എറണാകുളം∙ ഭരണഘടനയുടെ ജീവൻ നിലനിൽക്കുന്നത് അതിന്റെ കൃത്യമായ പ്രയോഗത്തിലാണ്. അധികാരം വ്യക്തികളിലല്ല, ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
കാക്കനാട് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാ തല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
റിപ്പബ്ലിക് ദിനം ഗതകാല അനുഭവങ്ങളെ ഉൾക്കൊണ്ട് ഭാവിക്കായുള്ള ഊർജ്ജം സംഭരിക്കേണ്ട സന്ദർഭമാണ്.
ഭരണഘടനയിലെ ഓരോ ആർട്ടിക്കിളുകൾക്കും അർഥമുണ്ടാകുന്നത് അവ ജനജീവിതത്തിൽ പ്രാവർത്തികമാകുമ്പോഴാണ്. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണെങ്കിലും അത് പ്രയോഗത്തിൽ വരുത്തുന്നവർ മോശമായാൽ ഭരണഘടനയും മോശമായി മാറുമെന്ന ഡോ.
ബി.ആർ.അംബേദ്കറുടെ വാക്കുകളെ മന്ത്രി അനുസ്മരിച്ചു.
‘നിങ്ങൾ ഓരോ തീരുമാനമെടുക്കുമ്പോഴും ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം മനസ്സിലേക്ക് കൊണ്ടുവരണം. ആ തീരുമാനം അവരുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് നോക്കണം’ എന്ന ഉപദേശം ഭരണഘടനാ അസംബ്ലിയിൽ അംഗമായ വേളയിൽ ജവഹർലാൽ നെഹ്റുവിന് ഗാന്ധിജി കൊടുക്കുകയുണ്ടായി.
ഗാന്ധിജിയുടെ ഈ കാഴ്ചപ്പാടാണ് കേരളത്തിന്റെ വികസന മാതൃകകൾക്ക് അടിസ്ഥാനം. കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കിയതും എല്ലാവർക്കും വീട് ഉറപ്പാക്കുന്ന ലൈഫ് പദ്ധതിയും ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പുകളാണ്.
അധികാരം വ്യക്തികളിലല്ല, ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്ന കാഴ്ചപ്പാടാണ് കേരള നിയമസഭ പാസാക്കിയ സേവന അവകാശ നിയമത്തിന് പിന്നിലുള്ളത്.
ഓരോ പൗരനും സേവനം ഉറപ്പുവരുത്താനും അത് നിഷേധിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും അധികാരം നൽകുന്നതിലൂടെ യഥാർഥ അധികാരം ജനങ്ങളിലേക്ക് എത്തുന്നു. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാനും ജനങ്ങളെ കൂടുതൽ അധികാരങ്ങളിലേക്ക് ചേർത്തുനിർത്താനും ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ രാജ്യസഭാംഗം ജെബി മേത്തർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ, ജില്ലാ കലക്ടർ ജി.പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് തുടങ്ങിയവർ പങ്കെടുത്തു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

