ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വെട്ടിച്ചുരുക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതോടൊപ്പം ഒരുകാര്യം കൂടി വ്യക്തമാക്കിയിരുന്നു – ‘‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തും. അവർ ഇനി യുഎസിന്റെ ഊർജോൽപന്നങ്ങളാകും വാങ്ങുക, അതു മിക്കവാറും വെനസ്വേലൻ എണ്ണയായിരിക്കും’’.
ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായുള്ള ഫോൺ സംഭാഷണത്തിൽ സമ്മതിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% പിഴച്ചുങ്കം പൂർണമായി യുഎസ് എടുത്തുകളയും. എന്നാൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന വ്യവസ്ഥയും യുഎസ് മുന്നോട്ടുവച്ചിട്ടുണ്ട്.
ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞെങ്കിലും കേന്ദ്രസർക്കാരോ മോദിയോ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇന്ത്യ റഷ്യൻ എണ്ണയോട് ഏറക്കുറെ മുഖംതിരിച്ചുതുടങ്ങിയെന്ന് ഡിസംബറിലെ ഇറക്കുമതി കണക്കുകൾ വ്യക്തമാക്കുന്നു.
270 കോടി ഡോളറിന്റെ റഷ്യൻ എണ്ണയാണ് ഡിസംബറിൽ ഇന്ത്യ വാങ്ങിയത്.
ഇതാകട്ടെ 2024 ഡിസംബറിനേക്കാൾ 15 ശതമാനവും 2024 ഡിസംബറിനേക്കാൾ 27.1 ശതമാനവും കുറവാണ്. കഴിഞ്ഞ 3 വർഷത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയാണ് ഡിസംബറിൽ നടന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഒരു ശതമാനത്തിലും താഴെയായിരുന്നു റഷ്യയുടെ വിഹിതം.
പിന്നീട് റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ഉപരോധം പ്രഖ്യാപിക്കുകയും റഷ്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തതോടെ, ഇന്ത്യയ്ക്ക് വൻതോതിൽ റഷ്യ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുകയായിരുന്നു. കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടിയതോടെ ഇന്ത്യൻ കമ്പനികൾ വൻതോതിൽ വാങ്ങിക്കൂട്ടി.
ഇതോടെ റഷ്യയുടെ വിഹിതം 40 ശതമാനം വരെ ഉയർന്നിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ഡിസംബറിൽ വിഹിതം 24.9 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ഡിസംബറിൽ ഇന്ത്യ യുഎസിൽ നിന്ന് 56.93 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്തു.
നവംബറിനേക്കാൾ 60.5% കുറവാണിത്. പക്ഷേ, 2024 ഡിസംബറിനേക്കാൾ 31% കൂടുതലുമാണ്.
2024 ഡിസംബറിൽ ഇന്ത്യ 16 രാജ്യങ്ങളിൽ നിന്നായിരുന്നു എണ്ണ ഇറക്കുമതി ചെയ്തിരുന്നതെന്ന് ഒരു ഇംഗ്ലിഷ് മാധ്യമ റിപ്പോർട്ട് പറയുന്നു. 2025 ഡിസംബറിൽ ഇത് 19 രാജ്യങ്ങളായി ഉയർന്നു.
ഇതിൽ 10 രാജ്യങ്ങളുടെയും വിഹിതത്തിൽ വർധനയുണ്ട്. റഷ്യൻ എണ്ണയ്ക്ക് ഇന്ത്യൻ കമ്പനികൾ ബദൽതേടിയതാണ് ഇതിനുകാരണമെന്ന് കരുതുന്നു.
ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇന്ത്യ പുറത്തുനിന്ന് വാങ്ങുകയാണ്. ഈ സാഹചര്യത്തിലായിരുന്നു റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് നിരക്കിൽ എണ്ണ ലഭിച്ചപ്പോൾ ഇന്ത്യ വലിയതോതിൽ വാങ്ങിക്കൂട്ടിയത്.
ചൈന കഴിഞ്ഞാൽ ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങിയ രാജ്യമായി അതോടെ ഇന്ത്യ മാറിയിരുന്നു. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഡോണൾഡ് ട്രംപ് പിഴച്ചുങ്കം ചുമത്തിയത് ഇന്ത്യയ്ക്ക് മാത്രം.
യുക്രെയ്നിൽ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ യുദ്ധത്തിന് എണ്ണവാങ്ങി ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

