പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പ്രതികാരമെന്നോണം ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം കൂടുതൽ വെട്ടിലായി പാക്കിസ്ഥാൻ. ആദ്യം വ്യാപാരത്തിലും പിന്നീട് വെള്ളത്തിലും പണി കിട്ടിയ പാക്കിസ്ഥാന് അടുത്ത തിരിച്ചടി.
ഇന്ത്യയിൽ നിന്നുള്ള വിതരണം നിലച്ചതോടെ ആരോഗ്യ മേഖലയെ സാരമായി ബാധിക്കുന്ന നിലയിൽ പ്രതിസന്ധി വളരുമെന്നാണ് പാക്ക് മന്ത്രി ഉള്പ്പെടെയുള്ളവരുടെ പ്രതികരണം. കൃത്യ സമയത്ത് പരിഹരിക്കാൻ ആയില്ലെങ്കിൽ ഏകദേശം 10,000 കോടി രൂപയുടെ അധിക ബാധ്യതയാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വാങ്ങൽ അവസാനിപ്പിച്ച പാക്കിസ്ഥാന് കിട്ടിയത് കനത്ത തിരിച്ചടി.
കുറഞ്ഞ വിലയിൽ വാക്സിൻ ലഭിച്ചില്ലെങ്കിൽ ആരോഗ്യ – സാമ്പത്തിക മേഖലയിൽ പ്രതിസന്ധി കനക്കുമെന്ന് പാക്ക് ആരോഗ്യമന്ത്രി മുസ്തഫ കമാൽ. ഇക്കാര്യത്തിൽ ഏറെക്കാലമായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 13 രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നാണ് സൗജന്യമായി പാക്കിസ്ഥാൻ കുട്ടികൾക്ക് നൽകുന്നത്.
ഓരോ വർഷവും 62 ലക്ഷം കുട്ടികൾ ജനിക്കുന്നതിനാൽ ഇതിനുള്ള ചെലവും കൂടി വരികയാണ്. ലോക ആരോഗ്യ സംഘടന, യൂണിസെഫ്, ഗേറ്റ്സ് ഫൗണ്ടേഷൻ പോലുള്ള സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് പാക്കിസ്ഥാൻ ഇതിനുള്ള ചെലവ് കണ്ടെത്തുന്നത്.
ഇവയിൽ വലിയൊരു ശതമാനം പ്രതിരോധ മരുന്നുകളും നിർമിക്കുന്നത് ഇന്ത്യയിലാണ്. അതിർത്തിയിലെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് കുറഞ്ഞ വിലയിൽ പ്രതിരോധ മരുന്നുകൾ ലഭിക്കുന്നത് പാക്കിസ്ഥാന് വലിയ ആശ്വാസമായിരുന്നു.
കോവിഡ് കാലത്ത് ഇതിനുള്ള വാക്സിനുകളും ഇന്ത്യ പാക്കിസ്ഥാന് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ വാക്സിൻ അടക്കമുള്ള ഉൽപന്നങ്ങളുടെ വിതരണം മുടങ്ങി.
അന്താരാഷ്ട്ര സഹായവും തീരുന്നു
നിലവിൽ പ്രതിവര്ഷം 400 മില്യൻ ഡോളറിന്റെ പ്രതിരോധ മരുന്നുകളാണ് പാക്കിസ്ഥാൻ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 49 ശതമാനം ചെലവും ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്മ്യുണൈസേഷൻ പദ്ധതി പ്രകാരം സഹായമായി ലഭിക്കും.
ബാക്കി തുക പാക്കിസ്ഥാൻ കണ്ടെത്തിയാൽ മതിയായിരുന്നു. എന്നാൽ 2031 എത്തുമ്പോൾ വാക്സിന് വാങ്ങാനുള്ള അന്താരാഷ്ട്ര സഹായം അവസാനിക്കുമെന്ന് മുസ്തഫ കമാൽ പറഞ്ഞു.
അതിനുള്ളിൽ പാക്കിസ്ഥാന് സ്വന്തമായി വാക്സിൻ നിർമിക്കാനായില്ലെങ്കിൽ 1.2 ബില്യൻ ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തമായി വാക്സിൻ നിർമിക്കും
പാക്കിസ്ഥാന് പ്രതിവർഷം 14 കോടി ഡോസ് വാക്സിനുകൾ ആവശ്യമാണെന്നാണ് കണക്ക്. ഇതിനായി സൗദി പിന്തുണയോടെ വാക്സിൻ നിർമാണം തദ്ദേശീയമായി ആരംഭിക്കാനാണ് പാക്കിസ്ഥാന്റെ പദ്ധതി.
11 അംഗ സൗദി ഉന്നത സംഘം കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാനിലെത്തി ഇതിനുള്ള സാധ്യത പഠനം നടത്തിയിരുന്നു. എന്നാൽ സാമ്പത്തികമായ നേട്ടമുണ്ടാക്കണമെങ്കിൽ പ്രതിവർഷം 30 കോടി ഡോസ് വാക്സിനുകൾ എങ്കിലും പ്രാദേശികമായി നിർമിക്കണമെന്നാണ് പാക്കിസ്ഥാന്റെ കണക്ക്.
ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പാക്കിസ്ഥാന് പദ്ധതിയുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

