തിരുവനന്തപുരം ∙ ഉറക്കമിളച്ചിരുന്നു വരച്ച ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപ്പറ്റിയതിന്റെ അദ്ഭുതത്തിലാണ് സിദ്ധാർഥ്. ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ പാസ് കിട്ടിയെന്നറിഞ്ഞ ശേഷമാണ് എസ്.സിദ്ധാർഥ് പ്രധാനമന്ത്രിയുടെ ചിത്രം വരച്ചത്.
എങ്കിലും പൂർണമായില്ല. സദസ്സിന്റെ മുന്നിൽ തന്നെ സീറ്റ് കിട്ടിയപ്പോൾ കസേരയിൽ കയറിനിന്നു കുറച്ചുനേരം ചിത്രം ഉയർത്തിപ്പിടിച്ചു.
പ്രധാനമന്ത്രി കണ്ടില്ല. തുടർന്ന്, മറ്റൊരു കസേരയിൽ കയറി വീണ്ടും ശ്രമം.
ഇത്തവണ പ്രധാനമന്ത്രി കണ്ടു.
തുടർന്ന് പ്രസംഗത്തിനിടെ മോദി പറഞ്ഞു: ‘എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ കാണുന്നു. അവൻ എത്ര നേരമായി കൈ ഉയർത്തി നിൽക്കുന്നു.
നിന്റെ ചിത്രം എനിക്ക് തരൂ. ചിത്രത്തിന് പിന്നിൽ നിന്റെ അഡ്രസ് കൂടി എഴുതൂ, ഞാൻ നിനക്കു കത്തെഴുതാം.
ഈ കുട്ടിയുടെ സ്നേഹവും അനുഗ്രഹവും ഞാൻ സ്വീകരിക്കുന്നു. എനിക്കറിയാം, ചിലർ ഇതിനെ മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം എന്ന് പറഞ്ഞേക്കാം.
ഇത്തരം റീൽസ് ഉണ്ടാക്കുന്നവരുടെ പരിഹാസം ഞാൻ സഹിക്കും, പക്ഷേ, കുട്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചിത്രം അവഗണിക്കാൻ കഴിയില്ല’.
തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥ് പെരുന്താന്നി ശ്രീചിത്ര ലെയ്ൻ രുക്മിണി ഹൗസിൽ സി.എസ്.ശ്രീജിത്തിന്റെയും കനറാ ബാങ്ക് ഉദ്യോഗസ്ഥയായ രേഷ്മ ആർ.നായരുടെയും മകനാണ്.
മേയർക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക പരിഗണന; വി.വി.രാജേഷിനെ ആലിംഗനം ചെയ്ത് നരേന്ദ്ര മോദി
തിരുവനന്തപുരം∙ ബിജെപി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി.രാജേഷിന് പ്രത്യേക പരിഗണന നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ സ്വാഗത പ്രസംഗത്തിനു ശേഷം മേയർക്ക് പ്രസംഗിക്കാൻ അനുമതി നൽകി.
അതിനു ശേഷമാണ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷ പ്രസംഗം നടത്തിയത്.
രാജേഷ് പ്രസംഗം ഇംഗ്ലിഷിലാണ് തുടങ്ങിയത്. തിരുവനന്തപുരത്തിനു വേണ്ട
സഹായങ്ങളുടെ പട്ടികയും വികസന നിർദേശങ്ങളും വിവരിച്ച ശേഷമാണ് മലയാളത്തിലേക്കു മാറിയത്. ഉപഹാരം നൽകിയ രാജേഷിനെ പ്രധാനമന്ത്രി ആലിംഗനം ചെയ്തു.
ഡപ്യൂട്ടി മേയർ ജി.എസ്.ആശാ നാഥ് കാലിൽ തൊട്ടുവണങ്ങിയപ്പോൾ തിരികെ ആശാ നാഥിന്റെ കാലിൽ തൊട്ടുവണങ്ങാനും മോദി തുനിഞ്ഞു.
രാജേഷിന്റെ കൈകൾ പിടിച്ചുയർത്തി സ്റ്റേജിന്റെ മുന്നിലേക്കു കൊണ്ടുവന്ന് സദസ്സിനെ കൈകളുയർത്തിക്കാണിച്ചു. ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് വേദിയിൽനിന്ന് പ്രസംഗം കഴിഞ്ഞ് രാജേഷിന്റെ തോളിൽ കൈയിട്ട് ചേർത്തുപിടിച്ചാണ് രണ്ടാമത്തെ വേദിയിലേക്കു പ്രധാനമന്ത്രി നടന്നത്.
പ്രധാനമന്ത്രിക്ക് കൈമാറിയത് വികസനരേഖയുടെ കരട്: മേയർ
തിരുവനന്തപുരം∙ നഗരവികസന രേഖയുടെ കരട് മാത്രമാണ് ഇപ്പോൾ പ്രധാനമന്ത്രിക്ക് കൈമാറിയതെന്ന് മേയർ വി.വി.രാജേഷ് പ്രസംഗത്തിൽ വിശദീകരിച്ചു.
സത്യപ്രതിജ്ഞ കഴിഞ്ഞ് 10 ദിവസത്തോളം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ആയിരുന്നതിനാലാണ് പൂർത്തിയാക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരട് രേഖ പ്രധാനമന്ത്രിക്ക് കൈമാറി. ഫെബ്രുവരി മാസത്തിൽ നടക്കുന്ന വികസന കോൺക്ലേവിന് പിന്നാലെ പൂർണമായ വികസന രേഖ പ്രധാനമന്ത്രിക്ക് നൽകുമെന്നും അറിയിച്ചു.
വികസന രേഖ കൈമാറിയപ്പോൾ ജനങ്ങളിൽ നിന്ന് അഭിപ്രായ ശേഖരണം നടത്തി വികസന രേഖ പൂർത്തിയാക്കിയ ശേഷം നൽകിയാൽ മതിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

