കൊച്ചി∙ മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്സ്, ലൈഫ് സയൻസ് നിർമാണ മേഖലകളിൽ കേരളം ദക്ഷിണേഷ്യയിൽ തന്നെ അതിവേഗം മുൻനിരയിലെത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണെന്ന് നിയമ, വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാന വ്യവസായ വകുപ്പ് അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡുമായി ചേർന്ന് സംഘടിപ്പിച്ച ഇൻ വിട്രോ ഡയഗ്നോസ്റ്റിക്സ് മെഡിക്കൽ ടെക്നോളജി മേഖലകളിൽ നിക്ഷേപ സൗകര്യമൊരുക്കാനുള്ള അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഗാപ്പെയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നെടുമ്പാശേരി താജ് എയർപോർട്ട് ഇന്റർനാഷനൽ ഹോട്ടലിൽ സമ്മേളനം സംഘടിപ്പിച്ചത്. ജപ്പാൻ, അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മെഡ്ടെക്, ഡയഗ്നോസ്റ്റിക്സ് കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപ ഉപദേശകർ, ഇന്ത്യൻ നിർമാതാക്കൾ, ആരോഗ്യ സേവനദാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്ധർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മെഡിക്കൽ ഉപകരണങ്ങളും ലൈഫ് സയൻസ് മേഖലയും മാറുന്നത് സ്വാഭാവിക പരിണാമമാണെന്ന് പി.രാജീവ് പറഞ്ഞു. ‘പൊതു ആരോഗ്യസംവിധാനം, വിദ്യാഭ്യാസം, മാനവ വികസനം തുടങ്ങിയ സൂചികകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ വളർച്ച രൂപപ്പെട്ടത്.
ഈ വളർച്ചാ പാരമ്പര്യം തന്നെ സ്വാഭാവികമായി ബയോടെക്നോളജി, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. ബയോ മെഡിക്കൽ സാങ്കേതിക വിദ്യകൾ ലബോറട്ടറികളിൽ മാത്രം ഒതുങ്ങുന്നവയല്ല.
ഭാവി സമ്പദ്വ്യവസ്ഥയുടെ തൂണുകളാണവ. ഉയർന്ന മനുഷ്യവിഭവശേഷി, നയസ്ഥിരതയും നൈതികവും, സുതാര്യമായ ഭരണ സംവിധാനം എന്നിവയാണ് നിക്ഷേപ രംഗത്ത് കേരളത്തിന്റെ ശക്തമായ മൂന്ന് ഘടകങ്ങൾ.
നിർമാണ ചെലവിനൊപ്പം വിശ്വാസവും നിർണായകമാണ്. കേരളം ഇത് രണ്ടും ഉറപ്പു നൽകുന്നുണ്ട്.
നിർമാണ കേന്ദ്രമെന്നതിലുപരിയായി ദീർഘകാല പങ്കാളിയായി കേരളത്തെ കാണണമെന്ന് ആഗോള കമ്പനികളോട് അഭ്യർഥിക്കാനുള്ളത്. പരിസ്ഥിതി, സാമൂഹിക, ഭരണ (ESG) നയം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
ഇത് നിയന്ത്രണഭാരം വർധിപ്പിക്കാതെ തന്നെ വിപണിയിൽ മത്സരക്ഷമത ഉറപ്പാക്കുന്നതാണ്. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ നിയന്ത്രിത വിപണികളിലേക്ക് കടന്നു ചെല്ലാൻ കേരളത്തിൽ നിർമിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് സാധിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ സി.ബാലഗോപാൽ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിങ് ഡയറക്ടർ തോമസ് ജോൺ, ചെയർമാൻ ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.
സുസ്ഥിരത, നൈപുണ്യമുള്ള മാനവവിഭവശേഷി, ഡിജിറ്റൽ അടിസ്ഥാന സൗകര്യം, ആഗോള ബന്ധങ്ങൾ എന്നിവ സംയോജിക്കുന്ന നിക്ഷേപാന്തരീക്ഷമാണ് കേരളം നൽകുന്നതെന്ന് വ്യവസായ–വാണിജ്യ, റവന്യൂ, വിദേശ സഹകരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
തുറമുഖങ്ങൾ, ദേശീയ ജലപാതകൾ, ഹൈവേകൾ, ഗ്രീൻ മൊബിലിറ്റി പദ്ധതികൾ എന്നിവ കേരളത്തിന്റെ ലോജിസ്റ്റിക്സ് നേട്ടങ്ങളാണെന്നും 2022 ഏപ്രിൽ മുതൽ നാല് ലക്ഷത്തിലധികം ചെറുകിട സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഹനീഷ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ ഒരു ശതമാനം മാത്രമായിട്ടും ദേശീയ ജിഡിപിയിൽ 4.25 ശതമാനവും മെഡിക്കൽ ഉപകരണ നിർമാണത്തിൽ 16 ശതമാനവും കേരളം സംഭാവന ചെയ്യുന്നുണ്ടെന്ന് കെ.എസ്.ഐ.ഡി.സി ചെയർമാൻ സി.ബാലഗോപാൽ പറഞ്ഞു.
കേരളത്തിന്റെ മെഡ്ടെക് മേഖലയിൽ ഇന്ത്യ–ജപ്പാൻ സഹകരണത്തിന് വലിയ സാധ്യതയുണ്ടെന്ന് അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിങ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി വിദേശ വ്യവസായ പ്രതിനിധികൾ സംസാരിച്ചു.
സമ്മേളനത്തിൽ ക്ലൗഡ് അധിഷ്ഠിത എച്ച്.ആർ ടെക്നോളജി സ്ഥാപനമായ സിനെർജിസ് (സിങ് എച്ച്ആർ) കെ.എസ്.ഐ.ഡി.സിയുമായി ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിൽ എ.ഐ, ബ്ലോക്ക്ചെയിൻ അടിസ്ഥാനത്തിലുള്ള വികസന കേന്ദ്രം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇൻവെസ്റ്റ്മെന്റ് ഫസിലിറ്റേഷൻ സമ്മേളനത്തിന് ശേഷം സിയാൽ കൺവൻഷൻ സെന്ററിൽ അഗാപ്പെയുടെ 30-ാം വാർഷികാഘോഷങ്ങളും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

