ഇറാനെതിരായ യുഎസിന്റെ യുദ്ധം അവസാനിപ്പിക്കാനായി സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പൊളിഞ്ഞു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെതന്നെ സെനറ്റർ റാൻഡ് പോളും ഡെമോക്രാറ്റ് സെനറ്റർ ടിം കെയിനും ചേർന്നായിരുന്നു ബിൽ അവതരിപ്പിച്ചത്.
ഇവർ 47 വോട്ടുനേടിയപ്പോൾ ബില്ലിനെ എതിർത്തത് 53 പേർ. ഡെമോക്രാറ്റ് സെനറ്ററായ ജോൺ ഫെറ്റർമനും ബില്ലിനെ എതിർത്തു.
കുറഞ്ഞത് 50 പേർ പിന്തുണച്ചാലേ ബിൽ പാസാകുമായിരുന്നുള്ളൂ. ഇതോടെ, ഇറാനെതിരായ പോരാട്ടം കൂടുതൽ രൂക്ഷമാക്കാൻ ഇനി ട്രംപിന് കഴിയും.
വെടിനിർത്താൻ രഹസ്യ അപേക്ഷ
അതേസമയം വെടിനിർത്തൽ വേണമെന്ന് അഭ്യർഥിച്ച് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം യുഎസ് ഏജൻസിയായ സിഐഎയെ സമീപിച്ചുവെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നു. യുഎസ്-ഇസ്രയേലി സംഖ്യം ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്നായിരുന്നു മറ്റൊരു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെ ഇറാന്റെ നീക്കം.
എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിലാക്കാൻ ഇറാന് കഴിയുമോ എന്ന സംശയം ഇതിനിടെ യുഎസ് ഉദ്യോഗസ്ഥർ ഉന്നയിച്ചെന്നും റിപ്പോർട്ടിലുണ്ട്.
കാരണം, ആക്രമണത്തിൽ പരമോന്നത നേതാവ് ഖമനയിയും ഉന്നത കമാൻഡർമാരും ഉൾപ്പെടെ കൊല്ലപ്പെട്ടതോടെ നേതൃത്വമില്ലാത്ത അവസ്ഥയിലാണ് ഇറാൻ സേന. വെടിനിർത്തൽ ആര് പ്രഖ്യാപിക്കുമെന്നും ആര് അനുസരിക്കുമെന്നുമുള്ള സംശയമാണ് യുഎസ് ഉയർത്തിയത്.
പറ്റില്ലെന്ന് ഇസ്രയേൽ
വെടിനിർത്തൽ ആവശ്യം തള്ളണമെന്ന് ഇസ്രയേലും ഇതിനിടെ യുഎസിനോട് ആവശ്യപ്പെട്ടു.
ഇറാന്റെ സൈനികശക്തി പൂർണമായും നശിപ്പിക്കുംവരെ യുദ്ധം തുടരാനാണ് നിലവിൽ യുഎസും ഇസ്രയേലും ഉദ്ദേശിക്കുന്നത്. ഇറാൻ ആണവായുധവും മിസൈലുകളും നിർമിക്കുന്നതും തടയും.
ഇറാനുമായി ഒരു ചർച്ചയ്ക്കുള്ള സാധ്യത കഴിഞ്ഞുവെന്ന സൂചന ഇതിനിടെ യുഎസ് പ്രസിഡന്റ് ട്രംപും നൽകിയിരുന്നു.
ഖമനയിക്ക് പകരക്കാരനായി ആരെ തിരഞ്ഞെടുത്താലും വധിക്കുമെന്ന് ഇറാന് ഇതിനിടെ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെഹ്റാനിലും ലബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
കടലും തിളയ്ക്കുന്നു!
ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ നേവിയുടെ കപ്പൽ ഇതിനിടെ ടോർപിഡോ ആക്രമണത്തിലൂടെ യുഎസ് തകർത്തതും 87 പേർ കൊല്ലപ്പെട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
ഇറാനാകട്ടെ ഗൾഫ് രാഷ്ട്രങ്ങളിലുടനീളം അമേരിക്കൻ സൈനികതാവളങ്ങളും എംബസികളും എണ്ണ റിഫൈനറികളും തുറമുഖങ്ങളും ഉന്നമിട്ട് ആക്രമണം കടുപ്പിക്കുകയുമാണ്.
ഹോർമുസിൽ ചൈനയ്ക്ക് മാത്രം പച്ചക്കൊടി
ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ സുഹൃദ് രാഷ്ട്രമായ ചൈനയുടെ കപ്പലുകൾക്ക് മാത്രം യാത്രാനുമതി നൽകിയെന്നാണ് വിവരം. മറ്റു കപ്പലുകൾ പ്രവേശിച്ചാൽ തകർക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഹോർമുസ് വഴി പോകുന്ന കപ്പലുകൾക്ക് യുഎസ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും യുഎസ് നാവികസേന അകമ്പടിപോകുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും ഈ ‘ഓഫർ’ ആവർത്തിച്ചു.
എണ്ണവില മേലോട്ട്, സ്വർണത്തിന് ചാഞ്ചാട്ടം
യുദ്ധവും ഹോർമുസ് പ്രതിസന്ധിയും എണ്ണവിലയുടെ കുതിപ്പിന്റെ ‘സ്പീഡ്’ കുറച്ചെങ്കിലും വർധന തുടരുകയാണ്.
ബ്രെന്റ് ക്രൂഡ് വില ഇന്നുരാവിലെ ബാരലിന് 2.15% ഉയർന്ന് 83.15 ഡോളറിൽ എത്തി. യുഎസ് ക്രൂഡ് വില 2.73% മുന്നേറി 76.70 ഡോളറും.
അതേസമയം, സ്വർണത്തിന് ആവേശം നഷ്ടപ്പെട്ടു. ഔൺസിന് 5,170-80 ഡോളർ നിലവാരത്തിൽതന്നെ വില തുടരുകയാണ്. കഴിഞ്ഞയാഴ്ച 5,400ന് മുകളിലേക്ക് ഉയർന്നെങ്കിലും ഈയാഴ്ച താഴ്ന്നു.
ഇന്ന് ഒരുവേള 5,112 വരെ താഴ്ന്നശേഷമാണ് ഇപ്പോൾ 5,180ലേക്ക് ഉയർന്നത്. കേരളത്തിൽ ഇന്ന് വമ്പൻ കുതിപ്പിന് സാധ്യതയില്ല.
ഓഹരികളിൽ വൻ തിരിച്ചുകയറ്റം
യുദ്ധം ഏറെക്കാലം നീളില്ലെന്നും ഹോർമുസിൽ കപ്പലുകൾക്ക് സംരക്ഷണം നൽകുമെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെ ഓഹരി വിപണികൾ വീണ്ടും നേട്ടത്തിന്റെ ട്രാക്ക് പിടിച്ചുതുടങ്ങി.
യുഎസിൽ ഇന്നലെ ഡൗ ജോൺസ് 0.49%, നാസ്ഡാക് 1.29%, എസ് ആൻഡ് പി500 സൂചിക 0.78% എന്നിങ്ങനെ ഉയർന്നു. ഫ്യൂച്ചേഴ്സ് വിപണിയിൽ 3 സൂചികകളും 0.3%വരെ കയറി.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.80%, ഡാക്സ് 1.74% എന്നിങ്ങനെ ഉയർന്നു.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയയുടെ നേട്ടം 2.59%.
ഹോങ്കോങ് 1.31%, ഷാങ്ഹായ് 0.44% എന്നിങ്ങനെ ഉയർന്നു.
∙ കഴിഞ്ഞ ദിവസങ്ങളിൽ ചോരപ്പുഴയായിരുന്ന ദക്ഷിണ കൊറിയയുടെ കോസ്പി ഇന്ന് 12% കുതിച്ചുകയറി. സൂചികയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന ഏകദിന നേട്ടങ്ങളിലൊന്നാണിത്.
ഇന്ത്യയ്ക്കും പ്രതീക്ഷ, ഗിഫ്റ്റ് നിഫ്റ്റിക്കും ആവേശം
നേട്ടത്തിലേക്ക് ഇന്നുതന്നെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഓഹരി വിപണിയും.
രാവിലെ ഗിഫ്റ്റ് നിഫ്റ്റി 150 പോയിന്റ് മുന്നേറിയത് വലിയ ആവേശം പകരും. ഇന്നലെ സെൻസെക്സ് 1,122 പോയിന്റും (-1.40%) നിഫ്റ്റി 385 പോയിന്റും (-1.55%) നഷ്ടത്തിലേക്ക് വീണിരുന്നു.
ഐടി ഒഴികെയുള്ള മിക്ക ഓഹരികളും കനത്ത വിറ്റൊഴിയൽ സമ്മർദത്തിലേക്ക് വീണിരുന്നു.
ചൈനയിൽ കടുത്ത പ്രതിസന്ധി, ജിഡിപി അനുമാനം വെട്ടിക്കുറച്ചു
2026ലെ ജിഡിപി വളർച്ചാപ്രതീക്ഷ ഇതിനിടെ ചൈന 4.5 മുതൽ 5 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. 1990ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളർച്ചനിരക്കായിരിക്കും ഇത്.
പണച്ചുരുക്കവും (ഉൽപന്നങ്ങൾക്ക് നെഗറ്റീവ് വില) ആഗോള വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധികളുമാണ് ചൈനയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.
റഷ്യൻ എണ്ണക്കപ്പൽ വീണ്ടും
ഗൾഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ വീണ്ടും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടാനുള്ള നീക്കം തുടങ്ങിയെന്ന് സൂചന. 95 ലക്ഷം ബാരലുമായി റഷ്യൻ എണ്ണക്കപ്പലുകൾ പുറപ്പെട്ടെന്നും ഈയാഴ്ച തന്നെ ഇന്ത്യയിലെത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
ഇന്ത്യയെ സഹായിക്കാൻ എപ്പോഴും സന്നദ്ധമാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം.
ട്രംപിന്റെ 15% താരിഫ് ഈയാഴ്ച
പകരംതീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് എല്ലാ രാജ്യങ്ങൾക്കുമേലും പ്രഖ്യാപിച്ച 15% തീരുവ ഈയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു. നിലവിൽ സെക്ഷൻ 122 പ്രകാരമുള്ള 10% തീരുവ മാത്രമാണ് ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും ബാധകം.
ഇത് 15 ശതമാനക്കിയെന്ന് ട്രംപ് പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. അടുത്ത ഓഗസ്റ്റോടെ സുപ്രീം കോടതി വിധിക്ക് മുൻപുള്ള നിരക്കിലേക്ക് താരിഫുകൾ തിരിച്ചെത്തിക്കുമെന്നും ബെസ്സന്റ് പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

