പശ്ചിമേഷ്യൻ സംഘർഷം പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയുടെ അടിവേരിളക്കുന്നു. ഇപ്പോൾതന്നെ കടംകയറി നിലയില്ലാക്കയത്തിലായ പാക്കിസ്ഥാന് യുദ്ധത്തെ തുടർന്നുള്ള ക്രൂഡ് ഓയിൽ വിലക്കുതിപ്പ് കനത്ത ഇരുട്ടടിയായി.
പെട്രോൾ, ഡീസൽ വില ഉടൻ കൂട്ടണമെന്ന രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആജ്ഞ അനുസരിക്കേണ്ട നിവൃത്തികേടിലായ പാക്കിസ്ഥാനി സർക്കാരിനെതിരെ വ്യവസായ, വാണിജ്യ മേഖലകളിൽ നിന്നുൾപ്പെടെ പ്രതിഷേധവും ശക്തം.
ഐഎംഎഫിന് വഴങ്ങിയ സർക്കാർ പെട്രോൾ ലിറ്ററിന് 55 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.
ഇതോടെ വില ലിറ്ററിന് 321.17 രൂപയായി (ഇന്ത്യൻ രൂപയിൽ 106.13 രൂപ). ലിറ്ററിന് 335.86 രൂപയിലാണ് ഡീസൽ വിൽപന (110.99 ഇന്ത്യൻ രൂപ).
ഇന്ത്യയിൽ പെട്രോളിന് ലിറ്റിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില (തിരുവനന്തപുരം വില).
പ്രതിസന്ധിയുണ്ടായിട്ടും ഇന്ത്യൻ സർക്കാർ പെട്രോൾ, ഡീസൽ വില കൂട്ടാത്തതും ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാനിൽ പ്രതിഷേധം. 28 ദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്നും 3 എണ്ണക്കപ്പലുകൾ വൈകാതെ പാക്കിസ്ഥാനിലെത്തുമെന്നും പെട്രോളിയം മന്ത്രി അലി പർവേയ്സ് മാലിക് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലും പക്ഷേ പെട്രോൾ, ഡീസൽ വില കൂട്ടാൻ സർക്കാർ വഴങ്ങിയതാണ് വ്യവസായികളെ ഉൾപ്പെടെ ചൊടിപ്പിക്കുന്നത്.
പെട്രോളിയം ഉൽപന്നങ്ങൾക്കുമേലുള്ള കടുംപിടിത്തം ഒഴിവാക്കണമെന്ന് ഐഎംഎഫിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ എത്തിയതോടെ പാക്കിസ്ഥാന്റെ എണ്ണ ഇറക്കുമതിച്ചെലവിൽ 60 കോടി ഡോളറിന്റെ (ഏകദേശം 5,000 കോടി ഇന്ത്യൻ രൂപ) വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
പെട്രോളിയം ഉൽപന്നങ്ങൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാനി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോൾ പമ്പുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ് പാക്കിസ്ഥാനിൽ.
ഇന്ധനവില കൂടിയതോടെ രാജ്യത്ത് പണപ്പെരുപ്പം കത്തിക്കയറാനുള്ള സാഹചര്യവും ഒരുങ്ങി. ഇത് വർഷങ്ങളായി സാമ്പത്തികഞെരുക്കം നേരിടുന്ന പാക്കിസ്ഥാനി ജനതയ്ക്ക് കൂടുതൽ തിരിച്ചടിയാകും.
അതേസമയം, സാമ്പത്തികാഘാതം രൂക്ഷമായേക്കുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനി ഓഹരി വിപണിയിലെ (പിഎസ്എക്സ്) കെഎസ്ഇ-100 സൂചിക ഇന്ന് ഇടിഞ്ഞത് 13,157 പോയിന്റാണ് (8.35%).
നഷ്ടം അസഹനീയമായതോടെ വ്യാപാരത്തിന്റെ ആദ്യമണിക്കൂറിൽതന്നെ പ്രവർത്തനം നിർത്തിയുംവച്ചു. പിന്നീട് വ്യാപാരം പുനരാരംഭിച്ചപ്പോൾ നഷ്ടം 10,000 പോയിന്റിലേക്ക് കുറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

