ചെട്ടികുളങ്ങര ∙ കാത്തിരിപ്പിന്റെ ഉത്സവമേളത്തിന് ഇന്നു തുടക്കമാകും, ദേവീസന്നിധിയിലേക്കു കുംഭഭരണി നാളിൽ വൈകിട്ട് ആനയിക്കാൻ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികൾ 13 കരകളിലും ആചാരപരമായി ഇന്നു തുടങ്ങും. രാവിലെ 9.20നും 9.48നും മധ്യേ കെട്ടുരുപ്പടികൾ കെട്ടുകാഴ്ചപ്പുരകളിൽ നിന്നു പുറത്തെടുക്കും.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ 13 കരകളിലാണു കെട്ടുകാഴ്ചകൾ ഒരുക്കുന്ന ജോലികൾ ആചാരപരമായി ആരംഭിക്കുന്നത്.
കാലപ്പഴക്കം വന്ന തടി ഉരുപ്പടികൾ മാറ്റുന്നതിനും പുതിയവ നിർമിക്കുന്നതിനുമായി ചില കരകളിൽ നേരത്തെ നിശ്ചയിച്ച മുഹൂർത്തത്തിൽ കെട്ടുരുപ്പടി പുറത്തെടുത്തു നിർമാണം ആരംഭിച്ചിട്ടുണ്ട്. കര പ്രതിനിധികൾ രാവിലെ ക്ഷേത്രത്തിലെത്തി വഴിപാടുനടത്തും.
ക്ഷേത്രത്തിൽ നിന്നുള്ള തീർഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളിൽ തളിച്ച ശേഷം ഉരുപ്പടികൾ പുറത്തെടുക്കും. 23നു വൈകിട്ടു കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിൽ അണിനിരത്തി, 24നു പുലർച്ചെ ഭഗവതിയുടെ എഴുന്നള്ളത്തും ദർശിക്കൻ ഓണാട്ടുകരക്കാർ കാത്തിരിക്കുകയാണ്.
കുത്തിയോട്ടപ്പാട്ടും ചുവടും ഓണാട്ടുകരക്കാരന്റെ ഹൃദയതാളം
കുത്തിയോട്ടപ്പാട്ടിന്റെ ഈരടികൾ മുഴങ്ങുന്ന ഭക്തിസാന്ദ്രമായ രാവുകൾക്ക് ഓണാട്ടുകരയിൽ ഇന്നു തുടക്കമാകും. കരയ്ക്കകത്തും പുറത്തുമായി നടക്കുന്ന 16 കുത്തിയോട്ട
വീടുകളിൽ നിന്നു വഴിപാടുകാരൻ കുത്തിയോട്ട കുട്ടികളുമായി ഇന്നു രാവിലെ ചെട്ടികുളങ്ങര ദേവീ ക്ഷേത്ര ദർശനം നടത്തും.
ക്ഷേത്രത്തിൽ പൂജിച്ച മാല കുട്ടികളുടെ കഴുത്തിൽ അണിയിക്കും. തുടർന്നു കുട്ടികളുടെ മാതാപിതാക്കൾക്കും ആശാന്മാർക്കും ക്ഷേത്ര സന്നിധിയിൽ ദക്ഷിണ നൽകും.
ഇതോടെ കുത്തിയോട്ടത്തിനായി കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങു പൂർത്തിയാകും.
ഇന്നു സന്ധ്യയോടെ വഴിപാട് നടക്കുന്ന വീട്ടിൽ പ്രത്യേക കണക്കുകൾ പ്രകാരം തയാറാക്കിയ മണ്ഡപത്തിൽ ദേവീവിഗ്രഹത്തിനു മുന്നിൽ വിളക്കു തെളിക്കും. ചുവടു തുടങ്ങാനുള്ള അനുമതിക്കായി വഴിപാടുകാർ ദക്ഷിണ സമർപ്പിക്കും.
മണ്ഡപത്തിൽ ദീപാരാധന നടത്തി ദേവീ മാഹാത്മ്യം ചൊല്ലി കുട്ടികളെ ചുവടുകൾ അഭ്യസിപ്പിക്കും. കുംഭഭരണി ദിനമായ 23 നു രാവിലെ ഭഗവതിയുടെ സന്നിധിയിൽ സമർപ്പിക്കുന്നതോടെയാണു കുത്തിയോട്ടം വഴിപാട് പൂർത്തിയാകുന്നത്.
പിതൃപുത്രീ സംഗമം ഇന്ന്
ചെട്ടികുളങ്ങര ഭഗവതി പിതൃസ്ഥാനത്തുള്ള മഹാദേവനെ ദർശിക്കാനായി കണ്ണമംഗലം തെക്ക് മഹാദേവർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതു ശിവരാത്രി നാളിലാണ്.
പോളവിളക്ക്, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു ഭഗവതിയെ എഴുന്നള്ളിക്കും.
തുടർന്നു പിതൃപുത്രീ സംഗമവും കൂടിയെഴുന്നള്ളത്തും നടക്കും. ഇന്നു രാവിലെ 8നു ശിവപുരാണ പാരായണം, 10നു ശിവാലയ തീർഥാടകർക്കു സ്വീകരണം, 11നു ജലധാര, വൈകിട്ട് 7.15നു പാട്ടത്തിൽമുക്കിൽ ഭഗവതിക്കു സ്വീകരണം, 7.30നു സംഗീതസദസ്സ്, 8നു പോളവിളക്ക് എഴുന്നള്ളത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

