കാറഡുക്ക ∙ വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ കാറഡുക്ക പഞ്ചായത്തിലെ നാർളം ബോക്സൈറ്റ് ബ്ലോക്ക് ഖനനത്തിനു ടെൻഡർ ക്ഷണിച്ച് സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പ്.
നാർളത്തെ വനഭൂമി ഉൾപ്പെടുന്ന 82.15 ഹെക്ടർ സ്ഥലത്ത് ഖനനം ചെയ്യാനുള്ള ടെൻഡറാണ് ക്ഷണിച്ചത്. എംഎസ്ടിസി ലിമിറ്റഡിന്റെ ഇ–ലേല പോർട്ടൽ വഴിയാണ് ടെൻഡർ നടത്തുന്നത്.
രാജ്യത്തെ കമ്പനികൾക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഈ ഏപ്രിൽ മാസം 20നാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി.
ഇതിനു മുന്നോടിയായി താൽപര്യമുള്ള കമ്പനി പ്രതിനിധികളുമായി മാർച്ച് 19ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ കൂടിക്കാഴ്ച നടത്തും. ഖനന സ്ഥലം സംബന്ധിച്ചും മറ്റും കമ്പനികൾക്കുള്ള സംശയം ദൂരീകരിക്കുന്നതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച.
സിമന്റ് നിർമാണത്തിനുപയോഗിക്കുന്ന അലുമിനിയത്തിന്റെ അംശം കൂടുതലുള്ള പാറകളാണ് നാർളം ബ്ലോക്കിൽ കണ്ടെത്തിയിട്ടുള്ളത്.
ഏകദേശം 500 കോടി രൂപ ലേലത്തിലൂടെ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചെങ്കൽ ഖനനം ചെയ്യുന്നതിനു സമാനമായി പാറകൾ പൊട്ടിച്ചുകൊണ്ടുപോവുകയാണ് ബോക്സൈറ്റ് ഖനനം എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
പാറകൾ കൊണ്ടുപോയി സംസ്കരിച്ചാണ് അതിൽനിന്നു ബോക്സൈറ്റ് വേർതിരിച്ചെടുക്കുന്നത്. നാർളത്ത് ഖനനം ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ 90 ശതമാനത്തിലേറെയും വനഭൂമിയാണ്.
അതുകൊണ്ട് ടെൻഡർ എടുക്കുന്ന കമ്പനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉൾപ്പെടെ വാങ്ങേണ്ടതുണ്ട്. അതുകൊണ്ട് ടെൻഡർ കഴിഞ്ഞാലും ഉടനെ ഖനനം തുടങ്ങാനിടയില്ല.
സാധാരണ രീതിയിൽ വനഭൂമി വനേതര ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ വനംവകുപ്പിന് അത്രയും ഭൂമി പകരം നൽകേണ്ടതുണ്ട്.
ഒപ്പം വനവൽക്കരണം നടത്താനുള്ള പണവും. പക്ഷേ, ഇവിടെ പാറ പ്രദേശം ആയതിനാൽ പാറപൊട്ടിച്ച് ഈ സ്ഥലത്തെ ഫലഭൂയിഷ്ഠമായ ഭൂമി ആക്കുമെന്ന രീതിയിലുള്ള പദ്ധതി നിർദേശമാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്.
അതുകൊണ്ട് പകരം സ്ഥലം നൽകാതെ, ഖനനം കഴിഞ്ഞ ശേഷം ഇവിടെ തന്നെ മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടായിരിക്കും ഇതിൽ അന്തിമം.
ഇവിടെ ഖനനം വിജയകരമായി നടത്താൻ സാധിച്ചാൽ, ബോക്സൈറ്റ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ള ഉക്കിനടുക്ക ബ്ലോക്ക് ഖനനത്തിന്റെ നടപടികൾ ആരംഭിക്കും. നാട്ടുകാരുടെ നിലപാട് കൂടി അധികൃതർ ഉറ്റുനോക്കുന്നുണ്ട്.
തുടർന്ന് മണിയംപാറ, പെർള, കരിയത്ത് തുടങ്ങിയ മറ്റു ബ്ലോക്കിലേക്കും ഖനനം വ്യാപിപ്പിക്കും.
1970 കളുടെ തുടക്കത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പര്യവേക്ഷണത്തിൽ കാസർകോട് ബോക്സൈറ്റ് അടക്കമുള്ള ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. അതിനു ശേഷം ഓരോ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
2017ൽ സംസ്ഥാന സർക്കാർ ഖനനത്തിന് അനൂകൂലമല്ലാത്ത റിപ്പോർട്ട് സമർപ്പിച്ചതിനാൽ തുടർ നടപടികൾ നിലച്ചുപോയി. എന്നാൽ ഇപ്പോൾ സർക്കാർ നിലപാട് മാറ്റിയതോടെ ഖനനത്തിനുള്ള നീക്കം വേഗത്തിലാവുകയായിരുന്നു.
നാർളത്ത് ബോക്സൈറ്റ് ഖനനത്തിനു കണ്ടെത്തിയ ഭൂമിയിൽ ജനവാസമേഖലയും. കുണ്ടടുക്കം പ്രദേശമാണ് ഖനന ഭൂമിയിൽ ഉൾപ്പെടുന്നത്.
ഇവിടെ 13 വീടുകളുണ്ട്. അതിനു പുറമെ ആൾത്താമസമില്ലാത്ത ഒട്ടേറെ സ്വകാര്യ ഭൂമികളുമുണ്ട്.
വനഭൂമിയുടെ നടുവിലായാണ് കുണ്ടടുക്കം നിൽക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും.
ആളുകളെ നിർബന്ധിപ്പിച്ച് ഒഴിപ്പിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ആളുകൾക്ക് താൽപര്യമുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കും.
ഇത് ചെയ്യേണ്ടത് ഖനനം ടെൻഡറെടുക്കെടുക്കുന്ന കമ്പനിയുടെ ഉത്തരവാദിത്തമാണ്. നഷ്ടപരിഹാരത്തുകയും തീരുമാനിക്കേണ്ടത് അവരാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

