ഇരിട്ടി ∙ ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യം 3–ാം ഘട്ടത്തിന്റെ തുടർച്ചയായി ഇന്നലെ നടത്തിയ ശ്രമം വിഫലം. ഓടിക്കുന്നതിനിടെ കൊമ്പനാന വനപാലകർക്കു നേരെ പലതവണ അക്രമാസക്തനായി തിരിഞ്ഞതോടെയാണ് തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം താൽക്കാലികമായി അവസാനിപ്പിക്കേണ്ടി വന്നത്.
കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.നിധിൻരാജിന്റെ നിർദേശപ്രകാരം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ റേഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള 30 അംഗ ദൗത്യസംഘമാണു ഇന്നലെ ആനതുരത്തലിനിറങ്ങിയത്.
ആറളം ഫാം ബ്ലോക്ക് 7 വയനാടൻ മേഖലയിലാണ് സംഘം ആദ്യം പരിശോധന നടത്തിയത്. ദീർഘനേരം തിരച്ചിൽ നടത്തിയെങ്കിലും ഇവിടെ കാട്ടാനകളെ കണ്ടെത്താൻ സാധിച്ചില്ല.
പിന്നീട് ബ്ലോക്ക് 13 ലക്ഷദ്വീപ് ഭാഗത്ത് ഒരു കൊമ്പനെ കണ്ടെത്തി. ഈ കൊമ്പനെ ചോമാനി വഴി ഓടച്ചാൽ ഭാഗത്ത് പുതുതായി നിർമിച്ച തൂക്കുവേലിക്കരികിൽ വരെ ദൗത്യസംഘം സാഹസികമായി എത്തിച്ചെങ്കിലും ഇവിടെവച്ച് ആന തിരിഞ്ഞു പരിപ്പുതോട് മല ഭാഗത്തേക്ക് നീങ്ങി.
പിന്നീടും ഓടിക്കാൻ ശ്രമിച്ചെങ്കിലും തുരത്തൽ സംഘത്തിനു നേരെ പലതവണ പാഞ്ഞടുത്തതോടെ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നെന്ന് വനംവകുപ്പ് അറിയിച്ചു. വനത്തിനു തുല്യമായി ഫാം – പുനരധിവാസ മേഖല കാടു പിടിച്ചുകിടക്കുന്നതും ആനതുരത്തലിനു പ്രതികൂലമാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

