ആലപ്പുഴ ∙ യാതൊരു മുന്നറിയിപ്പും നൽകാതെ ഇന്നലെ ഉച്ച മുതൽ വൈകിട്ടുവരെ മട്ടാഞ്ചേരി പാലത്തിൽ വാഹനഗതാഗതം നിരോധിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. എഎസ് തോടിന്റെ പടിഞ്ഞാറേ കരയിൽ കൊമ്മാടി–മട്ടാഞ്ചേരി റോഡ് ടാർ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണു പാലത്തിൽ ഗതാഗതം നിരോധിച്ചത്.
മട്ടാഞ്ചേരി പാലം ടാർ ചെയ്യാൻ വേണ്ടി വാഹനങ്ങളെ കയറ്റാതെ തടഞ്ഞു. മുന്നറിയിപ്പില്ലാതെയുള്ള നടപടി യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ മുള വച്ചുകെട്ടിയും വീപ്പകൾ നിരത്തിയും ഗതാഗതം നിരോധിക്കുകയായിരുന്നു.
ചേർത്തല, ബീച്ച്, പുന്നമട, മുല്ലയ്ക്കൽ, വഴിച്ചേരി, മണ്ണഞ്ചേരി, ചാത്തനാട് ഭാഗങ്ങളിലേക്കു പോകേണ്ടവർ മട്ടാഞ്ചേരി പാലത്തിൽ എത്തിയപ്പോഴാണു കയറ്റിവിടാതെ റോഡ് നിർമാണ കമ്പനിയുടെ ജീവനക്കാർ തടഞ്ഞത്.
മുന്നറിയിപ്പില്ലാതെ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്നു യാത്രക്കാർ പറഞ്ഞപ്പോൾ അറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു കമ്പനി ഉദ്യോഗസ്ഥരുടെ പ്രതികരണം. ഓട്ടോറിക്ഷകളും വിനോദസഞ്ചാരികളെ കയറ്റിവന്ന വാഹനങ്ങളും വല്ലാതെ ബുദ്ധിമുട്ടി.
ശവക്കോട്ടപാലത്തിനു സമീപം വീപ്പകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി.
അതേസമയം കഴിഞ്ഞ 20, 21, 22നു ഗതാഗതം നിരോധിച്ചു കൊണ്ടു റോഡ് ടാർ ചെയ്യുമെന്നായിരുന്നു അറിയിപ്പ്. അതിൽ മട്ടാഞ്ചേരി പാലത്തിൽ ഗതാഗതം നിരോധിക്കുമെന്നു പറഞ്ഞിട്ടില്ലായിരുന്നു.
ആ ദിവസങ്ങളിൽ ഗതാഗതം നിരോധിച്ച് ടാറിങ് ജോലി തുടങ്ങിയെങ്കിലും യന്ത്രത്തകരാറിനെ തുടർന്നു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് വെള്ളിയും ഇന്നലെയും കൊണ്ട് ടാറിങ് പൂർത്തിയായി വന്നപ്പോഴാണ് യാത്രക്കാരെ വലച്ച് ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.
റോഡിന്റെ ഉദ്ഘാടനം 3ന് നടത്തുമെന്നായിരുന്നു ഒടുവിൽ പ്രഖ്യാപനം.
ഇതിനും മാറ്റം വരുത്തിയിട്ടുണ്ട്. എഎസ് തോടിന്റെ കിഴക്കേ കരയിലേക്ക് ഇറങ്ങാൻ കളപ്പുര, ആറാട്ടുവഴി പാലങ്ങളുടെ അനുബന്ധ റോഡുകളുടെ ടാറിങ് പൂർത്തിയായിട്ടില്ല.
ആറാട്ടുവഴി പാലത്തിന്റെ കിഴക്കേ കരയിൽ അപകടനിലയിലുള്ള വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കണം. പടിഞ്ഞാറേ കരയിൽ കൊമ്മാടി പാലം മുതൽ മട്ടാഞ്ചേരി പാലം വരെ പലയിടത്തും വഴിവിളക്കില്ല.
റോഡിൽ മതിയായ സിഗ്നലുകളും സ്ഥാപിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

