വിവാഹ വാഗ്ദാനം നൽകി ‘ശതകോടീശ്വരൻ ഇലോൺ മസ്ക്’ ഇന്ത്യക്കാരിയുടെ 16 ലക്ഷം രൂപ തട്ടി! മുംബൈ സ്വദേശിയായ 40കാരിക്കാണ് പണം നഷ്ടമായത്.
കല്യാണം കഴിക്കാമെന്നും വീസ ഉൾപ്പെടെ തരപ്പെടുത്തി അമേരിക്കയിൽ പോയി സുഖജീവിതം നയിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു ‘മസ്കിന്റെ’ തട്ടിപ്പ്.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് യുവതിയെ ‘ഇലോൺ മസ്ക്’ പരിചയപ്പെട്ടത്. പിന്നീട് യുവതിക്ക് മറ്റൊരു ചാറ്റിങ് ആപ്പ് പരിചയപ്പെടുത്തുകയും അതുവഴി നിരന്തരം സംസാരിക്കുകയും ചെയ്താണ് ഇരുവരും അടുത്തതും കല്യാണം കഴിക്കാൻ തീരുമാനിച്ചതും.
ഇതിനിടെ ‘മസ്ക്’ യുവതിയോട് ജെയിംസ് എന്നൊരാൾ കാണാൻ വരുമെന്നും വീസ ഉൾപ്പെടെയുള്ള കാര്യങ്ങൾ അയാൾ ശരിയാക്കുമെന്നും പറഞ്ഞു.
വീസയ്ക്കുള്ള പണം ശരിയാക്കിത്തരണമെന്ന് ജെയിംസ് യുവതിയോട് ആവശ്യപ്പെട്ടു. ആമസോൺ ഗിഫ്റ്റ് കാർഡുകൾ വലിയതോതിൽ വാങ്ങാനും അതിന്റെ കോഡുകൾ പങ്കുവയ്ക്കാനും ജെയിംസ് ആവശ്യപ്പെട്ടിരുന്നു.
ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ മാത്രം യുവതി കഴിഞ്ഞ ഒക്ടോബർ മുതൽ ഈ മാസം വരെ 16 ലക്ഷത്തിലധികം രൂപ ചെലവിട്ടു.
കഴിഞ്ഞയാഴ്ച ജെയിംസ് 2 ലക്ഷം രൂപ കൂടി യുവതിയോട് ആവശ്യപ്പെട്ടു. യുഎസിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനാണെന്നായിരുന്നു പറഞ്ഞത്.
സംശയം തോന്നിയ യുവതി ഇനി പണമൊന്നും തരില്ലെന്ന് വ്യക്തമാക്കി. അങ്ങനെയെങ്കിൽ കല്യാണവും നടക്കില്ല, യുഎസിലും പോകാനാവില്ലെന്ന് ‘മസ്കും’ ജെയിംസും മറുപടി പറഞ്ഞു.
യുവതിയോട് സംസാരിക്കുന്നത് ‘ഇലോൺ മസ്ക്’ അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പണം നഷ്ടപ്പെട്ട
വിവരം യുവതി മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു.
പിന്നീട് പൊലീസിലും പരാതിപ്പെട്ടു. ഇത്രകാലം തന്നോട് ചാറ്റ് ചെയ്തതും വിവാഹവാഗ്ദാനം നൽകിയതും പണംതട്ടിയതും യഥാർഥ ഇലോൺ മസ്ക് അല്ലെന്നും അദ്ദേഹത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തിയ മറ്റൊരാളാണെന്നും അതോടെയാണ് യുവതി തിരിച്ചറിഞ്ഞത്.
തട്ടിപ്പ്, ആൾമാറാട്ടം, ക്രിമിനൽ ഗൂഢാലോചന വകുപ്പുകൾ ചാർത്തി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സമീപകാലത്തായി ഇന്ത്യയിൽ എഐ, ഡീപ്ഫേക്ക് തട്ടിപ്പുകൾ പെരുകുന്നതായും പലർക്കും വലിയതോതിൽ പണം നഷ്ടപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. സാമൂഹികമാധ്യമങ്ങളിലും മറ്റും കാണുന്ന വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും പണമിടപാടുകൾ നടത്തുംമുൻപ് കൃത്യമായി അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും പൊലീസ് പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

