കൊച്ചി∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ‘സ്പോർട്സ്’ ഇല്ലാതായതോടെ ഇരുട്ടിലാണ്ട് ലഹരിയുടെ ‘ഹോട്സ്പോട്’ ആയി സ്റ്റേഡിയം ലിങ്ക് റോഡും പരിസരവും. ലഹരിവ്യാപാരികളും ഇടപാടുകാരും സാമൂഹികവിരുദ്ധരുമെല്ലാം സ്റ്റേഡിയം പരിസരം കേന്ദ്രീകരിച്ചു വിഹരിക്കുന്നതിനാൽ സ്ത്രീകളുൾപ്പെടെ യാത്രക്കാരും കാൽനടക്കാരുമെല്ലാം ഇതു വഴി പോകാൻ മടിക്കുന്നു.
സ്റ്റേഡിയം ഭാഗത്തു നിന്നുള്ള റോഡിന്റെ തുടക്കത്തിൽ തന്നെ അരക്കിലോമീറ്ററോളം എല്ലാ ലൈറ്റുകളും കണ്ണടച്ചു. സമീപത്തെ കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് രാത്രിയായാൽ ആശ്രയം.
ഈ കടകളടച്ചാൽ പിന്നെ കൂരാക്കൂരിരുട്ട് മാത്രം. ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം വൻ തോതിൽ രാസലഹരിയുമായി ഇവിടെ നിന്നു ലഹരിക്കച്ചവടക്കാരനെ എക്സൈസ് പിടികൂടിയിരുന്നു.
ലിങ്ക് റോഡിൽ സ്റ്റേഡിയം മുതൽ കാരണക്കോടം വരെ മികച്ച പ്രകാശമുള്ള എൽഇഡി വിളക്കുകളാണു സ്ഥാപിച്ചിട്ടുള്ളത്.
സ്റ്റേഡിയം ഭാഗത്തൊഴികെ ഭൂരിഭാഗം വിളക്കുകളും പ്രകാശിക്കുന്നുമുണ്ട്. റോഡിൽ കനറാ ബാങ്ക് ശാഖയുടെ മുൻവശം മുതലുള്ള അരക്കിലോമീറ്ററോളം ദൂരത്താണു ലൈറ്റുകൾ തെളിയാത്തത്. ഇവിടെ റോഡിന്റെ ഒരു വശത്തു നിരയായി ചെറുമരങ്ങൾ നട്ടു വളർത്തിയിട്ടുണ്ട്.
അധികം കടകളും ഇവിടെയില്ല. ഇതിനാൽ ഇരുട്ടായി കഴിഞ്ഞാൽ പെട്ടെന്ന് ആരുടെയും ശ്രദ്ധ ഇവിടേക്കു പതിയില്ല.
ഇതാണു സാമൂഹികവിരുദ്ധർ ഇവിടെ തമ്പടിക്കാൻ പ്രധാന കാരണം. ലഹരി ഉപയോഗിക്കാനെത്തുന്ന യുവാക്കൾക്കും ഇവിടം സുരക്ഷിത താവളമാകുന്നു.
മുൻപ് ഐഎസ്എൽ മത്സരങ്ങളുൾപ്പെടെ നടക്കുന്ന സമയങ്ങളിൽ മാസങ്ങളോളം പൊലീസിന്റെ സുരക്ഷാ വലയത്തിലായിരുന്നു സ്റ്റേഡിയവും ലിങ്ക് റോഡും. ആ സമയത്ത് പ്രകാശം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട
റസിഡൻഷ്യൽ മേഖല കൂടിയാണു സ്റ്റേഡിയം ലിങ്ക് റോഡ്. പുലർച്ചെയും സന്ധ്യയ്ക്കുമെല്ലാം സമീപത്തെ ഫ്ലാറ്റുകളിലും വീടുകളിലും ഉള്ളവരിലേറെയും നടക്കാനും വ്യായാമം ചെയ്യാനും എത്തുന്നതും ഇവിടെയാണ്.
സാമൂഹികവിരുദ്ധരും ലഹരിവ്യാപാരികളും തമ്പടിക്കാൻ ആരംഭിച്ചതോടെ ഇവരും ഭീതിയിലാണ്. മുൻപ് ഇവിടെ ലഹരിവിൽപന വ്യാപകമായപ്പോൾ പൊലീസും എക്സൈസും ഊർജിതമായി കളത്തിലിറങ്ങി പരിശോധനകൾ ശക്തമാക്കിയിരുന്നു.
ഗുണ്ടകൾ ഉൾപ്പെടെ ഒട്ടേറെ പേരെ ഇവിടെ നിന്നു പിടികൂടുകയും ചെയ്തു. ഇതെത്തുടർന്നു വിട്ടുനിന്ന സാമൂഹികവിരുദ്ധരാണു മേഖലയിലേക്കു വീണ്ടും തിരിച്ചെത്തിയതെന്നാണു സൂചന.
പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ഊർജിത നടപടിയെടുക്കണമെന്നുമാണു പ്രദേശത്തെ റസിഡന്റ്സ്, ഫ്ലാറ്റ് അസോസിയേഷനുകളുടെ ആവശ്യം.
മെട്രോ തൂണിലും ലൈറ്റില്ല
കലൂർ– ഇടപ്പള്ളി റോഡിൽ പാലാരിവട്ടം സെന്റ് ജൂഡ്സ് പള്ളി മുതൽ മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തു മെട്രോ തൂണുകൾക്കു താഴെ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളും പ്രകാശിക്കുന്നില്ലെന്നു പരാതി. ഓരോ മിനിറ്റിലും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണു വെളിച്ചമില്ലാതായത്.
മേഖലയിൽ പലയിടത്തും പുതിയ മെട്രോ ലൈൻ നിർമാണത്തിനായി റോഡ് പകുതിയോളം അടച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ ഇരട്ടി ദുരിതത്തിലാണ്. ഫുട്പാത്തുകളിലെ ചെറിയ തൂണുകളിൽ മെട്രോ സ്ഥാപിച്ച അലങ്കാര വിളക്കുകളും വർഷങ്ങളായി കത്തുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

