ഇരിട്ടി ∙ പൂതക്കുണ്ടിൽ തോടിന് സംരക്ഷണഭിത്തി നിർമിക്കുമ്പോൾ വീട്ടിലേക്കു വെള്ളം കയറുമെന്ന ആശങ്കയിൽ കുടുംബത്തിന്റെ ഭീതി പരിഗണിക്കണമെന്നു ആവശ്യപ്പെട്ട്് വീട്ടമ്മ കുത്തിയിരിപ്പുസമരം നടത്തി. ആറളം പഞ്ചായത്തിലെ പൂതക്കുണ്ടിൽ നിർമിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിനുവേണ്ടി തോടിന്റെ സംരക്ഷണഭിത്തി കെട്ടുന്ന പ്രവൃത്തി തടഞ്ഞായിരുന്നു പ്രതിഷേധം.
സംരക്ഷണ ഭിത്തി കെട്ടുമ്പോൾ തോടിന്റെ വീതി ചുരുങ്ങി വീട്ടിലേക്കു വെള്ളം കയറാനുള്ള സാധ്യതയും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പൂതക്കുണ്ടിലെ മമ്മാലി സാവിത്രിയും കുടുംബവും സമരത്തിനിറങ്ങിയത്. പുതുക്കുണ്ടിൽ വയോജന വിശ്രമ കേന്ദ്രം പണിയാൻ പ്രദേശവാസി കുമാരൻ 4 സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിരുന്നു.
25 ലക്ഷം രൂപ ചെലവിട്ടു കെട്ടിട
നിർമാണം നടത്തുന്നതിന്റെ ഭാഗമായാണു തോടിന്റെ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുന്നത്. തോട്ടിൽനിന്ന് ഒരു മീറ്റർ താഴ്ചയിലും 4.5 മീറ്റർ ഉയരത്തിലും 17 മീറ്റർ നീളത്തിലുമാണു സംരക്ഷണഭിത്തി നിർമിക്കുന്നത്.
ഈ പ്രവൃത്തിക്കെതിരെയാണു തോടിന്റെ മറുകരയിലുള്ള സാവിത്രിയും കുടുംബവും പ്രതിഷേധം ഉയർത്തിയത്. നിർമാണ രീതിയെക്കുറിച്ചു അറിയാൻ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെന്നും അതു അനുവദിച്ചില്ലെന്നും സാവിത്രിയുടെ കുടുംബം ആരോപിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഉൾപ്പെടെ തോട്ടിൽ നിന്നും വെള്ളം വീട്ടിലേക്കു കയറിയതായും സാവിത്രിയുടെ മകൻ ഷെബിൻ പറഞ്ഞു. കുടുംബത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നു ആരോപിച്ചു വയോജന വിശ്രമകേന്ദ്രത്തിന് വേണ്ടി നാട്ടുകാരിൽ ചിലരും സ്ഥലത്തെത്തിയതോടെ നേരിയ വാക്കേറ്റം ഉണ്ടായതോടെ ആറളം എസ്ഐയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.
ആർക്കും പ്രയാസം വരുത്താതെ വയോജന വിശ്രമ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകുമെന്ന് വാർഡ് അംഗം കെ.പി.അജ്മൽ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

