പുത്തൂർ ∙ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നു സ്വയം പ്രഖ്യാപിത തന്ത്രി പദത്തിലേക്കുള്ള വി.എസ്.രാജൻബാബു എന്ന മുരാരി തന്ത്രിയുടെ വളർച്ച പെട്ടെന്നായിരുന്നു. ബാധ ഒഴിപ്പിക്കലിന്റെ പേരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജൻബാബുവിന്റെ വളർച്ചയുടെ കഥകളാണ് നാട്ടുകാരെ വിസ്മയിപ്പിക്കുന്നത്.
പുത്തൂർ, കൊട്ടാരക്കര ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ മുൻപ് ഓട്ടോ ഓടിച്ചു നടന്ന രാജൻ ബാബു ജ്യോതിഷിയായത് നാട്ടുകാർ അറിഞ്ഞില്ല. മുരാരി ജ്യോതിഷാലയത്തിലെ ആസ്ഥാന ജ്യോതിഷിയായി സ്വയം അവരോധിച്ചതോടെ രാജൻബാബുവിന്റെ വളർച്ച വേഗത്തിലായിരുന്നു.
ആഡംബര കാറുകളുടെ ഉൾപ്പെടെ ഉടമയാണ് ഇന്ന് രാജൻബാബു.
കടയ്ക്കലായിരുന്നു ആദ്യം ജ്യോതിഷാലയം. ചില പ്രശ്നങ്ങളുടെ പേരിൽ അതു പൂട്ടേണ്ടി വന്നു.
പിന്നീട് വെണ്ടാറിലും ഒടുവിൽ അരീക്കലിലെ വീട്ടിലേക്കും പ്രവർത്തനം മാറ്റി. ദൂരദേശങ്ങളിൽ നിന്നു പോലും ജ്യോത്സ്യനെ തേടി ആളുകൾ എത്തുമായിരുന്നെങ്കിലും പ്രദേശവാസികൾ കാര്യമായി പരിഗണിച്ചിരുന്നില്ല.ഇതിനിടയിൽ ഒമാനിലും ജ്യോതിഷാലയം തുറന്ന് സുൽത്താന്റെ രോഗം ഭേദമാക്കാൻ പോയി എന്നാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്.
ഇതിനു പുറമേ ദുബായിലും മസ്കറ്റിലും ഓഫിസുകൾ തുറന്നെങ്കിലും വൈകാതെ പൂട്ടി. ജ്യോതിഷ വിധിയിൽ കാണുന്ന പ്രശ്നങ്ങൾക്ക് പൂജാപരിഹാരങ്ങളും ഇയാൾ തന്നെ നിർദേശിക്കുമായിരുന്നു.
നല്ല തുക വാങ്ങിയായിരുന്നു പൂജകൾ നടത്തിയിരുന്നത്.
റീൽസിലും താരമായിരുന്ന രാജൻബാബ ചാനൽ ചർച്ചകളിലും വരെ ഇടംപിടിച്ചു. ശാസ്ത്രജ്ഞൻമാർ പോലും തന്നോടു ചോദിച്ചിട്ടാണു റോക്കറ്റ് വിക്ഷേപിക്കുന്നതെന്നും ഒരു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചയാളെ കൃത്യമായി പ്രവചിച്ചു എന്നുമൊക്കെയായിരുന്നു അവകാശവാദം.
തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമവുമായി ബന്ധപ്പെട്ട് പണവും സ്വർണവും അപഹരിച്ചു എന്ന പരാതിയും ഇടയ്ക്ക് ഉയർന്നു. വിവാദമായതോടെ നഷ്ടപരിഹാരം കൊടുത്ത് അത് ഒതുക്കിത്തീർക്കാനായി ശ്രമം.
വടക്കൻ ജില്ലയിലെ ഒരു വീട്ടിലെത്തി ബാധ ഒഴിപ്പിക്കുന്നതിനിടയിൽ കർമം വഴിവിട്ടതോടെ മർദനമേറ്റിരുന്നു.
പഴയ വീടിനോടു ചേർന്ന് പുതിയ വീട് നിർമിച്ച് അവിടേക്കു താമസം മാറ്റിയത് അടുത്തിടെയാണ്. പഴയ വീട്ടിലാണ് മുരാരി ജ്യോതിഷാലയം പ്രവർത്തിക്കുന്നത്.
ഇവിടെ പ്രശ്നം നോക്കുന്നതിനും ബാധ ഒഴിപ്പിക്കുന്നതിനും പ്രത്യേകം മുറികൾ തന്നെ ക്രമീകരിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബാധ ഒഴിപ്പിക്കൽ മുൻപും ഇവിടെ നടന്നിട്ടുണ്ടെന്നാണ് വിവരം.
ജ്യോതിഷി അറസ്റ്റിലായതോടെ സമാനമായ കൂടുതൽ പരാതികൾ ഉയരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരുമെന്നും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

