എഴുകോൺ ∙ നാട്ടുകാരുടെ ആധാരം റജിസ്റ്റർ ചെയ്യുമെങ്കിലും ഇന്നേവരെ സ്വന്തമായി ആധാരമില്ലാത്ത എഴുകോൺ സബ് റജിസ്ട്രാർ ഓഫിസ് കുടിയിറക്ക് ഭീഷണിയിൽ. എഴുകോൺ പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ വാടക കുടിശിക നൽകാത്തതിനാൽ റവന്യു റിക്കവറി നടപടികളിലേക്കു കടക്കുന്നതായി പഞ്ചായത്ത് നോട്ടിസ് നൽകിയിരിക്കുകയാണ്.
2016 മുതലുള്ള വാടക കുടിശിക 9 ലക്ഷത്തിലേറെ രൂപയാണ് നൽകാനുള്ളത്. 1962ൽ പ്രവർത്തനം ആരംഭിച്ച സബ്റജിസ്ട്രാർ ഓഫിസ് വാടകക്കെട്ടിടങ്ങൾ മാറിയാണ് ഒടുവിൽ 2002ൽ പഞ്ചായത്ത് കെട്ടിടത്തിൽ എത്തുന്നത്.
2016 വരെയുള്ള വാടക നൽകിയെങ്കിലും കരാർ പുതുക്കാത്തതിനാൽ പിന്നീടു വാടക നൽകിയിട്ടില്ല.
പഞ്ചായത്ത് നിശ്ചയിച്ച വാടകയും ആനുപാതിക വർധനയും റജിസ്ട്രേഷൻ വകുപ്പ് അംഗീകരിക്കാത്തതാണ് പ്രശ്നം. ഇതു രണ്ടാം തവണയാണ് വാടക കുടിശിക തീർക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടിസ് അയയ്ക്കുന്നത്.
പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവർത്തനമെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ് ഓഫിസ്. ഓഫിസിൽ എത്തുന്നവർക്കു സൗകര്യമായി ഇരിക്കാൻ ഇവിടെ സ്ഥലമില്ല.
റെക്കോർഡുകൾ നിറഞ്ഞു കവിഞ്ഞു റെക്കോർഡ് റൂമിലേക്കു കടക്കാൻ കഴിയാത്ത അവസ്ഥയാണ്. വനിത ജീവനക്കാരടക്കം ഉള്ള ഓഫിസിനു സ്വന്തമായി ഒരു ശുചിമുറി പോലുമില്ല.
സബ് റജിസ്ട്രാർ ഓഫിസിന് സ്വന്തമായി കെട്ടിടം നിർമിക്കണം എന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ കെട്ടിട നിർമാണത്തിനായി 1.5 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
പക്ഷേ വസ്തു കണ്ടെത്താൻ കഴിയാതെ വന്നതോടെ അതു കടലാസിൽ ഒതുങ്ങി. ഇപ്പോൾ നിർമാണം തുടങ്ങിയിരിക്കുന്ന ഫിഷ് മാർക്കറ്റ് കം ഓഫിസ് കോംപ്ലക്സിൽ സബ് റജിസ്ട്രാർ ഓഫിസിന് സൗകര്യം ഒരുക്കുമെന്നാണു വിവരം.
പക്ഷേ ഇക്കാര്യത്തിൽ യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നു സബ് റജിസ്ട്രാർ ഓഫിസ് അധികൃതർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

