UPDATE AT 1.45PM ചൈനക്കാർ വീണ്ടും സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ, സമീപഭാവിയിൽ വില കത്തിക്കയറുമെന്ന വിലയിരുത്തൽ ശക്തമായി. ചൈനക്കാരുടെ പരമ്പരാഗത നിക്ഷേപ മാർഗങ്ങൾ ബാങ്ക് ഡെപ്പോസിറ്റും റിയൽ എസ്റ്റേറ്റുമായിരുന്നു.
റിയൽ എസ്റ്റേറ്റ് മേഖല ഏറെക്കാലമായി ചൈനയിൽ തളർച്ചയുടെ ട്രാക്കിലാണ്. നിക്ഷേപമിറക്കിയാൽ ഫലം നഷ്ടം എന്ന ചിന്താഗതി ചൈനക്കാർക്കിടയിൽ വ്യാപകമായി കഴിഞ്ഞു.
ബാങ്ക് നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന പലിശ വെറും ഒരു ശതമാനം.
ഇതോടെയാണ്, ബദലെന്നോണം ചൈനക്കാർ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയത്. സ്വർണം ആഭരണമായി വാങ്ങുകയല്ല, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുക്കുകയാണ് ചൈനക്കാർ ചെയ്യുന്നത്.
അതുംപക്ഷേ, ‘ഊഹക്കച്ചവടത്തിനാണ്’ കൂടുതൽ പേർക്കും താൽപ്പര്യം. ഷാങ്ഹായ് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ചിൽ പ്രതിദിന വ്യാപാരം 2025ൽ ശരാശരി 457 ടൺ ആയിരുന്നെങ്കിൽ ഇപ്പോഴത് 540 ടണ്ണിലെത്തി.
ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ചിലും നിക്ഷേപവും വ്യാപാര ഇടപാടുകളും വർധിച്ചു.
ഇതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും കച്ചവടം തകൃതി. ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും കരുതൽ വിദേശനാണയ ശേഖരത്തിൽ ഡോളർ ഉൾപ്പെടെയുള്ള കറൻസികൾക്ക് പകരം സ്വർണം വാങ്ങിനിറയ്ക്കാനാണ് ഇപ്പോൾ താൽപ്പര്യപ്പെടുന്നത്.
യുഎസിന്റെ ട്രഷറി ഡിപ്പാർട്ട്മെന്റിൽ ചൈനയ്ക്ക് 2025 നവംബറിലെ കണക്കനുസരിച്ച് 682 ബില്യൻ ഡോളറിന്റെ നിക്ഷേപമുണ്ടായിരുന്നു.
മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 11% കുറവാണിത്. ട്രഷറി ഡിപ്പാർട്ട്മെന്റിൽ നിന്ന് നിക്ഷേപം പിൻവലിച്ച് വിദേശനാണയ ശേഖരത്തിലെ കരുതൽ സ്വർണത്തിന്റെ അളവ് കൂട്ടുകയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന.
ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായ ശേഷം യുഎസും ചൈനയും തമ്മിൽ വ്യാപാര, താരിഫ് മേഖലകളിലുൾപ്പെടെ ഭിന്നത രൂക്ഷമായതും ഇതിനു വഴിവച്ചിട്ടുണ്ട്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ കറൻസികൾ അസ്ഥിരമായതും ചൈനയെ സ്വർണഭ്രമത്തിലേക്ക് നയിച്ചു. കഴിഞ്ഞ ജനുവരി വരെ തുടർച്ചയായ 15 മാസവും ചൈനീസ് കേന്ദ്രബാങ്ക് സ്വർണം വാങ്ങിക്കുകയാണ് ചെയ്തത്.
നിലവിൽ ആകെ സ്വർണശേഖരം 2,300 ടണ്ണിലെത്തിയിട്ടുമുണ്ട്.
ചൈനക്കാരുടെ മൊത്തം കുടുംബാധിഷ്ഠിത നിക്ഷേപത്തിൽ ഇപ്പോൾ ഒരു ശതമാനമാണ് സ്വർണത്തിന്റെ പങ്ക്. സ്വർണപ്രേമം അനുദിനം ശക്തമാവുകയാണെന്നും പങ്ക് വൈകാതെ 5 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്നുമാണ് വിലയിരുത്തൽ.
രാജ്യാന്തര സ്വർണവില സമീപകാലത്ത് ഔൺസിന് സർവകാല ഉയരമായ 5,594 ഡോളറിൽ എത്തിയിരുന്നു. പിന്നീട് പക്ഷേ, നിലയുറയ്ക്കാതെ ഇടിയുകയായിരുന്നു.
റെക്കോർഡിലെത്തിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ ദശാബ്ദങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്വർണം നേരിട്ടത്.
ഇപ്പോഴാകട്ടെ 5,000 എന്ന നാഴികക്കല്ല് നിലനിർത്താൻ തന്നെ സ്വർണം വിയർക്കുകയാണ്. എന്നാൽ, ചൈനക്കാരുടെ സ്വർണപ്രേമം മൂലം വില വീണ്ടും കത്തിക്കയറുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ചൈനക്കാർക്ക് മര്യാദയില്ലെന്നും സ്വർണത്തിൽ അവരുടെ ഇടപാടുകൾ അച്ചടക്കമില്ലാത്തതാണെന്നും വിമർശിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് രംഗത്തുവന്നു. സ്വർണവിലയിൽ പെട്ടെന്നുള്ള കയറ്റത്തിനും തൊട്ടുപിന്നാലെയുള്ള തകർച്ചയും ഇടവയ്ക്കുന്നതാണ് ചൈനക്കാരുടെ ഈ പ്രവൃത്തിയെന്നും ബെസ്സന്റ് ആരോപിച്ചു.
UPDATE AT 10AM സ്വർണവിലയിൽ വൻ വീഴ്ച; രാവിലെതന്നെ പവന് 1920ന്റെ ഇടിവ്, കൂപ്പുകുത്തി രാജ്യാന്തര വിലയും സ്വർണവില ആഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശപകർന്നും ഇപ്പോൾ നേരിടുന്നത് കനത്ത ഇടിവ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നുരാവിലെ തന്നെ ഗ്രാം വില 240 രൂപ താഴ്ന്ന് 14,280 രൂപയിലെത്തി.
പവന് 1920 രൂപ കുറഞ്ഞ് വില 1,14,240 രൂപയായി. രാജ്യാന്തര വില ഔൺസിന് ഒരുവേള നിലംപൊത്തിയത് 4,906ലേക്ക്.
ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന വിലയാണ് കനത്ത വിൽപനസമ്മർദത്തെ തുടർന്ന് തകർച്ചയുടെ ട്രാക്കിലായത്.
ഇന്നുരാവിലെ വിലയുള്ളത് 95 ഡോളർ ഇടിഞ്ഞ് 4,977 ഡോളറിലാണ്. 4,906ൽ നിന്നുള്ള ഈ കരകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ വില ഇന്ന് ഇതിലുമേറെ ഇടിയുമായിരുന്നു.
യുഎസ് ഡോളർ ഇൻഡക്സും ട്രഷറി യീൽഡും (ബോണ്ടിൽ നിന്നുള്ള ആദായം) മെച്ചപ്പെടുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
കേരളത്തിൽ ഇന്നു രാവിലെ 18 കാരറ്റ് സ്വർണവില ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം 200 രൂപ കുറഞ്ഞ് 11,800 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 15 രൂപ താഴ്ന്ന് 280 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,735 രൂപയാണ്. വെള്ളിക്ക് ഇവരുടെ ജ്വല്ലറികളിലും ഇന്നുവില 280 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

