ബെള്ളൂർ ∙ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് വീടിനു മുകളിലേക്ക് വീണു വീട്ടുകാരനും ഡ്രൈവർക്കും പരുക്ക്. ബെള്ളൂർ പഡ്ഡൈമൂലയിലെ സുരേശന്റെ മകൻ കെ.സുനിൽ കുമാർ (33), കാർ ഡ്രൈവർ കർവൽത്തടുക്കയിലെ അഷ്റഫ് എന്നിവർക്കാണ് പരുക്കേറ്റത്.
മുള്ളേരിയ–ആർളപദവ് റോഡിൽ പഡ്ഡൈമൂലയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം.
അടയ്ക്ക ലോഡുമായി കർണാടകയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന്റെ താഴെ ഭാഗത്തുള്ള വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുനിൽ കുമാറിന്റെ മൂകളിലേക്ക് ഭിത്തിയിലെ കല്ലും മേൽക്കൂരയിലെ തടിക്കഷണങ്ങളും വീണാണ് പരുക്കേറ്റത്.
വീട്ടിലുണ്ടായിരുന്ന സുനിൽ കുമാറിന്റെ സഹോദരി സുലോചന, മാതൃസഹോദരിയുടെ മകൻ നാരമ്പാടിയിലെ അശ്വത്ത് രാജ് എന്നിവർ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു.
സുനിൽ കുമാറിന്റെ ഇടതു കൈക്കും വലതുകാലിനും പൊട്ടലുണ്ട്. അഷ്റഫിന്റെ വലതു കൈക്കാണ് പരുക്ക്.
ഇരുവരെയും മുള്ളേരിയ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റമുറി ഷെഡ്ഡാണ് വീട്.
മേൽക്കൂരയിൽ ആസ്ബസ്റ്റോസ് ഷീറ്റ് പാകിയതാണ്. ഇത് മുക്കാൽഭാഗവും തകർന്നു.
2 മാസം മുൻപും ഇതേ സ്ഥലത്ത് കാർ മറിഞ്ഞിരുന്നെങ്കിലും റോഡരികിലെ സംരക്ഷണഭിത്തിയിൽ തട്ടി നിൽക്കുകയായിരുന്നു. ഇന്നലത്തെ അപകടത്തിൽ സംരക്ഷണ ഭിത്തി തകർത്താണ് കാർ വീടിനു മുകളിൽ വീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

