കോഴിക്കോട് ∙ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ച് കോർപറേഷൻ കൗൺസിലിന്റെ ആദ്യ യോഗം. തെരുവുനായ ശല്യം, തെരുവുവിളക്കുകൾ കണ്ണടയ്ക്കുന്നത്, ലഹരി മാഫിയയുടെ വ്യാപനം, കോർപറേഷൻ സ്റ്റേഡിയത്തിന്റെ പുൽത്തകിടിയുടെ തകർച്ച, കനോലി കനാലിലെയും നല്ലളം മാങ്കുനി തോട്ടിലെയും മലിനീകരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ ഗൗരവമായ ചർച്ച നടന്നു.
പ്രതിപക്ഷ കക്ഷികളെ മുഖവിലയ്ക്ക് എടുത്തായിരുന്നു ഭരണപക്ഷം മുന്നോട്ടു നീങ്ങിയത്.
ചില അജൻഡകൾ മാറ്റിവയ്ക്കണമെന്ന യുഡിഎഫ് അംഗങ്ങളുടെ ആവശ്യം പരിഗണിക്കാനും മേയർ ഒ.സദാശിവൻ തയാറായി. മെഡിക്കൽ കോളജിലെ എസ്ടിപിയുടെ അറ്റകുറ്റപ്പണിയുടെ കരാറുകാരനെ മാറ്റാനുള്ള അജൻഡയുടെ ചർച്ചയിൽ യുഡിഎഫ് കൗൺസിലർമാർ, എസ്ടിപി വിഷയത്തിൽ കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫ് കൈക്കൊണ്ട
സമീപനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടും എൽഡിഎഫിന്റെ ഭാഗത്തു നിന്നു കാര്യമായ പ്രതിരോധം ഉണ്ടായില്ല. 2 MINUTES AGO 14 MINUTES AGO 26 MINUTES AGO മെഡിക്കൽ കോളജിൽ കോർപറേഷൻ നിർമിച്ച എസ്ടിപിയുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും കരാറെടുത്തയാൾ ഗുരുതര വീഴ്ച വരുത്തിയതിനാൽ അയാളെ മാറ്റി ഇതിനായി പുതിയ ടെൻഡർ വിളിക്കുന്നതിനു കൗൺസിൽ യോഗം തീരുമാനിച്ചു.
എന്നാൽ 30 വർഷത്തേക്ക് നിർമിച്ച എസ്ടിപി 2 വർഷത്തിനകം തകരാറിലായതു നടത്തിപ്പുകാരുടെ പിടിപ്പു കേടുകൊണ്ടാണെന്ന് യുഡിഎഫിലെ കെ.സി.ശോഭിത കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ വലിയ അഴിമതിയും ക്രമക്കേടും ഉണ്ടായിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ എസ്.വി.മുഹമ്മദ് ഷമീൽ തങ്ങളും യുഡിഎഫിലെ എസ്.കെ.അബൂബക്കറും ആവശ്യപ്പെട്ടു. കരാറുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ബിജെപിയിലെ നമ്പിടി നാരായണനും ടി.രനീഷും നവ്യ ഹരിദാസും ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കൗൺസിലിലെ സർവകക്ഷി സംഘത്തിന്റെ ഇന്റേണൽ കമ്മിറ്റി അന്വേഷിക്കണമെന്ന യുഡിഎഫ് അംഗങ്ങളുടെ ആവശ്യം യോഗം അംഗീകരിച്ചു.
ഇന്റേണൽ കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മേയർ ഉറപ്പു നൽകി.
നഗരത്തിലെ തെരുവുനായ ശല്യത്തെ കുറിച്ച് ബിജെപിയിലെ നമ്പിടി നാരായണനാണ് ശ്രദ്ധ ക്ഷണിച്ചത്. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ഷെൽറ്റർ സ്ഥാപിക്കണമെന്നും മൃഗങ്ങൾക്കായി ശ്മശാനം വേണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു.
നായ്ക്കളുടെ പാർക്ക് ഉണ്ടാക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താൻ കൂട്ടായ ശ്രമം വേണമെന്ന് ഡപ്യൂട്ടി മേയർ എസ്.ജയശ്രീ പറഞ്ഞു.
നഗരത്തിലെ ഫുട്ബോൾ സ്റ്റേഡിയം ബൈക്ക് റേസിനു നൽകിയതിന്റെ ഫലമായി സ്റ്റേഡിയത്തിലെ പുൽത്തകിടി പൂർണമായും നശിപ്പിക്കപ്പെട്ടതായി യുഡിഎഫിലെ സഫ്റി വെള്ളയിൽ ശ്രദ്ധക്ഷണിച്ചു. ഫിഫയുടെ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധർ സ്റ്റേഡിയം പരിശോധിക്കണമെന്നും സഫ്റി വെള്ളയിൽ ആവശ്യപ്പെട്ടു.
15 കോടി രൂപ പരിപാടിയുടെ സംഘാടകർ ടിക്കറ്റ് വിൽപനയിലൂടെ നേടിയതായും ഇതിൽ നിന്ന് കോർപറേഷന് എന്തു കിട്ടിയെന്നു പരിശോധിക്കണമെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ എസ്.വി.മുഹമ്മദ് ഷമീൽ ആവശ്യപ്പെട്ടു.
അതേസമയം സ്റ്റേഡിയത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നു സമ്മതിച്ച മേയർ ഇതു പരിഹരിക്കാൻ ഒരു മാസമായി പ്രവൃത്തി നടന്നു വരികയാണെന്നും സ്റ്റേഡിയം കെഎഫ്എ അധികൃതർ പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി ഇനത്തിൽ കോർപറേഷന് 98 ലക്ഷത്തിലധികം രൂപ ലഭിക്കാനുണ്ടായിട്ടും സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്റർ എന്ത് അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നതെന്ന് ബിജെപിയിലെ വിനീത സജീവ് ശ്രദ്ധക്ഷണിച്ചു. അതിന്റെ നടത്തിപ്പുകാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി വാങ്ങിയതിനാൽ കോർപറേഷന് നടപടിയെടുക്കാൻ പരിമിതിയുണ്ടെന്നും സ്റ്റോപ് മെമ്മോ നൽകിയതിനെതിരെ കോർപറേഷൻ സെക്രട്ടറി കോടതിയലക്ഷ്യ നടപടി നേരിടുകയാണെന്നും സൂപ്രണ്ടിങ് എൻജിനീയർ പറഞ്ഞു.
കൗൺസിൽ യോഗത്തിൽ
ചർച്ചയായി മനോരമ പരമ്പര
കോഴിക്കോട് ∙ കോർപറേഷൻ കൗൺസിലിന്റെ ആദ്യ യോഗത്തിൽ മലയാള മനോരമ പരമ്പരയും ചർച്ചയായി.
നഗരത്തിലെ ലഹരി മാഫിയ, വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെയും നഗരത്തിൽ എത്തിപ്പെടുന്ന സ്ത്രീകളെ ചതിക്കുഴിയിലാക്കുന്നതും വിശദീകരിച്ച ‘വല വിരിച്ച് ചിലരുണ്ട്’ എന്ന പരമ്പരയാണ് ചർച്ചയായത്.
യുഡിഎഫിലെ ടി.പി.എം.ജിഷാനാണ് ഇതു സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചത്. ബീച്ചിലെത്തുന്നവരെ തേടി സാമൂഹിക വിരുദ്ധരുടെ വലിയ സംഘം തന്നെ ഉണ്ടെന്നും ഇവർക്കു സഹായകമായ വിധത്തിലാണ് കോർപറേഷന്റെ നടപടികളെന്നും ടി.പി.എം.ജിഷാൻ ആരോപിച്ചു.
ബീച്ചിൽ പലഭാഗത്തും ആവശ്യത്തിനു വെളിച്ചം ഇല്ലാത്തത് സാമൂഹിക വിരുദ്ധർക്കു സഹായകമാണ്.
ബീച്ചിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കണമെന്നും നഗരത്തിലെ സ്കൂളുകളിൽ കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ് നൽകി, ഈ സാമൂഹിക വിപത്തിന് അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബീച്ചിൽ തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയർ ഒ.സദാശിവൻ ഉറപ്പ് നൽകി. ബീച്ചിലെ സാമൂഹിക വിരുദ്ധ ശല്യം കലക്ടറുടെയും പൊലീസിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഇതിന് അറുതി വരുത്താൻ കൂട്ടായ ശ്രമം വേണമെന്നും മേയർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

