കോലഞ്ചേരി ∙ ട്വന്റി20 പാർട്ടി എൻഡിഎയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് ട്വന്റി20 മുൻ കൺവീനർ രഞ്ജു പുളിഞ്ചോടൻ എന്നിവർ പാർട്ടിയിൽ നിന്നു രാജിവച്ചു കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ സി.പി.ജോയി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണു തീരുമാനം അറിയിച്ചത്.
ട്വന്റി20യെ വിശ്വസിച്ച പ്രവർത്തകരെ വഞ്ചിക്കുന്ന തീരുമാനമാണു സാബു എം.ജേക്കബിന്റേതെന്ന് ഇവർ ആരോപിച്ചു. പാർട്ടി നിർദേശിച്ചതനുസരിച്ച് എംഎൽഎ, എംപി, മന്ത്രിമാർ അടക്കമുള്ളവരെ ബഹിഷ്കരിക്കാൻ നിർബന്ധിതരായി.
സ്ഥലം എംഎൽഎയും പാർട്ടി അധ്യക്ഷൻ സാബു ജേക്കബും തമ്മിലുള്ള പോരിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഇരകളാക്കപ്പെട്ടു.
ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി ട്വന്റി20മാറി. പാവപ്പെട്ടവർക്കു സബ്സിഡി നൽകാനെന്ന പേരിൽ ലോയൽറ്റി കാർഡിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചതിൽ ജാതി, മതം എന്നിവ രേഖപ്പെടുത്തിവാങ്ങിയതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽപേർ പാർട്ടി വിടുമെന്നും ഇവർ പറഞ്ഞു. എൻഡിഎ പക്ഷത്തു ചേർന്ന ട്വന്റി20യുടെ തീരുമാനത്തിന് വരുന്നതിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് വി.പി.സജീന്ദ്രൻ പറഞ്ഞു. വടവുകോട്–പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിൽ ട്വന്റി20യുടെ പിന്തുണ സ്വീകരിക്കണമോ എന്നതു സംബന്ധിച്ചു ഡിസിസി ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നും അധികാരത്തിൽ കടിച്ചു തൂങ്ങുന്നവരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റി20 ബിജെപിയിലേക്കുള്ള ഗോവണി: സിപിഎം
കോലഞ്ചേരി ∙ ബിജെപിയിലേക്ക് ആളുകളെ ചേർക്കാനുള്ള ഗോവണിയായി ട്വന്റി20 മാറിയെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.കെ.ഏലിയാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.അരുൺകുമാർ,പി.വി.ശ്രീനിജിൻ എംഎൽഎ എന്നിവർ പറഞ്ഞു.
ബിസിനസും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുപോകുന്ന സാബു എം.ജേക്കബിന്റെ ലാഭമോഹമാണ് എൻഡിഎ പ്രവേശനത്തിനു പിന്നിലുള്ളത്. രാഷ്ട്രീയ മോഹമില്ലെന്നുപറഞ്ഞു കിഴക്കമ്പലത്ത് ഉദയംകൊണ്ട
സംഘടന ഒരു വർഷത്തിനകം അധികാരമോഹം പ്രകടിപ്പിച്ചു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും തള്ളിപ്പറഞ്ഞ സാബു എം.ജേക്കബ് ഇപ്പോൾ എൻഡിഎയുടെ ഭാഗമായതോടെ അണികൾ ചതിക്കുഴിയിലായി.
മുൻപും ഇതുപോലെ നാടകങ്ങൾ അരങ്ങേറിയിരുന്നു. കേജ്രിവാളിനൊപ്പം ചേർന്നു രൂപീകരിച്ച പീപ്പിൾസ് വെൽഫെയർ അലയൻസിന് മാസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പി.
വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഫെബ്രുവരി 6,7,8 തീയതികളിൽ നടത്തുന്ന ജാഥയിൽ ട്വന്റി20യുടെ പൊള്ളത്തരം തുറന്നു കാട്ടും.
വരുംനാളുകളിൽ ട്വന്റി20 ബന്ധം ഉപേക്ഷിച്ച് ഏറെ പേർ പുറത്തു വരുമെന്നും ഇവർ പറഞ്ഞു. ട്വന്റി20യുടെ അരാഷ്ട്രീയതയുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും ഇവരുടെ കാപട്യം ജനം തിരിച്ചറിയുമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദർശനൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

