ദില്ലി: ഗാന്ധി കുടുംബം ഒത്തുതീർപ്പുകാർ എന്ന പുതിയ പ്രചാരണവുമായി ബിജെപി. പ്രധാനമന്ത്രി കീഴടങ്ങിയെന്ന പ്രചാരണത്തിന് മറുപടിയായാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ബിജെപിയുടെ നീക്കം.
രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. എല്ലാ വിദേശ ശക്തികൾക്കും കീഴടങ്ങിയ ശേഷമാണ് ബിജെപിയുടെ വാചകമടിയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
ഇന്ത്യ യുഎസ് വ്യാപാര കരാർ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പാർലമെന്റിൽ തുടക്കമിട്ട പ്രധാനമന്ത്രി കീഴടങ്ങിയെന്ന മുദ്രാവാക്യം എഐ ഉച്ചകോടിവരെ കോൺഗ്രസ് ഉയർത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ മറുപ്രചാരണം.
കോംപ്രമൈസ്ഡ് കോൺഗ്രസ് എന്ന ഹാഷ്ടാഗിലാണ് സാമൂഹിക മാധ്യമങ്ങളിൽ നേതാക്കൾ വിമർശനം കടുപ്പിക്കുന്നത്. നെഹ്റു യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഉറപ്പിക്കാതെ ചൈനയ്ക്ക് കീഴടങ്ങിയെന്ന് തുടങ്ങി റഷ്യൻ ചാര സംഘടന കെജിബിയുടെ പണം ഇന്ദിരാഗാന്ധി വാങ്ങിയെന്നും രാജീവ് ഗാന്ധിക്കെതിരായ ബൊഫോഴ്സ് കേസും സോണിയ ഗാന്ധിക്കെതിരായ നാഷണൽ ഹെറാൾഡ് കേസും എല്ലാം ആരോപിച്ചാണ് പ്രചാരണം.
രാഹുൽ ഗാന്ധി 247 തവണയും വിദേശത്ത് പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും, ജോർജ് സോറോസിൻ്റെ കൂട്ടാളികളുമായി ചേർന്നാണ് രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. അതേസമയം, രാജ്യം ഭരിക്കുന്നത് ഗാന്ധി കുടുംബമല്ലെന്ന് ഓർമ്മപ്പെടുത്തിയ കോൺഗ്രസ് യുഎസ് വ്യാപാര കരാറിലെ വ്യവസ്ഥകളടക്കം ചൂണ്ടിക്കാട്ടിയാണ് തിരിച്ചടിക്കുന്നത്.
ഇന്ത്യയിലെ കർഷകർക്ക് വിനാശകരമായ, അമേരിക്കൻ പ്രസിഡൻ്റിൻ്റെ താല്പര്യ പ്രകാരമുള്ള കരാർ റദ്ദാക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യ ഘട്ടത്തിൽ പ്രതിഷേധം തുടങ്ങിയ കോൺഗ്രസ് ദേശീയ പ്രചാരണത്തിന് തീരുമാനിച്ചതോടെയാണ് ബിജെപി നേതാക്കളെല്ലാം രംഗത്തിറങ്ങി പ്രധാനമന്ത്രിയെ പ്രതിരോധിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

