പുൽപള്ളി ∙ സീതാദേവി ലവകുശക്ഷേത്ര ഉത്സവാഘോഷത്തിനു കൊണ്ടുവന്ന അമ്യൂസ്മെന്റ് സാമഗ്രികൾ മടക്കികൊണ്ടുപോകാൻ അനുവദിക്കാതെ പിടിച്ചുവച്ചതായി നടത്തിപ്പുകാരന്റെ പരാതി. കോഴിക്കോട് അരക്കിണർ സ്വദേശി കെ.ടി.നൗഷാദാണ് തന്റെയും 30 അംഗ ജോലിക്കാരുടെയും ജീവിതമാർഗമായ അമ്യൂസ്മെന്റ് യൂണിറ്റ് അനധികൃതമായി പിടിച്ചുവച്ചെന്നു പൊലീസിൽ പരാതി നൽകിയത്.
ചന്തസ്ഥലം ലേലത്തിലെടുത്തയാളിൽനിന്നു വാടകയ്ക്കെടുത്ത സ്ഥലത്താണ് അമ്യൂസ്മെന്റ് യൂണിറ്റ് സ്ഥാപിച്ചു പ്രവർത്തിച്ചത്.
പ്രധാന ഉത്സവരാത്രി ക്ഷേത്രവളപ്പിൽ ആനയിടഞ്ഞതോടെ ഉത്സവാഘോഷങ്ങളെല്ലാം നിർത്തിവയ്ക്കുകയും ക്ഷേത്രവളപ്പിലുണ്ടായിരുന്നവരെ പുറത്താക്കുകയും ചെയ്തു. അടുത്തദിവസം സാമഗ്രികളെല്ലാം 16ന് പേരാമ്പ്രയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാടക കുടിശികയുടെ പേരിൽ തടഞ്ഞെന്നും നൗഷാദ് പറയുന്നു.
പരിപാടിക്ക് എത്താത്തതിനാൽ പേരാമ്പ്രയിൽ 2 ലക്ഷം രൂപ നഷ്ടം നൽകണ്ടിവന്നു. ദേവസ്വത്തിലേക്ക് ലേലക്കാരൻ അടയ്ക്കാനുള്ള തുകയ്ക്ക് തന്റെ സാമഗ്രികൾ പിടിച്ചുവച്ചതിനെതിരെയാണ് നൗഷാദിന്റെ പരാതി.
കഴിഞ്ഞ 18 ദിവസമായി തന്റെ 30 ഓളം ജോലിക്കാരും ലോഡുകണക്കിന് സാമഗ്രികളും ക്ഷേത്രമൈതാനിയിലുണ്ട്.
ദിവസവും വൻനഷ്ടം സംഭവിക്കുന്നു. പരാതിക്കാരനായ നൗഷാദും ദേവസ്വവും തമ്മിൽ ഒരു ഇടപാടുമില്ലെന്നും ചന്തസ്ഥലം ലേലത്തിലെടുത്ത പവിത്രൻ എന്നയാൾ ദേവസ്വത്തിലടയ്ക്കാനുള്ള തുക അടയ്ക്കാൻ വൈകുന്നതിനാലാണ് അയാളുടെ ഉടമസ്ഥതയിലുള്ള സാമഗ്രികൾ കൊണ്ടുപോകാൻ അനുമതി നൽകാത്തതെന്നും അധികൃതർ വ്യക്തമാക്കി.
ജിഎസ്ടി അടക്കമുള്ള തുക സർക്കാരിലേക്ക് അടയ്ക്കാനുള്ളതാണ്.
തുക ഉടൻ അടയ്ക്കാമെന്ന് ലേലക്കാരൻ ആർഡിഒ മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. ആനയിടഞ്ഞതും ഇതുമായി ഒരു ബന്ധവുമില്ല.
ഇക്കാരണത്താൽ ലേലക്കാരന് എന്തെങ്കിലും നഷ്ടമുണ്ടായെങ്കിൽ ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകാവുന്നതാണ്. ചന്തസ്ഥലത്തിന്റെ ലേലതുക അടച്ച് ഇടപാടുകൾ തീർക്കാതെ ദേവസ്വത്തിനെ പ്രതിക്കൂട്ടിലാക്കാമെന്ന നിലപാട് ശരിയല്ലെന്നും എക്സിക്യുട്ടിവ് ഓഫിസർ സി.വിജേഷ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

