ചെങ്ങന്നൂർ ∙ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ സ്റ്റേഡിയം 28ന് മന്ത്രി വി.
അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 2018-19 ൽ 42 കോടി രൂപ വകയിരുത്തി കിഫ്ബി ധനസഹായത്തോടെ 20 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്.
400 മീറ്റർ സിന്തറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബോൾ ടർഫ്, പവിലിയൻ, ലോങ് ജംപ്, ഹൈജംപ് പിറ്റുകൾ, ത്രോ മത്സരങ്ങൾക്കുള്ള ഇടം എന്നിവയാണ് പൂർത്തിയാക്കിയത്. ഗാലറികൾ, ഇൻഡോർ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റ് സംവിധാനം, വിഐപി ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ.
അഗ്നിശമന സംവിധാനങ്ങൾ, അടിസ്ഥാന ഉപകരണങ്ങൾ എന്നിവ 2–ാം ഘട്ടത്തിലൊരുക്കും.
മൂന്നാംഘട്ടത്തിൽ സ്പോർട്സ് ഹോസ്റ്റലും ഒളിംപിക്സ് നിലവാരത്തിലുള്ള നീന്തൽക്കുളവും വിഭാവനം ചെയ്യുന്നു. സ്പോർട്സ് ഹോസ്റ്റലിന് ഒന്നാംഘട്ടമായി മൂന്നുകോടി രൂപ ഈ വർഷത്തെ ബജറ്റിൽ അനുവദിച്ചു.
നീന്തൽക്കുളത്തിനു കഴിഞ്ഞ ബജറ്റ് അനുവദിച്ച അഞ്ചു കോടി രൂപയുടെ നിർമാണവും 28ന് ഉദ്ഘാടനം ചെയ്യും. നീന്തൽക്കുളത്തിനു രണ്ടാം ഘട്ടമായി 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൂടാതെ പാർക്കിങ് ഗ്രൗണ്ട്, പൊതുസമ്മേളനങ്ങൾ നടത്തുന്നതിനുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം, പാർക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ തുടർപ്രവർത്തനങ്ങളായി ഏറ്റെടുക്കും.
എംഎൽഎ കപ്പ് –2026 ഇന്നുമുതൽ
ഉദ്ഘാടനത്തിനു മുന്നോടിയായി ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും എംഎൽഎ കപ്പ് 2026 ചെങ്ങന്നൂർ കായികോത്സവം ഇന്നുമുതൽ 19വരെ സംഘടിപ്പിക്കും. 32 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങൾ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 17ന് ഫൈനലിന് മുന്നോടിയായി വനിത ടീമുകൾ പങ്കെടുക്കുന്ന സൗഹൃദമത്സരവും ഉണ്ടായിരിക്കും.
ക്രിക്കറ്റ് മത്സരങ്ങൾ പെരിങ്ങിലിപ്പുറം ന്യൂ കിഡ്സ് ഗ്രൗണ്ടിൽ 16 മുതൽ 18 വരെ നടക്കും.
എം.എസ്.അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 32 ടീമുകൾ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കും.വോളിബോൾ മത്സരങ്ങൾ വെൺമണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ 16 മുതൽ18 വരെ നടക്കും.
ചെങ്ങന്നൂർ മണ്ഡലത്തിലെയും കേരളത്തിലെയും പ്രധാനപ്പെട്ട ടീമുകൾ വോളിബോൾ മത്സരത്തിൽ പങ്കെടുക്കും.
വോളിബോൾ മത്സരങ്ങൾ മന്ത്രി സജി ചെറിയാനും സമാപന സമ്മേളനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫും ഉദ്ഘാടനം ചെയ്യും. ഫൈനൽ മത്സരത്തിനു മുന്നോടിയായി വനിത ടീമുകൾ പങ്കെടുക്കുന്ന സൗഹൃദ മത്സരവും ഉണ്ടാകും.
വടംവലി മത്സരം 16ന് രാത്രി ഏഴു മുതൽ മാന്നാർ നായർ സമാജം സ്കൂളിൽ നടക്കും.
കേരളത്തിലെ പ്രശസ്ത ടീമുകൾ പങ്കെടുക്കുന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഷട്ടിൽ ബാഡ്മിന്റൻ മത്സരം ചെങ്ങന്നൂർ നഗരത്തിലെ ഐബിഎ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് 5 മുതൽ നടക്കും.
കബഡി മത്സരം 19നു രാത്രി ഏഴു മുതൽ ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗിരിദീപം ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കും.
കേരളത്തിലെ പ്രധാനപ്പെട്ട 16 ടീമുകൾ പങ്കെടുക്കും.
യു. പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും.ചെങ്ങന്നൂരിലെ നൂറിൽപരം ക്ലബ്ബുകളും കോളജ് ടീമുകളും കായികോത്സവത്തിൽ പങ്കാളികളാകുമെന്ന് മന്ത്രി സജി ചെറിയാൻ, സംഘാടക സമിതി ചെയർമാൻ ജെയിംസ് ശമുവേൽ, കൺവീനർ പി.എം.സനീഷ് എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

