പുത്തൂർ ∙ മൂന്നര വർഷത്തിലേറെയായി നിലച്ചു കിടക്കുന്ന ചെറുപൊയ്ക മണമേൽക്കടവ്-തോട്ടത്തുംമുറി മൂന്നാംകിഴക്കതിൽ കടത്ത് സർവീസ് പുനരാരംഭിക്കണം എന്ന ആവശ്യത്തിന് അനുകൂല നടപടിയുമായി പവിത്രേശ്വരം പഞ്ചായത്ത് ഭരണസമിതി. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ജെ.കെ.വിനോദിനി, വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, സ്ഥിരസമിതി അധ്യക്ഷയും വാർഡംഗവുമായ വി.ശിവാനി എന്നിവർ മണമേൽക്കടവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കടവിന്റെ പ്രാധാന്യവും ആവശ്യകതയും നാട്ടുകാർ പഞ്ചായത്തധികൃതരെ നേരിൽ ബോധ്യപ്പെടുത്തി. ബിനു കുമാർ, വിമൽ ചെറുപൊയ്ക, അനീഷ് കുമാർ, ബർണഡിൻ, മുൻ വാർഡംഗം ഉഷാകുമാരിയമ്മ, ഹരി, ഗണേഷ്, മണി എന്നിവരടങ്ങിയ സംഘമാണു കാര്യങ്ങൾ വിശദീകരിച്ചത്.
പവിത്രേശ്വരം പഞ്ചായത്തിന്റെ അധീനതയിലുള്ള മണമേൽക്കടവ് അരികു കെട്ടി നവീകരിക്കുമെന്നും ഇവിടെ തെരുവുവിളക്ക് ഉൾപ്പെടെ സ്ഥാപിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.
കടത്ത് സർവീസ് കുന്നത്തൂർ പഞ്ചായത്തിന്റെ അധീനതയിലായിരുന്നതിനാൽ കടത്തു പുനഃസ്ഥാപിക്കണം എന്ന ആവശ്യം പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി കുന്നത്തൂർ പഞ്ചായത്തിനു കൈമാറും. ലഭിക്കുന്ന മറുപടിക്ക് അനുസരിച്ചു തുടർനടപടികൾ കൈക്കൊള്ളുമെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യക്തമാക്കി.
പവിത്രേശ്വരം പഞ്ചായത്ത് ധനകാര്യ സ്ഥിരസമിതിയും കടത്തു പുനഃസ്ഥാപിക്കണം എന്നു ശുപാർശ ചെയ്തിട്ടുണ്ട്.
മുക്കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള കടത്തു സർവീസാണ് ഒരു സുപ്രഭാതത്തിൽ ഒരു മുന്നറിയിപ്പും ഇല്ലാതെ നിർത്തലാക്കിയത്. കടത്തുകാരനെ മറ്റൊരു കടവിലേക്കു മാറ്റി നിയോഗിക്കുകയും ചെയ്തിരുന്നു. ചെറുപൊയ്കയിൽ നിന്ന് കുന്നത്തൂരിലേക്കും തിരികെയുമുള്ള ഏറ്റവും എളുപ്പമാർഗമാണ് കടത്തു നിലച്ചതോടെ ഇല്ലാതായത്. കല്ലടയാർ താണ്ടിയാൽ എത്താവുന്ന ദൂരത്തിലേക്ക് റോഡ് മാർഗം എത്തണമെങ്കിൽ 5 കിലോമീറ്ററിലേറെ ചുറ്റി വളഞ്ഞു പോകേണ്ട
അവസ്ഥയാണ്.
ചെറുപൊയ്കയിൽ നിന്നു തോട്ടത്തുംമുറി കല്ലുമൺ മലനട ക്ഷേത്രത്തിലേക്കും തോട്ടത്തുംമുറിയിൽ നിന്നു ചെറുപൊയ്ക മഹാവിഷ്ണു ക്ഷേത്രത്തിലേക്കും എത്താനുള്ള ഏറ്റവും എളുപ്പമാർഗവും ഇതായിരുന്നു.
കുന്നത്തൂർ കശുവണ്ടി ഫാക്ടറി ജീവനക്കാരായ ചെറുപൊയ്ക നിവാസികളും കടത്തു കടന്നാണ് ജോലിക്കു പോയിരുന്നത്. ഇതൊന്നും മാനിക്കാതെയാണ് പെട്ടെന്നു കടത്തു നിർത്തലാക്കിയത്.
സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് അന്നു മുതൽ ഇരുകരകളിലെയും നാട്ടുകാർ പരാതികൾ ഒട്ടേറെ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇപ്പോൾ വീണ്ടും വിഷയം പവിത്രേശ്വരം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കടത്തു പുനഃസ്ഥാപിക്കാൻ അനുകൂലമായ നീക്കമാരംഭിച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

