കൊല്ലം ∙ മത്സ്യത്തൊഴിലാളികൾക്കു കടലിൽ നിന്ന് ലഭിച്ചത് തിമിംഗല ദഹനശിഷ്ടമാണെന്ന് (ആംബർഗ്രിസ്) സ്ഥിരീകരിക്കാൻ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ പരിശോധനാഫലം വരേണ്ടിവരും. പക്ഷേ ആംബർഗ്രിസ് തന്നെയാണ് ഇതെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
എന്നാൽ യോജിക്കുന്ന ഡിഎൻഎ ഇല്ലാത്തതിനാൽ കൃത്യമായി ഇത് പരിശോധിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു കടലിൽ പോയ വാടി ഫിഷർമെൻ കോളനിയിലെ അശോക് കുമാറിന്റെ വള്ളത്തിനാണ് 5.16 കിലോഗ്രാം വരുന്ന ആംബർഗ്രിസ് കിട്ടിയത്. കൊല്ലം തീരത്തു നിന്ന് 29.5 കിലോമീറ്റർ അകലെ വച്ചാണ് കടലിൽ അജ്ഞാത വസ്തു ഒഴുകി നടക്കുന്ന നിലയിൽ ഇവർ കണ്ടെത്തുന്നത്.
തീരദേശ പൊലീസിനെ വിവരമറിയിച്ച ശേഷം തിരിച്ചെത്തിയ സംഘം ആംബർഗ്രിസ് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു.
കിട്ടിയ 5.16 കിലോഗ്രാമിലെ ചെറിയൊരു ഭാഗമാണ് പരിശോധനയ്ക്ക് അയച്ചത്. ബാക്കിയുള്ള ആംബർഗ്രിസ് ഏറെ വൈകാതെ തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്കു മാറ്റും.
മത്സ്യത്തൊഴിലാളികൾക്ക് പാരിതോഷികമില്ല
കൊല്ലം ∙ ആംബർഗ്രിസ് കടലിൽ നിന്ന് കണ്ടെത്തി കൊണ്ടുവന്ന മത്സ്യത്തൊഴിലാളികൾക്ക് പാരിതോഷികം ലഭിക്കില്ല.
നിലവിൽ ഇത് കണ്ടെത്തി അധികൃതരെ ഏൽപിക്കുന്നവർക്കു പ്രത്യേക പാരിതോഷികമോ വിഹിതമോ നൽകാൻ വ്യവസ്ഥയില്ല.
അതേസമയം വളരെ അപൂർവമായി മാത്രമാണ് ലൈവായി ഇത്തരത്തിൽ ആംബർഗ്രിസ് ലഭിക്കുന്നത്. ഇതിന് മുൻപ് വനം വകുപ്പിന് ലഭിച്ചതിൽ മിക്കവയും ആംബർഗ്രിസ് കടത്തിക്കൊണ്ടു പോകുമ്പോഴും കൈമാറ്റം ചെയ്യുമ്പോഴുമായിരുന്നു.
ആംബർഗ്രിസ്
സ്പേം വെയ്ൽ എന്ന തിമിംഗലത്തിന്റെ വയറ്റിൽ ഉൽപാദിപ്പിക്കപ്പെടുന്നതാണ് ആംബർഗ്രിസ്.
ഒരുകാലത്ത് സുഗന്ധ വ്യാപാരത്തിലെ അവിഭാജ്യ ഘടകമായിരുന്നു ഇത്. സുഗന്ധം ദീർഘനേരം നിൽക്കാനാണ് പ്രധാനമായി ഉപയോഗിക്കുന്നത്.
തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായികളായ സ്രവങ്ങൾ ഉറഞ്ഞു കൂടിയാണ് ആംബർഗ്രിസ് ഉണ്ടാകുന്നത്.
അധികമാകുമ്പോൾ തിമിംഗലം ഇതു ഛർദിച്ചു കളയും. കടലിൽ ഇത് ജലനിരപ്പിലൂടെ ഒഴുകി നടക്കും.
ഏതാണ്ട് ഖരാവസ്ഥയിൽ, മെഴുകു പോലെ മഞ്ഞ കലർന്ന ചാര നിറമാണ് ആംബർഗ്രിസിനുള്ളത്. ഉൽപാദിപ്പിക്കപ്പെടുമ്പോൾ ഇതിന് രൂക്ഷ ഗന്ധമായിരിക്കും.
എന്നാൽ ദീർഘനാൾ കഴിയുമ്പോൾ സുഗന്ധമാകും.
ഈ വിഭാഗം തിമിംഗലങ്ങളിൽ ഒരു ശതമാനത്തിനു മാത്രമാണ് ആംബർഗ്രിസ് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. അതിൽ തന്നെ 20% ആംബർഗ്രിസിനു മാത്രമേ സുഗന്ധമുണ്ടാകൂ.
വിപണിയിൽ സ്വർണത്തിനേക്കാൾ വിലയാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്നതാണ് സ്പേം തിമിംഗലങ്ങൾ.
ഇന്ത്യയിൽ തിമിംഗല ദഹനശിഷ്ടത്തിന്റെ വിൽപന വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്.
അതേസമയം മറ്റു പല രാജ്യങ്ങളിലും ആംബർഗ്രിസ് കച്ചവടം നിയമവിധേയമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 5ന് എറണാകുളം ആലുവയിൽ നിന്ന് ഒരു കോടിയോളം രൂപ വില മതിക്കുന്ന 1.5 കിലോഗ്രാം ആംബർഗ്രിസ് കടത്താൻ ശ്രമിച്ച 6 പേർ അറസ്റ്റിലായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

