പാവറട്ടി ∙വീണ്ടും ഷീല സണ്ണി കേസിനു സമാനമായ കേസ് ജില്ലയിൽ. പ്രതികൾ ചതിയിൽ കുരുക്കാനുദ്ദേശിച്ചത് ഒരു വനിതയെയും അവരുടെ മകനെയും.
മുല്ലശേരി സ്വദേശിനിയുടെ വീടിനുള്ളിൽ രാസലഹരി വച്ച് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിലായി. ചാവക്കാട് തൈക്കാട് സ്വദേശി കുളങ്ങര വീട്ടിൽ ഹമീദ് (51), വിയ്യൂർ കോലഴി സ്വദേശി അറയ്ക്കൽ വീട്ടിൽ രഞ്ജിത്ത്(42) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 5നാണ് കേസിനാസ്പദമായ സംഭവം. ഡാൻസാഫ് അന്വേഷണ സംഘം എസ്ഐ കെ.വി.വിജിത്തിന് മുല്ലശേരി സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ രാസലഹരി വിൽപനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും സ്ത്രീയുടെ മകന് ഇതുമായി ബന്ധമുണ്ടെന്നും രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണസംഘം വീടിനുള്ളിൽ നിന്ന് 1.1 ഗ്രാം രാസലഹരി കണ്ടെത്തി. പക്ഷേ ലഹരിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിൽ വീട്ടിലുള്ളവർക്ക് രാസലഹരിയുമായി ബന്ധമില്ലെന്ന് പൊലീസിന് വ്യക്തമായി.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയൂള്ള വിദഗ്ധ അന്വേഷണത്തിന്റെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാസലഹരി കണ്ടെത്തിയ വീട്ടിലെ സ്ത്രീയുടെ മകനും പ്രതിയായ ഹമീദും തമ്മിലുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ മകനെ കള്ളക്കേസിൽ കുടുക്കാനായി നടത്തിയ നാടകമാണിതെന്ന് പൊലീസ് പറഞ്ഞു.
കൂട്ടു പ്രതിയായ രഞ്ജിത്ത് വഴിയാണ് രാസലഹരി വീടിനുള്ളിൽ വച്ചത്. ഇതിന് വലിയ തുക രഞ്ജിത്തിന് ഹമീദ് വാഗ്ദാനം ചെയ്തു.
വിൽപനയ്ക്കായി വീട് നോക്കാനെന്ന വ്യാജേന സ്ത്രീകളടങ്ങുന്ന സംഘവുമായെത്തിയ രഞ്ജിത്ത് മുല്ലശേരിയിലെ വീട്ടിൽ രാസലഹരി ഒളിപ്പിച്ച് വച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സംശയം തോന്നിയ പൊലീസിന് തുടരന്വേഷണത്തിൽ ഹമീദിന്റെ വ്യക്തിവൈരാഗ്യവും കള്ളക്കേസിൽ കുടുക്കാനുള്ള തന്ത്രവും വ്യക്തമായതോടെയാണ് പ്രതികൾ അറസ്റ്റിലായത്.
പ്രതിയായ ഹമീദിനെ അറസ്റ്റ് ചെയ്യാൻ ബലപ്രയോഗം വേണ്ടിവന്നു. ഹമീദിന് വിവിധ സ്റ്റേഷനുകളിലായി 9 ക്രിമിനൽ കേസുകളും രഞ്ജിത്തിന് വിവിധ സ്റ്റേഷനുകളിലായി 8 കേസുകളും ഉള്ളതായി പൊലീസ് പറഞ്ഞു.
പാവറട്ടി പൊലീസ് എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ, എസ്ഐ പി.സി.അനുരാജ്, ഡാൻസാഫ് എസ്ഐ കെ.വി.വിജിത്ത്, പാവറട്ടി എഎസ്ഐ ഷെജിത്ത്, സീനിയർ സിപിഒ അലക്സാണ്ടർ, സിപിഒമാരായ വിനീത്, ഹരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോളിളക്കമുണ്ടാക്കിയ ഷീല സണ്ണി കേസ്
ചാലക്കുടി ടൗണിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ പെടുത്തിയ പ്രതികൾ നിയമത്തിന്റെ വലയിലായത് ആശ്വാസമായെങ്കിലും ഷീലയുടെ ജീവിതത്തിൽ കേസിൽപ്പെട്ടതിന്റെ ആഘാതം വരുത്തിയ മുറിവുകൾ വലുതാണ്.
മരുമകളുടെ സഹോദരി ലിവിയയാണു വ്യാജ എൽഎസ്ഡി സ്റ്റാംപ് ഇവരുടെ ബാഗിൽ വച്ചതെന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ലിവിയയും ഗൂഢാലോചനയിൽ പങ്കുള്ള തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണ ദാസും അറസ്റ്റിലായെങ്കിലും പിന്നീടു ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
2023 മാർച്ച് 27നാണു ഷീല സണ്ണിയുടെ സ്കൂട്ടറിൽ അവരുടെ ബാഗിലാക്കിയ നിലയിൽ വ്യാജ ലഹരി സ്റ്റാംപ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. താൻ നിരപരാധിയാണെന്ന് അവർ കരഞ്ഞു പറഞ്ഞെങ്കിലും ജാമ്യമില്ലാ വകുപ്പു ചുമത്തി 72 ദിവസം ജയിലിലടച്ചു.
പിന്നീടു നടത്തിയ ലാബ് പരിശോധനയിൽ ഇതു വ്യാജ സ്റ്റാംപ് ആണെന്നു തിരിച്ചറിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. തുടർന്നു ഷീല നടത്തിയ നിമയപ്പോരാട്ടത്തിലാണു ബന്ധുവായ ലിവിയയും ആൺസുഹൃത്ത് നാരായണദാസും കുടുങ്ങിയത്.
എന്നാൽ പിന്നീടും ഷീലയുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. സുമനസ്സുകൾ ബ്യൂട്ടി പാർലർ സജ്ജമാക്കി നൽകിയെങ്കിലും കേസിൽ പെട്ടയാളെന്ന പേരിൽ സമൂഹം ഒറ്റപ്പെടുത്തിയതോടെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു.
പിന്നീടു ചെന്നൈയിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്കു പോയെങ്കിലും അതും ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ കൊല്ലത്തു ഫിസിയോതെറപ്പി സ്ഥാപനത്തിലാണു ജോലി.
ഭർത്താവിനൊപ്പം കൊരട്ടിയിലാണു താമസം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

