‘ചെലവ് കൂടുന്നു, കിട്ടുന്ന ശമ്പളമാണെങ്കിൽ ഒന്നിനും തികയുന്നുമില്ല’ ഇങ്ങനെ പരാതിപ്പെടാത്തവർ ചുരുക്കമായിരിക്കും. വിലക്കയറ്റവും പണപ്പെരുപ്പവും സാധാരണക്കാരുടെ പോക്കറ്റിനെ സാരമായി ബാധിച്ചതിന്റെ അടയാളമാണിത്.
ഇതിനിടയിലാണ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് രാജ്യാന്തര തലത്തിൽ ഒരു ക്യാംപെയിൻ നടക്കുന്നത്. യുഎസിൽ ലക്ഷക്കണക്കിന് പേർ പങ്കാളികളായ നോ ബയ് ജനുവരി ചലഞ്ച് ഇതിനോടകം സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധനേടിയിട്ടുണ്ട്.
ജെൻസി, മില്ലേനിയൽ തലമുറയിൽ പെട്ടവരാണ് കൂടുതലും ഇതിന് പിന്നിൽ. ഒരു മാസക്കാലം അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം.
എന്താണ് നോ ബയ് ജനുവരി
ഡിസംബർ മാസം ആളുകൾ പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ വാങ്ങുന്ന മാസമാണ്.
കമ്പനികൾ ഓഫറുകൾ കൂടി നൽകുന്നതോടെ ചെലവഴിക്കൽ കൂടും. ചിലർ ജനുവരി എത്തിയാലും ഇതിന്റെ ഹാങോവറില്‍ നിന്ന് മാറാതെ ചെലവിടൽ തുടരും.
ഇതിന് പരിഹാരമായി ലോകത്തിന്റെ പലയിടങ്ങളിലും തുടങ്ങിയ ചലഞ്ചുകളിലൊന്നാണിത്. 1992ൽ കനേഡിയൻ ആർട്ടിസ്റ്റായ ടെഡ് ഡേവാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് കരുതുന്നു.
എന്നാൽ ഇത് ജനുവരിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഒരു വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഈ ചലഞ്ചിൽ പങ്കാളിയാകാം.
നിശ്ചിത സമയം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് മാത്രം.
നോ ബയ് – എന്നാൽ ഒന്നും വാങ്ങരുത് എന്നല്ല അർത്ഥമാക്കുന്നത്. പകരം അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയുള്ള ‘സാമ്പത്തിക ഉപവാസം’ ആണിത്.
പുതിയ വസ്ത്രം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പാദരക്ഷകള്‍, വാഹനം, സൗന്ദര്യ വർധക വസ്തുക്കൾ, പുറത്തു നിന്നുള്ള ഭക്ഷണം തുടങ്ങിയ ചെലവുകൾ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളിൽ സബ്സ്ക്രിപ്ഷ്നുണ്ടെങ്കിൽ അതും നിയന്ത്രിക്കാം.
ഷോപിങ് മാളിൽ കണ്ട സാധണം ആവശ്യമെങ്കിൽ മാത്രം വാങ്ങിക്കണം.
ചുരുക്കി പറഞ്ഞാൽ എന്തിന് വേണ്ടിയും പണം ചെലവാക്കുന്നതിന് മുമ്പ് ഒന്ന് ഇരുത്തി ചിന്തിക്കണമെന്ന് സാരം.
ഉപയോഗമെന്താ
ഇങ്ങനെ ചെയ്താലുള്ള ഉപയോഗമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തികമായ അച്ചടക്കം പാലിക്കുന്നത് ഭാരത്തേക്കാളുപരി വലിയ നേട്ടമായി കാണുന്നവരാണ് ഭൂരിഭാഗം പേരുമെന്ന് മനശാസ്ത്ര പഠനങ്ങൾ പറയുന്നു. പോക്കറ്റിൽ ആവശ്യത്തിന് പണമുണ്ടെന്ന ആത്മവിശ്വാസം ഏത് മനുഷ്യനെയാണ് സന്തോഷവാനാക്കാത്തത്.
അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് വ്യക്തിയുടെ സാമ്പത്തിക നില മൊത്തത്തിൽ റീസെറ്റ് ചെയ്യാൻ സഹായിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതോടെ കുറേ കാലമായി പ്ലാൻ ചെയ്തിരുന്ന സേവിങ്സ് പദ്ധതി പൊടിതട്ടിയെടുക്കാനും കഴിയും.
എസ്ഐപി, മ്യൂച്വല്‍ ഫണ്ട് പോലുള്ള നിക്ഷേപ സാധ്യതകൾ തുടങ്ങുന്നതിന് മുമ്പുള്ള ഒരു മാസം നോ ബയ് ചലഞ്ച് എടുക്കണമെന്ന് ഉപദേശിക്കുന്നവരുമുണ്ട്.
40 വയസിൽ താഴെയുള്ളവരിലാണ് ഇത്തരം ട്രെൻഡ് സാധാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ ചെലവിടുകയും കുറച്ചു മാത്രം സമ്പാദിക്കുകയും ചെയ്യുന്നതിലുള്ള കുറ്റബോധമാണ് പലരെയും ഇത്തരം ചലഞ്ചുകൾക്ക് പ്രേരിപ്പിക്കുന്നതത്രേ.
വർഷം മുഴുവനും അല്ലെങ്കിൽ ഇടവിട്ടുള്ള മാസങ്ങളിലും ഈ ട്രെൻഡ് കൂടെക്കൂട്ടുന്നവരുമുണ്ട്. അതേസമയം, ഒരു മാസം സാമ്പത്തിക അച്ചടക്കത്തിലൂടെ ലാഭിച്ച പണം പിന്നാലെ അമിതമായി ചെലവു ചെയ്ത് തീർക്കരുതെന്നും സാമ്പത്തിക വിദഗ്ധർ ഉപദേശിക്കുന്നു.
റിവഞ്ച് സ്പെൻഡിങ് എന്ന ഈ കെണി ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ഇവർ ഓർമിപ്പിക്കുന്നു.
അമേരിക്കയിലാണ് ഇത്തരം ട്രെൻഡുകൾ സാധാരണമെങ്കിലും ഇന്ത്യയിലും ഇത് പിന്തുടരുന്നവർ ഏറെയാണ്. നോ ബയ്, ലോ ബയ് എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് മാത്രം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

