കൂത്താട്ടുകുളം∙ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തിരുമാറാടി പഞ്ചായത്തിലെ തട്ടേക്കാട് ചിറയുടെ നിർമാണം നിലച്ചതായി പരാതി. 6 മാസം മുൻപ് ചിറയുടെ 60 ശതമാനം നിർമാണം പൂർത്തിയായതാണ്.
പിന്നീട് മഴ മൂലം നിർമാണ ജോലികൾ നിർത്തി വയ്ക്കേണ്ടി വന്നു. 3 ആഴ്ച മുൻപ് കരാറുകാരൻ ചിറയുടെ നിർമാണം വീണ്ടും തുടങ്ങാൻ എത്തിയപ്പോൾ എസ്റ്റിമേറ്റിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നാണ് വിവരം.
5 സ്പാനുകളാണു തട്ടേക്കാട് ചിറയ്ക്കുള്ളത്.
ഇതിൽ 2 എണ്ണം എസ്റ്റിമേറ്റിൽ ഉള്ളതിനേക്കാൾ ഒരടി കൂടി താഴ്ത്തി നിർമിക്കണമെന്നാണ് ആവശ്യം.
ചിറയുടെ നിർമാണ പൂർത്തീകരണ കാലാവധി ഈ മാസം അവസാനിക്കും. ഇതിനിടെയാണ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റിൽ ഭേദഗതി നിർദേശിച്ചത്.
കാലാവധി നീട്ടി നൽകിയാൽ മാത്രമേ ഇനി ചിറയുടെ നിർമാണം പൂർത്തിയാക്കാനാകൂ. ഡിസൈനിൽ മാറ്റം വരുത്തി രേഖാമൂലം അനുമതി നൽകിയാൽ ചെയ്യാമെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ അതിനു തയാറായിട്ടില്ലെന്ന് കരാറുകാരൻ പറഞ്ഞു.
ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തന്നെ കരാറിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ എക്സിക്യൂട്ടീവ് എൻജിനീയർക്കു കത്ത് നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ ആഴം കൂട്ടിയതിനാൽ ചിറയുടെ സ്പാനും അതിനനുസരിച്ച് താഴ്ത്തിയാൽ മാത്രമേ പ്രയോജനപ്പെടൂ എന്ന് കർഷകർ പറയുന്നു. പഞ്ചായത്ത് മുൻ ഭരണസമിതിയുടെ ഇടപെടലിനെ തുടർന്നാണ് തട്ടേക്കാട് ചിറയുടെ പുനർനിർമാണത്തിന് കഴിഞ്ഞ വർഷം ജനുവരിയിൽ സർക്കാർ 43.6 ലക്ഷം രൂപ അനുവദിച്ചത്.
2 സ്പാൻ, സംരക്ഷണ ഭിത്തി, പാലം എന്നിവയുടെ നിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. 12.6 മീറ്റർ വീതിയിൽ ചിറ പുനർനിർമിക്കുമ്പോൾ കൂടുതൽ ജലം സംഭരിച്ച് കൃഷിക്ക് ഉപയോഗിക്കാം എന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
ചിറയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ വെള്ളം കെട്ടി നിർത്താനാകാത്ത സ്ഥിതിയാണ്.
വേനൽ കടുത്തതോടെ തോട്ടിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ 100 ഏക്കർ വരുന്ന തിരുമാറാടി മുടക്കുറ്റി പാടശേഖരത്തിലെ കൃഷി പ്രതിസന്ധിയിലായി.
കഴിഞ്ഞ ജൂൺ മുതലുള്ള 2 കൃഷി നഷ്ടപ്പെട്ടെന്ന് കർഷകർ പറഞ്ഞു. മഴക്കാലമായാൽ ചിറയുടെ നിർമാണം വീണ്ടും നീളം. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച അന്വേഷിച്ച് നടപടി സ്വീകരിക്കണം, ചിറയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണം എന്നിവയാണ് ആവശ്യം.
തുടർനടപടി ഉണ്ടായില്ലെങ്കിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിക്കാനാണ് കർഷകരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

