പുന്നയൂർക്കുളം ∙ അയിരൂർ പാടശേഖരത്തിൽ കൊയ്ത നെല്ല് എടുക്കാൻ ആളില്ല. പതിര് കൂടുതലാണ് എന്ന കാരണം പറഞ്ഞ് മില്ലുകാർ 10 ശതമാനത്തിൽ അധികം കിഴിവ് ആവശ്യപ്പെടുന്നതാണ് നെല്ല് കയറ്റിപ്പോകാതിരിക്കാൻ കാരണം.
മില്ലുകാർ പലരും പിൻമാറിയതോടെ കുറഞ്ഞ വിലയ്ക്കു നെല്ല് കൊടുക്കാനുള്ള തീരുമാനത്തിലാണ് കർഷകർ. കഴിഞ്ഞ മൂന്ന് മുതൽ ഇവിടെ കൊയ്ത്ത് തുടങ്ങിയിരുന്നു.
കൊയ്ത 200 ടൺ നെല്ല് പാടത്തുതന്നെ കിടക്കുകയാണ്. ചാക്കിൽ നിറച്ച് ടാർപോളിൻ കൊണ്ട് മൂടിയിട്ടുണ്ടെങ്കിലും മിക്ക ദിവസവും രാത്രി മഴ പെയ്യുന്നതിനാൽ കർഷകരുടെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ്.
പാടത്ത് വെള്ളം കയറിയാൽ നെല്ലും നനയും. എടുത്ത പണി അത്രയും വെറുതെയാകും.
നെല്ല് എടുക്കാൻ 2 മില്ലുകാർ വന്നെങ്കിലും വലിയ കിഴിവ് ആവശ്യപ്പെട്ടതിനാൽ കൊടുത്തില്ലെന്ന് കർഷകർ പറഞ്ഞു.
മില്ലുകാർ പറഞ്ഞതനുസരിച്ച് പലവട്ടം നെല്ല് ഉണക്കിയാണ് ചാക്കിലാക്കിയത്. കൂടുതൽ വില കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും അപ്രതീക്ഷിത മഴ എല്ലാം തകിടംമറിക്കുകയാണ്.
ഇനി കാത്തിരുന്നാൽ ഉള്ളതും കൂടി നഷ്ടപ്പെടുമെന്ന വേവലാതിയിലാണ് ഇവർ. മില്ലുകാർ തമ്മിൽ രഹസ്യധാരണയുണ്ടാക്കിയാണ് നെല്ലിന്റെ വില ഇടിക്കുന്നതെന്നും ആക്ഷേപമുണ്ട്.
125 ഏക്കർ പാടശേഖരത്തിൽ 80 ഏക്കറിൽ കൊയ്ത്ത് കഴിഞ്ഞിട്ടുണ്ട്. 10 ഏക്കറോളം ഭാഗം മാത്രമേ കൊയ്യാനുള്ളൂ.
മഴയിൽ കൃഷി നശിച്ച ശേഷം രണ്ടാമത്ത് വിത്തിട്ട ഭാഗമാണ് ഇത്.
35 ഏക്കർ കൃഷി മഴയിൽ നശിച്ചിരുന്നു. ഇവിടെ പിന്നീട് കൃഷി ഇറക്കിയില്ല.
കാലാവസ്ഥാ വ്യതിയാനം കാരണം വിളവും മോശമാണെന്ന് കർഷകർ പറയുന്നു.
ഏജീസ് ഓഫിസിലേക്കു മാർച്ച്
തൃശൂർ ∙ കേന്ദ്ര സർക്കാർ കേരളത്തിലെ നെൽക്കർഷകരോടുള്ള അവഗണനയ്ക്കെതിരെ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ മാർച്ച് 2ന് രാവിലെ 9.30ന് ഏജീസ് ഓഫിസിലേക്കു മാർച്ചും ധർണയും നടത്തും. കേരളത്തിൽ നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 30 രൂപയുണ്ട്.
നെല്ല് സംഭരിക്കാൻ ഉത്തരവാദിത്തമുള്ള കേന്ദ്ര സർക്കാർ 23.20 രൂപയാണു സംഭരണവിലയായി നിശ്ചയിച്ചിരിക്കുന്നത്. 6.80 രൂപ സംസ്ഥാന സർക്കാർ നൽകുന്ന ഇൻസെന്റീവ് ബോണസാണ്.
ഇതു റദ്ദാക്കാനാണു കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. ഇതു നെൽക്കൃഷിയെ അവതാളത്തിലാക്കും.
ഏജീസ് ഓഫിസിനു മുന്നിൽ നടക്കുന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യുമെന്നു പി.ആർ.വർഗീസ്, പി.കെ.ഡേവിസ്, ടി.എ.രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.
വീടിനു മുൻപിൽ 650 ചാക്ക് നെല്ല്; നശിക്കുമോ എന്ന പേടിയിൽ കർഷകൻ
കിള്ളിമംഗലം ∙ വേനൽ മഴയെ തുടർന്ന് വീടിനു മുൻപിൽ കൂട്ടിയിട്ടിരിക്കുന്ന 650 ചാക്ക് നെല്ല് നശിക്കുമോ എന്ന പേടിയിൽ കർഷകൻ. കിള്ളിമംഗലം മനക്കത്തൊടി വീട്ടിൽ സുധീഷാണ് മില്ലുകാരുമായുള്ള തർക്കത്തെ തുടർന്ന് 26 ദിവസമായി തന്റെ വീടിനു മുൻപിൽ ചാക്കുകളിലായി സൂക്ഷിച്ചിരിക്കുന്ന 28,000 കിലോഗ്രാം നെല്ലുമായി വിഷമിച്ച് കഴിയുന്നത്.
മില്ലുകാരുടെ ഏജന്റ് മൂന്നു ശതമാനം കിഴിവ് ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ തർക്കത്തെ തുടർന്ന് പരാതികളുമായി സുധീഷ് രംഗത്ത് വന്നതോടെയാണ് നെല്ല് കർഷകന്റെ വീടിനു മുൻപിൽ കിടക്കാൻ തുടങ്ങിയത്. പ്രശ്നപരിഹാരമായി കഴിഞ്ഞ 23നാണ് നേരത്തെയുണ്ടായിരുന്ന മില്ലുകാരിൽ നിന്ന് പാഡി മാർക്കറ്റിങ് ഓഫിസർ പെരുമ്പാവൂർ കാലടിയിലെ മറ്റൊരു മില്ലിലേക്ക് നെല്ലിന്റെ സംസ്കരണം മാറ്റി നൽകി.
12,050 കിലോഗ്രാമാണ് ഇപ്പോഴത്തെ മില്ലുകാർ കഴിഞ്ഞ ദിവസം കൊണ്ടുപോയത്. ഇനിയും 650 ചാക്കുകളിലായി ഏകദേശം 28,000 കിലോഗ്രാം നെല്ലാണ് സുധീഷിന്റെ വീടിനു മുൻപിൽ കിടക്കുന്നത്.
എത്രയും പെട്ടെന്ന് നിലവിലെ മില്ലുകാർ ഇത് നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയില്ലെങ്കിൽ വേനൽമഴയിൽ നെല്ല് നാശമാകുമെന്ന് സുധീഷ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

