കോഴിക്കോട് ∙ 19 വർഷത്തെ കാത്തിരിപ്പ്, മാറിമാറി വന്ന സർക്കാരുകൾ. തോറ്റു പിൻമാറാതെ നാട്ടുകാരുടെ പരിശ്രമങ്ങൾ.
ഒടുവിൽ പുതിയ പാലത്ത് പുതിയ പാലം ഇതാ തുറക്കാൻ പോവുന്നു. പുതിയ പാലത്തിന്റെ ഉദ്ഘാടനം 20ന് രാവിലെ 9ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായിരിക്കും.
വീണ്ടും പുതിയ പാലം
പുതിയപാലം പ്രദേശത്ത് കനോലിക്കനാലിന് കുറുകെ ഒരു നടപ്പാലം നിർമിച്ചത് 79 വർഷം മുൻപാണ്. ഈ പാലം അപകടാവസ്ഥയിലായപ്പോൾ 40 വർഷം മുൻപ് പുതുക്കിപ്പണിതു.
ഇതോടെയാണ് ഈ പ്രദേശത്തിന് പുതിയപാലം എന്ന പേരു വന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഈ പാലത്തിലൂടെ കടന്നു പോവാനാവാത്ത സ്ഥിതിയായി.
തുടർന്ന് 2007 മുതൽ നാട്ടുകാർ പുതിയ പാലത്തിനായി കമ്മിറ്റി രൂപീകരിച്ച് ശ്രമം തുടങ്ങിയിരുന്നു. മാറിമാറി വന്ന സർക്കാരുകൾ വിവിധ കാലഘട്ടങ്ങളിൽ പുതിയ പാലത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചു.
എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള നിയമക്കുരുക്കു കാരണം പദ്ധതി നീണ്ടുപോയി.
പോരാട്ടങ്ങളുടെ പതിറ്റാണ്ടുകൾ
2007ലാണ് പുതിയപാലത്ത് പുതിയ പാലത്തിനായി നാട്ടുകാർ ശ്രമം തുടങ്ങിയത്. 2007ൽ പദ്ധതിക്കായി നീക്കം തുടങ്ങിയ കാലത്ത് 7 കോടിയാണ് നിർമാണച്ചെലവ് കണക്കാക്കിയത്.
പിന്നീട് ഇത് 32 കോടിയാവുമെന്ന ഏകദേശ കണക്ക് പുറത്തുവന്നു. 2012ൽ യുഡിഎഫ് സർക്കാർ 40 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.
എന്നാൽ സ്ഥലം ഏറ്റെടുക്കൽ നിയമക്കുരുക്കായതോടെ പദ്ധതി നടന്നില്ല.
2018 ജൂണിൽ എം.കെ.മുനീർ എംഎൽഎ 60 കോടിയുടെ പദ്ധതി കിഫ്ബി വഴി നിർമാണം തുടങ്ങാൻ അനുമതി നേടി. എന്നാൽ പിന്നീടും പദ്ധതി പാതിവഴിയിൽ കിടന്നു.
സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഗോവിന്ദപുരം ഭാഗത്തെ ചില സ്ഥലമുടമകൾ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി ഉത്തരവ് വരുന്നതു വരെയുള്ള കാലതാമസമാണ് വെല്ലുവിളിയായത്.
പുതിയപാലത്ത് പുതിയ പാലത്തിനായി നാട്ടുകാരുടെ മുറവിളികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുതിയപാലത്തെ ജനകീയ സമിതിയടക്കമുള്ളവർ ശക്തമായ സമരങ്ങളും ധർണകളും നടത്തിയിരുന്നു.
ചലച്ചിത്രതാരം മാമുക്കോയ അടക്കമുള്ളവർ ശാരീരിക അവശതകൾ മറന്ന് വിവിധ സമരവേദികളിൽ എത്തിയിരുന്നു.
ഉദ്ഘാടനത്തിലേക്ക്
2019 നവംബറിൽ സ്ഥലമേറ്റെടുക്കൽ ആരംഭിച്ചു. തൊണ്ണൂറോളം ഭൂവുടമകളാണ് പ്രദേശത്തുണ്ടായിരുന്നത്.
എൺപതോളം കച്ചവടക്കാരുമുണ്ടായിരുന്നു.അഹമ്മദ് ദേവർകോവിൽ എംഎൽഎയായ ശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമാണം തുടങ്ങി. 2023ലാണ് പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയത്.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പുതിയപാലത്തെ പുതിയ പാലം ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്.
പുതിയ പാലം ഇങ്ങനെ
തളി–പുതിയ പാലം റോഡിനു തുടർച്ചയായി കനോലി കനാലിനു കുറുകെയാണ് പുതിയപാലത്തെ പാലം. കിഴക്കേക്കരയിൽ കല്ലിട്ടനട–ഗോവിന്ദപുരം റോഡിലൂടെ മിനി ബൈപാസിലേക്കാണ് റോഡിലൂടെ എത്തിച്ചേരുക.
കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പാലത്തിന് 195 മീറ്റർ നീളമുണ്ട്.
പാലത്തിൽ 12 മീറ്ററും സമീപനപാതയിൽ11 മീറ്ററുമാണ് വീതി. പാലത്തിൽ ഏഴര മീറ്റർ വീതിയാണ് വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഭാഗത്തിനുള്ളത്.
ഇരുവശത്തും കാൽനട യാത്രക്കാർക്കുള്ള നടപ്പാതയുമുണ്ട്.
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 60 കോടിയോളം രൂപയാണ് ചെലവായത്. പുതിയ പാലം വരുന്നതോടെ മിനി ബൈപാസിൽ ഗോവിന്ദപുരം ഭാഗത്തുനിന്ന് തളി, കല്ലായി റോഡ്, റെയിൽവേ സ്റ്റേഷൻ, വലിയങ്ങാടി, സൗത്ത് ബീച്ച് ഭാഗത്തേക്ക് നേരിട്ട് എത്തിച്ചേരാം.
‘കാക്കാത്തെരു’വിൽനിന്ന് ‘പുതിയപാല’ത്തേക്ക്
കോഴിക്കോട് ∙ നാൽപതുകളിൽ കാക്കാത്തെരു എന്നറിയപ്പെട്ടിരുന്ന പുതിയപാലത്ത് ധാരാളം കമ്പനികളും മരമില്ലുകളും ഉണ്ടായിരുന്നു.
1947ലാണ് ഈ ഭാഗത്ത് കനോലി കനാലിനു കുറുകെ ആദ്യത്തെ നടപ്പാലം വന്നത്. ഈ പാലം പഴകി ദ്രവിച്ചപ്പോഴാണ് 1982ൽ പാലം നിർമിച്ചത്.
അക്കാലത്താണത്രേ പ്രദേശത്തിന് പുതിയ പാലം എന്ന പേര് വന്നത്. ആദ്യത്തെ പാലത്തിനു പടികൾ ആയിരുന്നെങ്കിലും വീതി ഉണ്ടായിരുന്നു.
എന്നാൽ പിന്നീട് വന്ന പാലത്തിനു വീതി കുറഞ്ഞു. എങ്കിലും ഇരുചക്ര വാഹനങ്ങൾക്ക് പോകാമെന്നുള്ള അവസ്ഥയിലായി.
രണ്ടു വാഹനങ്ങൾക്കു കഷ്ടപ്പെട്ട് മാത്രമേ പാലം വഴി കടന്നു പോകാനാവൂ. നാൽക്കവല,ആവനാഴി,അദ്വൈതം,അങ്ങാടി എന്നീ സിനിമകളിലെ വളരെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച ലൊക്കേഷനാണ് പുതിയപാലം.
വാഹനങ്ങളുടെ തിരക്ക് കൂടിയതോടെ നാട്ടുകാർ പുതിയ പാലം വേണമെന്ന ആവശ്യമുന്നയിച്ചു. നായനാർ സർക്കാരിന്റെ കാലത്താണ് പുതിയ പാലത്തിനുള്ള പദ്ധതികൾ തുടങ്ങിയത്.
വീതി വേണം, തളി റോഡിനും
കോഴിക്കോട്∙ പാലം തുറക്കുന്നതോടെ പുതിയപാലം–തളി റോഡിന്റെ വീതിയില്ലായ്മ പ്രതിസന്ധിയായേക്കും.
പുതിയ പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ സമീപനപാത ഉയരം കൂട്ടിയാണ് നിർമിച്ചിരിക്കുന്നത്. കല്ലുത്താൻകടവ് – മൂരിയാട് റോഡിന് ഉയരം കൂട്ടി ടാർ ചെയ്താണ് സമീപന പാതയിലേക്കുള്ള ഭാഗം ഒരുക്കിയത്.
അതേസമയം തളി റോഡിന് നിലവിൽ വീതി കുറവാണ്. ഇതോടെ പാളയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കുപ്പിക്കഴുത്തു പോലുള്ള റോഡിലൂടെ വേണം കടന്നു പോവാൻ.
ഇത് കുരുക്കു സൃഷ്ടിക്കുമെന്നതാണ് ആശങ്ക.
ജനകീയ ആഘോഷ കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട് ∙ പുതിയപാലത്തെ വലിയ പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജനകീയ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. 20 ന് രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ആഘോഷ കമ്മിറ്റി ചെയർമാനായി അഹമ്മദ് ദേവർ കോവിൽ എംഎൽഎയും ജനറൽ കൺവീനറായി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സാറ ജാഫറിനേയും തിരഞ്ഞെടുത്തു.
എം.കെ.മുനീർ എംഎൽഎ, മുൻ എംഎൽഎ എ.പ്രദീപ്കുമാർ എന്നിവരാണ് രക്ഷാധികാരികൾ. വൈസ് ചെയർമാനായി കോർപറേഷൻ കൗൺസിലർ ഷറഫീന ആബിദിനേയും തിരഞ്ഞെടുത്തു.
കോർപറേഷൻ മുൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ദിവാകരൻ, പി.കെ.നാസർ തുടങ്ങിയവർ വിവിധ കമ്മിറ്റി ചെയർമാന്മാരായി ജനകീയ കമ്മിറ്റിയാണ് രൂപീകരിച്ചത്. യോഗം അഹമ്മദ് ദേവർ കോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സാറ ജാഫർ അധ്യക്ഷത വഹിച്ചു. എൻ.സി.മോയിൻകുട്ടി, എൽ.രമേശൻ, പി.അസീസ് ബാബു, എം.അബ്ദു റഹീം, എ.വി.സദാശിവൻ, ശ്രീപാൽ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

