെബ്സൈറ്റ് അതിവേഗമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് രണ്ട് ചെറുപ്പക്കാർ. കന്റീൻ അടച്ചതുവഴി ബുദ്ധിമുട്ടുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ, ഹോസ്റ്റലുകളിൽ താമസിക്കുന്നവർ, വഴിയാത്രക്കാർ തുടങ്ങിയവർക്കെല്ലാം ഏറെ ഉപകാരപ്രദമായ ഉദ്യമത്തിന്റെ പേര് ‘ഗ്യാസുണ്ടോ’.
സുഹൃത്തുക്കളുമൊത്ത് ഭക്ഷണം കഴിക്കാനുള്ള പദ്ധതി ഗ്യാസ് പ്രതിസന്ധി കാരണം പൊളിഞ്ഞതിന് പിന്നാലെയാണ് കണ്ണൂർ സ്വദേശിയായ വൈശാഖ് സുരേഷും ആലപ്പുഴക്കാരനായ വിശ്വനാഥ കർത്തയും ഗ്യാസുണ്ടോ എന്ന ഉദ്യമത്തിലേക്ക് എത്തിയത്.
കൊച്ചി ഇൻഫോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരായ ഇരുവരും കഴിഞ്ഞ ദിവസമാണ് ഓഫീസിലെ സുഹൃത്തുക്കൾക്കൊപ്പം ഡിന്നർ കഴിക്കാൻ തീരുമാനിച്ചത്. തിരക്കു വേണ്ടെന്ന് കരുതി വിഭവങ്ങളൊക്കെ നേരത്തെ ബുക്ക് ചെയ്തു.
ഭക്ഷണം കഴിക്കാൻ നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് റസ്റ്ററന്റുകാരുടെ കോളെത്തി. ഉച്ചയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച എൽപിജി ഇതുവരെ കിട്ടിയിട്ടില്ല, മെനുവിൽ മാറ്റം വരുത്തണം – ഇതായിരുന്നു മറുപടി.
റസ്റ്ററന്റിലെത്തി പരിമിതമായ മെനു അനുസരിച്ച് ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ഇരുവരും ഒരു തീരുമാനമെടുത്തു, ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം.
അന്ന് രാത്രി 10.30ഓടെ കൊച്ചി കളമശേരിയിലെ ടിങ്കർ സ്പേസിലെത്തി. സാങ്കേതിക വിദ്യയിൽ തൽപരരായവർക്ക് സൗജന്യമായി 24 മണിക്കൂറും ഉപയോഗിക്കാൻ കഴിയുന്ന ഇടമാണിത്.
രാത്രി മുഴുവൻ നീണ്ട കോഡിങ്.
കൊച്ചിയിലെ റസ്റ്ററന്റുകളുടെ നിലവിലെ സ്റ്റാറ്റസ് ഓൺലൈനായി രേഖപ്പെടുത്തുക, ഇതായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന ഓപ്പൺ സോഴ്സ് മാപ്പാണ് ഉപയോഗിച്ചത്.
കൊച്ചിയിലെ ഏകദേശം 2,500 റസ്റ്ററന്റുകളെ മാപ്പിൽ അടയാളപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.
12 മണിക്കൂർ എടുത്താണ് ഗ്യാസ് ഉണ്ടോയ്ക്ക് വേണ്ട കോഡിങ് പൂർത്തിയാക്കിയതെന്ന് വൈശാഖ് സുരേഷ്
പറഞ്ഞു.
എന്താണ് ഗ്യാസ് ഉണ്ടോ?
കൊച്ചി നഗരത്തിലെ ഏതൊക്കെ റസ്റ്ററന്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്, ഏതൊക്കെയാണ് അടച്ചു പൂട്ടിയത്, എവിടെയൊക്കെയാണ് മെനുവിൽ നിയന്ത്രണമുള്ളത് തുടങ്ങിയ നിരവധി വിവരങ്ങൾ വെബ്സൈറ്റ് പരിശോധിച്ചാൽ അറിയാം.
ഭക്ഷണം കഴിക്കാൻ എത്തുന്നവർ റസ്റ്ററന്റിലെ നിലവിലെ സ്ഥിതി അപ്ഡേറ്റ് ചെയ്യുന്നതാണ് പ്രവർത്തന രീതി.
റസ്റ്ററന്റ് ഉടമകൾക്കും ഇതിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ മറ്റുള്ളവർക്ക് ‘അപ്വോട്ട്’ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
നാലുപേർ അപ്വോട്ട് ചെയ്ത അപ്ഡേറ്റ് ആധികാരികമാണെന്ന് ഉറപ്പിക്കാം. മാത്രവുമല്ല എത്ര സമയം മുമ്പാണ് വിവരങ്ങള്‍ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തതെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്.
www.gasundo.live എന്ന വിലാസത്തിൽ എത്തിയാൽ ഇതിലെ സേവനങ്ങൾ ഉപയോഗിക്കാം.
ഇതിനോടകം അയ്യായിരത്തോളം പേർ വെബ്സൈറ്റ് സന്ദർശിച്ചെന്ന് വൈശാഖ് പറയുന്നു. നൂറോളം പേർ റസ്റ്ററന്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
സമൂഹം നേരിടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് ഗ്യാസ് ഉണ്ടോ നിർമിച്ചത്. അതുകൊണ്ട് വെബ്സൈറ്റിൽ പരസ്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
നിലവിൽ കൊച്ചി നഗരത്തിൽ മാത്രമാണ് ഗ്യാസ് ഉണ്ടോ പ്രവർത്തിക്കുക. ആളുകളുടെ പ്രതികരണം നോക്കിയ ശേഷം സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്നും വൈശാഖ് പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

