നിയമസഭാ മണ്ഡലത്തിനു പ്രായം വെറും പതിനഞ്ചാണെങ്കിലും കേരള ചരിത്രത്തോളം പഴക്കമുണ്ട് ഷൊർണൂരിന്റെ രാഷ്ട്രീയത്തിന്. ഇഎംഎസ് അടക്കമുള്ള ഇടതുവാദികൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കു ബദൽ രൂപീകരിച്ചപ്പോൾ ‘ഇടതു കെപിസിസി’യുടെ ആസ്ഥാനം ഇവിടെയായിരുന്നു.
ഷൊർണൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ഒരുകാലത്തു രാഷ്ട്രീയ തന്ത്രങ്ങളുടെ വാർ റൂം ആയിരുന്നു. കഥകളിയിൽ വെള്ളിനേഴിയും ഒപ്പം കല്ലുവഴിച്ചിട്ടയും നാടിന്റെ പ്രശസ്തിയുയർത്തി.
പാലക്കാട്, കോഴിക്കോട്, എറണാകുളം റെയിൽവേ ലൈനുകൾ സംഗമിക്കുന്ന ട്രയാങ്കുലർ ജംക്ഷൻ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ ശക്തികേന്ദ്രമാണ്.
കഥ ഇതുവരെ
ഷൊർണൂർ ഉൾപ്പെട്ട പഴയ പട്ടാമ്പി മണ്ഡലത്തിൽനിന്ന് ഇഎംഎസ്, ഇ.പി.ഗോപാലൻ, കെ.ഇ.ഇസ്മായിൽ, എം.പി.ഗംഗാധരൻ, സി.പി.മുഹമ്മദ് തുടങ്ങിയ പ്രമുഖർ നിയമസഭയിലെത്തിയിട്ടുണ്ട്.
പട്ടാമ്പിയെ വിഭജിച്ച് ഷൊർണൂർ നിയമസഭാ മണ്ഡലം രൂപീകരിച്ചപ്പോൾ 2011ൽ സിപിഎമ്മിലെ കെ.എസ്.സലീഖയാണ് ജയിച്ചത്. 2016ൽ കോൺഗ്രസിലെ സി.സംഗീതയെ പരാജയപ്പെടുത്തി സിപിഎമ്മിലെ പി.കെ.ശശി എംഎൽഎ ആയി.
വിവാദങ്ങളുമായി ബന്ധപ്പെട്ട് പി.കെ.ശശിക്ക് സീറ്റ് നിഷേധിച്ചതോടെ 2021ൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മമ്മിക്കുട്ടിയെ മത്സരിപ്പിച്ചു. യുഡിഎഫിലെ ടി.എച്ച്.ഫിറോസ് ബാബുവിനെ പരാജയപ്പെടുത്തി അദ്ദേഹം എംഎൽഎ ആയി.
കണക്കിലെ കാര്യം
ജില്ലയിൽ തന്നെ 2 നഗരസഭകളുള്ള ഏക നിയമസഭാ മണ്ഡലമായ ഇവിടെ 2021ൽ 36,674 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎം ജയിച്ചു.
ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 23,149 ഉണ്ട്. യുഡിഎഫ് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും 3751 വോട്ടുകളുടെ ലീഡ് സിപിഎം നേടി. ഇടതുകോട്ടയാണ് എന്ന് അവകാശപ്പെടുമ്പോഴും ചില ബുദ്ധിമുട്ടുകൾ സിപിഎമ്മിനെ അലട്ടുന്നു.
ഷൊർണൂർ നഗരസഭയിൽ ഭരണം നേടിയെങ്കിലും കേവലഭൂരിപക്ഷമില്ലാതെ, സ്വതന്ത്രാംഗത്തിന്റെ പിന്തുണയോടെയാണു മുന്നോട്ടുപോകുന്നത്. തൃക്കടീരിയിലും കേവല ഭൂരിപക്ഷമില്ല.
പി.കെ.ശശി പാർട്ടി ലൈനിനു വിരുദ്ധമായി നിൽക്കുന്നു.
കേരളത്തിലെ ഷെഫീൽഡ്സ് എന്നറിയപ്പെടുന്ന ഷൊർണൂരിലെ ചെറുകിട ഇരുമ്പ് വ്യവസായ മേഖല കേരളത്തിലെ അറിയപ്പെടുന്ന കാർഷികോപകരണ മേഖലയാണ്.
ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിക്കായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയതായി ഇടതുപക്ഷം പറയുന്നു.
അടിസ്ഥാനസൗകര്യ രംഗത്ത് കുതിപ്പേക്കാൻ കഴിഞ്ഞു. നിലവിലെ എംഎൽഎമാർ തന്നെ തുടരാനുള്ള തീരുമാനമാണെങ്കിൽ മമ്മിക്കുട്ടി ഒരിക്കൽക്കൂടി സ്ഥാനാർഥിയാകും.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ ഷൊർണൂർ നഗരസഭാ ചെയർമാനുമായ എം.ആർ.മുരളിക്കാണ് മറ്റൊരു സാധ്യത.
ഇടതുപക്ഷത്തിന് ശക്തമായ പിന്തുണ നൽകിയിട്ടും പല മേഖലകളും ‘കുഗ്രാമങ്ങളായി’ അവശേഷിക്കുന്നതായി യുഡിഎഫ് കുറ്റപ്പെടുത്തുന്നു. റോഡുകൾ ഉൾപ്പെടെയുള്ളവയുടെ ദയനീയാവസ്ഥ വ്യക്തം. പൊതുമേഖലാ സ്ഥാപനങ്ങളും ചെറുകിട
വ്യവസായ മേഖലയും നാശത്തിന്റെ വക്കിലാണെന്നും ഇവർ പറയുന്നു. പക്ഷേ മണ്ഡലത്തിൽ സംഘടനാ സംവിധാനം തീരെ ഇല്ലെന്നതാണ് കോൺഗ്രസിന്റെ വലിയ പ്രശ്നം.
ഷൊർണൂർ നഗരസഭയിലും വാണിയംകുളം പഞ്ചായത്തിലും ബിജെപിക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് യുഡിഎഫ്. ഡിസിസി ജനറൽ സെക്രട്ടറി ടി.വൈ.ഷിഹാബുദ്ദീന്റെ പേരാണ് ഇവിടെ പ്രധാനമായും യുഡിഎഫ് പരിഗണിക്കുന്നത്.
കെ.കൃഷ്ണകുമാർ, വി.കെ.ശ്രീകൃഷ്ണൻ എന്നിവരും സാധ്യതാ പട്ടികയിൽ ഉണ്ട്.
2016ൽ ബിഡിജെഎസ് മത്സരിച്ച സീറ്റ് 2021ൽ ബിജെപി തിരിച്ചെടുത്തു. രാഷ്ട്രീയത്തിൽ തിളങ്ങിനിന്നിരുന്ന സന്ദീപ് വാരിയരാണ് അന്നു ബിജെപിയുടെ സ്ഥാനാർഥിയായത്.
രണ്ടാം സ്ഥാനം നിലനിർത്താൻ യുഡിഎഫിന് ആയെങ്കിലും ബിജെപിയുമായുള്ള വോട്ട് വ്യത്യാസം വെറും 753 മാത്രം. ഇത്തവണ ബിജെപി സ്ഥാനാർഥിയായി സംസ്ഥാന നേതാക്കളാരെങ്കിലും വരാൻ സാധ്യതയുള്ളതായി അറിയുന്നു. അങ്ങനെയാരും ഇല്ലെങ്കിൽ നഗരസഭാംഗം ഇ.പി.നന്ദകുമാറിനാണു സാധ്യത.
ഷൊർണൂർ നിയമസഭാ മണ്ഡലം
∙ നഗരസഭകൾ: ഷൊർണൂർ, ചെർപ്പുളശ്ശേരി
∙ പഞ്ചായത്തുകൾ: വാണിയംകുളം, വെള്ളിനേഴി, അനങ്ങനടി, തൃക്കടീരി, ചളവറ, നെല്ലായ.
2021 നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുനില
∙ ഭൂരിപക്ഷം: 36,674 (എൽഡിഎഫ്)
∙ പി.മമ്മിക്കുട്ടി (എൽഡിഎഫ്): 74,400
∙ ടി.എച്ച്.ഫിറോസ്ബാബു (യുഡിഎഫ്): 37,726
∙ സന്ദീപ് വാരിയർ (ബിജെപി): 36,973
∙ മുഹമ്മദ് മുസ്തഫ (എസ്ഡിപിഐ): 1251
∙ പി.സി.അയ്യപ്പൻകുട്ടി: 883
∙ തദ്ദേശ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം: എൽഡിഎഫ്(23,149)
∙ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: ചളവറ (നറുക്കെടുപ്പിലൂടെ) നെല്ലായ.
∙ എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകൾ, വാണിയംകുളം, വെള്ളിനേഴി, അനങ്ങനടി, തൃക്കടീരി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

