കോഴിക്കോട് ∙ കളി കൈവിട്ടു പോയതോടെ മലബാറിലെ ഫുട്ബോൾ ആരാധകർ കടുത്ത നിരാശയിൽ. ഐഎസ്എൽ ഫുട്ബോൾ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചത് ഫുട്ബോൾ ആരാധകരിൽ കടുത്ത നിരാശയാണുണ്ടാക്കിയത്.
സ്റ്റേഡിയത്തിൽ ഐഎസ്എൽ നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇല്ലാത്തതും വൻവാടകയുമാണു കോഴിക്കോട് വിടാൻ കാരണമായി ക്ലബ് പറയുന്നത്. അതേസമയം, വാടക ഉൾപ്പെടെ എല്ലാ ഇളവുകളും കൊച്ചി ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
മലബാറിനെ മുഴുവൻ സംബന്ധിച്ചു വലിയ നഷ്ടമാണിത്.
വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക്കും ടീമുകൾക്കും ഈ തിരിച്ചുപോക്ക് വലിയ നഷ്ടമുണ്ടാക്കും. ഇവിടെ വലിയ മത്സരങ്ങൾ വരുമ്പോൾ കുട്ടികളെ കൊണ്ടുപോയി കളി കാണിക്കാറുള്ളതാണ്.
കൊച്ചിയിലൊന്നുംപോയി കളി കാണിക്കൽ പ്രായോഗികമല്ല. മലബാറിലെ ഫുട്ബോൾ വളരാൻ ഇവിടെ വലിയ മത്സരങ്ങൾ നടക്കണം.
ഏതു പ്രശ്നം കൊണ്ടാണു ബ്ലാസ്റ്റേഴ്സ് തിരിച്ചു പോയത് എന്ന് കൃത്യമായി പരിശോധിക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കൊണ്ടാണെങ്കിൽ അവ ഉടൻ പരിഹരിക്കണം.
വാടക സംബന്ധിച്ചുള്ള കാര്യങ്ങളാണെങ്കിൽ സാമ്പത്തിക വശം മാത്രം പരിഗണിക്കാതെ കളിയെ പ്രോത്സാഹിപ്പിക്കുക എന്ന വശം കൂടി പരിഗണിക്കണം.
നിയാസ് റഹ്മാൻ, ഫുട്ബോൾ പരിശീലകൻ
ഡിസംബറിൽ സൂപ്പർ ക്രോസ് ബൈക്ക് റേസിങ്ങിനു വിട്ടുകൊടുത്ത സ്റ്റേഡിയം ഇപ്പോഴും പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. മുൻപ് സന്തോഷ് ട്രോഫിയും ഐ ലീഗും അടക്കം ആവേശത്തോടെ ഏറ്റുവാങ്ങിയ കോഴിക്കോടിന് മികച്ചൊരു സ്റ്റേഡിയം പരിപാലിക്കാൻ കഴിയാത്തതു കായിക പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മഞ്ഞപ്പടയുടെ ഏറ്റവും വലിയ ആരാധക ബലമുള്ള മലബാറിൽ നിന്നു മത്സരങ്ങൾ മാറുന്നത് പ്രാദേശിക ഫുട്ബോൾ വളർച്ചയ്ക്കും തിരിച്ചടിയാകുമെന്നു ആരാധകർ പറയുന്നു. കായിക മത്സരത്തിനു വേദിയൊരുക്കുമ്പോൾ ലാഭത്തിന് അപ്പുറം കായിക സംസ്കാരത്തിനു മുൻഗണന നൽകണമെന്നും വാടക നിരക്കുകളിൽ ചർച്ച നടത്താൻ അധികൃതർ തയാറാകണമെന്നുമാണ് ഇവരുടെ ആവശ്യം.
ചില വ്യക്തികളുടെ സാമ്പത്തിക താൽപര്യത്തിനു പൊതുമുതൽ വിട്ടുകൊടുത്തതിന്റെ ദുരവസ്ഥയാണ് ഇപ്പോൾ കാണുന്നത്.
പാർട്ടി നേതാക്കൾക്കും ബെനാമികൾക്കും കോടികൾ കൊയ്യാനുള്ള അവസരം ഒരുക്കിയപ്പോൾ നഷ്ടം മുഴുവൻ മലബാറിലെ ആരാധകർക്കും കളിക്കാർക്കുമാണ്. ഒരു നാടിന്റെ മൊത്തം ഭാവി നശിപ്പിച്ച് ഏതാനും പേരുടെ സാമ്പത്തിക താൽപര്യങ്ങൾ നടത്തിക്കൊടുക്കാൻ ഇനിയെങ്കിലും കോർപറേഷൻ ശ്രമിക്കരുത്.
എസ്.വി.മുഹമ്മദ് ഷമീൽ തങ്ങൾ, കോർപറേഷൻ യുഡിഎഫ് പാർട്ടി ലീഡർ
അതേസമയം, ബ്ലാസ്റ്റേഴ്സ് കോഴിക്കോട് വിടുന്നതു കോർപറേഷന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണു കോർപറേഷന്റെ വിശദീകരണം.
ഉയർന്ന വാടക, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പരാതി ഉണ്ടായിരുന്നെങ്കിൽ ടീമിനു കോർപറേഷനെ സമീപിക്കാമായിരുന്നു. സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
അതു വേഗത്തിലാക്കാൻ കോർപറേഷൻ ഇടപെടുമായിരുന്നു.
ഉയർന്ന വാടക ആവശ്യപ്പെട്ടത് കോർപറേഷനല്ല. കേരള ഫുട്ബോൾ അസോസിയേഷന്റെ കൈവശമാണ് ഇപ്പോൾ ഗ്രൗണ്ട് .
അവർ ഉയർന്ന വാടക ആവശ്യപ്പെട്ടെങ്കിൽ സ്റ്റേഡിയം ഉടമ എന്ന നിലയിൽ കോർപറേഷനെ സമീപിക്കാമായിരുന്നു.വിഷയത്തിൽ ചർച്ച നടത്തി വാടക കുറയ്ക്കാൻ കോർപറേഷൻ ഇടപെടൽ നടത്തും. ഈ വിഷയത്തിൽ ഫുട്ബോൾ ആരാധകർക്കൊപ്പമാണ് കോർപറേഷനെന്നും അധികൃതർ വ്യക്തമാക്കി.
ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചു വലിയ നിരാശയാണിത്.
മോട്ടർ ക്രോസ് ലീഗ് മൂലം സൂപ്പർലീഗ് ഫുട്ബോൾ നഷ്ടമായി. അതിന്റെ വേദനയിൽ ഇരിക്കുമ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സും തിരിച്ചു പോകുന്നത് അറിയുന്നത്.
ഐലീഗ്, സൂപ്പർലീഗ്, ഐഎസ്എൽ ഒക്കെ വന്നാലുണ്ടാകുന്ന ത്രിൽ വളരെ വലുതാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും പരിശീലന ഗ്രൗണ്ടുകളിലും ഒക്കെ അതു വലിയ മാറ്റം ഉണ്ടാക്കുമായിരുന്നു.
എല്ലാറ്റിനെയും വാണിജ്യ കണ്ണോടെ മാത്രം കാണരുത്. അധികൃതരും കുറേക്കൂടി ഫ്ലക്സിബിൾ ആകണം.
സുബൈർ നൈനാംവളപ്പിൽ, നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

