ഏതാനുംദിവസങ്ങൾക്കുമുമ്പ് സംഗീതലോകത്ത് ഒന്നാകെ ചർച്ചയായ വിഷയമാണ് എ.ആർ. റഹ്മാൻ നയിച്ച മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ. നിയമാനുസൃതം ടിക്കറ്റെടുത്തവർക്ക് പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ലെന്നും തിരക്കിനിടയിൽ ചിലർ സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ പണം തിരികെ കൊടുക്കുമെന്ന് റഹ്മാന്റെയും സംഘാടകരുടേയും ഭാഗത്ത് നിന്ന് അറിയിപ്പ് വന്നതോടെയാണ് സ്ഥിതിഗതികൾ തത്ക്കാലത്തേക്ക് അടങ്ങിയത്. പക്ഷേ ഇതേ പരിപാടിയുമായി ബന്ധപ്പെട്ട് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി ഒരു ധർമസങ്കടത്തിൽ അകപ്പെട്ടിരിക്കുകയാണ്.
എ.ആർ. റഹ്മാൻ ഷോ വിവാദത്തിലായതിനുപിന്നാലെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ ഒരു യൂട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞത് റഹ്മാൻ ഷോക്ക് പിന്നാലെ ഉയർന്ന പ്രശ്നങ്ങൾക്കുപിന്നിൽ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പങ്കുണ്ടെന്നാണ്. സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണമെന്ന് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നാണ് വീഡിയോയിൽ അവതാരക പറയുന്നത്. എന്നാൽ ഈ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് വിജയ് ആന്റണി രംഗത്തെത്തി. ഔദ്യോഗിക എക്സ് പേജിൽ വിശദീകരണക്കുറിപ്പും അദ്ദേഹം പുറത്തിറക്കി.
യൂട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണെന്നും അതിൽ നിന്ന് കിട്ടുന്ന തുക സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന പണം ആവശ്യമുള്ള ആർക്കെങ്കിലും നൽകുമെന്നും അദ്ദേഹം അറിയിച്ചു. “ഒരുപാട് വിഷമത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിവാദത്തിന് പൂർണവിരാമമിടുക എന്നതാണ് കത്തുകൊണ്ടുദ്ദേശിക്കുന്നത്. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനൽ വഴി എന്നേയും എന്റെ സഹോദരൻ എ.ആർ. റഹ്മാനേയുംകുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണ്. അതെല്ലാം പരിപൂർണമായും അസത്യമാണ്. അവർക്കെതിരെ ഞാൻ മാനനഷ്ടക്കേസ് കൊടുക്കാൻ പോവുകയാണ്. നഷ്ടപരിഹാരമായി കിട്ടുന്ന തുക സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന, പണം അത്യാവശ്യമുള്ള ഏതെങ്കിലും സുഹൃത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നത്.” വിജയ് ആന്റണി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ചെന്നൈ ഇ.സി.ആറിൽ പനയൂരിലെ ആദിത്യറാം പാലസിലാണ് ‘മറക്കുമാ നെഞ്ചം’ എന്നപേരിലുള്ള സംഗീതപരിപാടി നടന്നത്. ടിക്കറ്റെടുത്ത് വന്നിട്ടും ഒട്ടേറെപ്പേർക്ക് പ്രവേശനം ലഭിച്ചില്ല. ഹാളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാളുംപേർക്ക് ടിക്കറ്റുകൾ വിറ്റതാണ് ഇതിനു കാരണമെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെപ്പർ പരാതിയുമായി രംഗത്തെത്തി. പരാതികൾ കുന്നുകൂടിയതോടെ മാപ്പപേക്ഷിച്ച് സംഘാടകർ രംഗത്തെത്തി. സംഗീതനിശ വൻവിജയമാണെന്ന് അവകാശപ്പെട്ട അവർ പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് ഇത്രയധികം പ്രയാസമുണ്ടാകാൻ കാരണമെന്നു വ്യക്തമാക്കി സാമൂഹികമാധ്യമമായ എക്സിലൂടെ പരസ്യമായി മാപ്പുപറഞ്ഞു.
ടിക്കറ്റെടുത്തിട്ടും പങ്കെടുക്കാൻ കഴിയാത്തവർക്ക് തുക തിരികെ നൽകുമെന്നറിയിച്ച റഹ്മാൻ ഇതിനായി തന്റെ ടീമിനെ ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ താമ്പരം പോലീസ് അന്വേഷണം നടത്തുകയാണ്. വിവാദവുമായി ബന്ധപ്പെട്ട് ചില പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]